എഡിറ്റോറിയൽ : അധ്യാപകർ -ആദരിക്കപ്പെടേണ്ടവർ | ബിൻസൺ കെ. ബാബു

ഒരു നല്ല അധ്യാപകൻ ഒരു മെഴുകുതിരി പോലെയാണ്,വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാകുന്ന അധ്യാപകർ”- മുസ്‌തഫ കമാൽ അത്താതുർക്ക്

ഇന്ന് ദേശീയ അധ്യാപകദിനം. ലോക അധ്യാപക ദിനം ഒക്ടോബർ 5 ന് ആഘോഷിക്കുന്നു, എന്നാൽ എല്ലാ രാജ്യങ്ങളും വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുന്നു.
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും അധ്യാപകനും തത്ത്വചിന്തകനും പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും കൂടിയായിരുന്ന ഡോ. സർവപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്. “അധ്യാപകർ രാജ്യത്തെ മികച്ച മനസ്സായിരിക്കണം” എന്ന വിലപ്പെട്ട ആശയമാണ് അദ്ദേഹം ഉയർത്തിപിടിച്ചിരുന്നത്.

1962 ൽ ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി വന്നപ്പോൾ, അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ സെപ്റ്റംബർ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാൻ അനുമതി തേടി അദ്ദേഹത്തെ സമീപിച്ചു. അവരുടെ ആവശ്യം അംഗീകരിച്ച് സമൂഹത്തിലെ അധ്യാപകരുടെ സംഭാവനകൾ തിരിച്ചറിയാൻ വേണ്ടി സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അങ്ങനെ 1962 സെപ്റ്റംബര്‍ 5 മുതൽ ഇന്ത്യയിലെ അധ്യാപക ദിനമായി ആചരിക്കുന്നു.

ഈ അധ്യാപകദിനത്തിൽ ഓരോ ഗുരുക്കന്മാരും നൽകുന്ന സേവനങ്ങൾ മറക്കാനാവാത്തതാണ്. അക്ഷരം പഠിപ്പിക്കുന്നതുമുതൽ ഉന്നത വിദ്യാഭ്യാസം നേടുന്നത് വരെ നമ്മെ പഠിപ്പിച്ച അധ്യാപകർ, ആത്മീയ ശിക്ഷണം നൽകിയ വേദാധ്യാപകർ, ചെറിയ വാക്കുകൾ കൊണ്ട്, പ്രോത്സാഹനം നൽകി മുന്നോട്ട് നയിക്കുന്നവർ തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയവരെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവരെല്ലാം തന്നെ നമ്മുടെ മികച്ച അധ്യാപകരായി നമ്മോടൊപ്പം നിന്നവരാണ്. ഈ കാലഘട്ടത്തിന്റെ ഇടയിൽ മാതൃകയാക്കപെടേണ്ട ഗുരുക്കന്മാരും ഏറെ ഉണ്ടാകും. ഈ അവസരത്തിൽ നമ്മുടെ ഒരു നന്ദി വാക്ക്, അല്ലെങ്കിൽ ഒരു ആദരവ് നമുക്ക് കൊടുക്കാൻ സാധിക്കുന്നുവെങ്കിൽ മഹത്തായ കാര്യമാണ്.

ഈ കോവിഡ് എന്ന മഹാമാരി ഏറെ വെല്ലുവിളികളാണ് ഉയർത്തികൊണ്ടിരിക്കുന്നത്. സ്കൂൾ, കോളേജുകൾ തുറക്കാൻ പറ്റാത്ത രീതിയിൽ പ്രതിസന്ധികൾ നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷം. ഒരുപക്ഷെ പഴയ കാലം പോലെ ആയിരുന്നെങ്കിൽ എല്ലായിടത്തും പ്രത്യേക ആഘോഷങ്ങൾ അധ്യാപക ദിനത്തിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ സമയത്തും അധ്യാപകർ വളരെ ആത്മാർത്ഥയോടെ അവരുടെ സേവനം കുട്ടികൾക്കുവേണ്ടി പ്രയോജനപെടുത്തികൊണ്ടിരിക്കുന്നു. അനേക പരിമിതികൾ ഇതിനുണ്ട് എങ്കിൽപോലും തങ്ങളെ ഏല്പിച്ച കുട്ടികളുടെ ഭാവിയാണ് വലുത് എന്ന് വിചാരിച്ച് ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നു. ഈ സാഹചര്യത്തിൽ കാണാൻ പറ്റിയില്ലെങ്കിലും നന്ദി വാക്കുകളിലൂടെ സ്നേഹം പ്രകടിപ്പിക്കുവാൻ നമ്മുക്ക് സാധിക്കട്ടെ. വിശുദ്ധ വേദപുസ്തകത്തിലെ സങ്കീർത്തനങ്ങൾ 32:8 ൽ പറയുന്നു, “ഞാൻ നിന്നെ ഉപദേശിച്ച് നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും ; ഞാൻ നിന്റെമേൽ ദൃഷ്ടിവച്ച് നിനക്ക് ആലോചന പറഞ്ഞു തരും.” ഇവിടെ കാണുവാൻ സാധിക്കുന്നത് നമ്മുടെ ദൈവം നമുക്ക് നല്ല അധ്യാപകന്റെ മോഡൽ ആയി പ്രവർത്തിക്കുന്നു എന്ന് അനുഭവത്തിലൂടെ പറയാൻ കഴിയുന്നത് പോലെ ഏതൊരു അധ്യാപകനും നല്ല വഴി കാണിച്ചു കൊടുക്കുന്നവരും, കുട്ടികൾക്ക് നല്ല നിർദ്ദേശങ്ങൾ കൊടുക്കുന്നവരുമാണ്.

പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും ജീവിതത്തിന്റെയും നല്ല പാഠങ്ങൾ പകർന്നു തന്ന എല്ലാ അധ്യാപകർക്കും സ്നേഹാഭിവാദ്യങ്ങൾ…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like