ചെറു ചിന്ത : ധൂർത്ത പുത്രൻ ഒരു പുനർവായന (ഭാഗം -4) | ബോവസ് പനമട

 

ഈ വയലുകൾക്ക് നടുവിലെ ഭവനത്തിലേക്ക് താമസം മാറിയിട്ട് നാളുകളായി.കുറുനരികളുടേയും മറ്റ് ക്ഷുദ്രജീവികളുടെയുമെല്ലാം വിഹര കേന്ദ്രമായിരുന്ന ഇവിടം. നൂറ് മേനി വിളവ് നൽകാൻ പാകത്തിന് നിലം പരുവപ്പെടുത്തിയെടുക്കുന്നതിൽ. തന്നോട് ചേർന്ന് അക്ഷീണം അധ്വാനിച്ച വേലക്കാരും., കൂലിക്കാരും.. ഓർമ്മവെച്ച കാലം മുതൽ അയാൾ കണ്ടു വളർന്ന കാര്യസ്ഥൻ എലയാസർ. എന്നോ ഒരു നാൾ ഒരു അനാഥബാലനായി വീട്ടിൽ വന്ന് കയറിയതാണ്. പിതാവിന് അയാൾ ഞങ്ങൾ മക്കളിൽ ഒരുവൻ തന്നെ ആയിരുന്നു.. ഇപ്പോഴിതാ ഇവിടെ ഈ മലഞ്ചെരുവകളിൽ തന്നോടൊത്ത്.. തൻ്റെ ഭവനത്തിൻ്റെ അഭ്യുദയത്തിനായി അനുദിനം അധ്വാനിക്കുന്നു… ബെഞ്ചമിൻ ഓർത്തു..
എല്ലാ ഉയർച്ചതാഴ്‌ച്ചകളിലും യജമാനനോട് ചേർന്ന് നിൽക്കാൻ സ്വയം സമർപ്പിക്കപ്പെട്ട ഒരടിമ..വി മോചനത്തിൻ്റെ കാഹളധ്വനി കാതുകളിൽ കേട്ടയാൾ’.. പിതാവ് ഷിമയോൺ. പലവട്ടം പറഞ്ഞിട്ടും സ്വയം ത്യജിച്ച്.കൂടെ നിന്ന യജമാനസ്നേഹി.മനസില്ലാ മനസോടെയാണെങ്കിലും അയാളുടെ കരിങ്കല്ല് പോലെ ഉറച്ച തീരുമാനത്തിൻ്റെ മുന്നിൽ.വിമോചനത്തിൻ്റെ സുവർണ്ണ കാഹളം മുഴങ്ങിയ യോവേൽ സംവത്സരത്തിൽ.ഷിമയോന് ആ കൃത്യം നിർവഹിക്കേണ്ടി വന്നു .കൂർപ്പിച്ച കൽക്കത്തിയിൽ പുരണ്ട തൻ്റെ പ്രിയ വേലകാരൻ്റെ ചുടുനിണം. അയാളുടെ കണ്ണുകളെ ഈറന്നണീച്ചു.കാലം കടന്നു പോയി ഇപ്പോഴിതാ തനിക്ക് വേണ്ടിയും പ്രായംമറന്ന് വേലചെയ്യുന്ന എലയാസർ എന്ന വിശ്വസ്ത ദാസൻ്റെ.. പുറംചെവിയിലെ ആ സുക്ഷിരങ്ങൾ മൂകമായി മന്ത്രിക്കുന്നു..യജമാനനെ അടിയനെന്നും മരണംവരെ അങ്ങേക്ക് അടിമ…
കർത്താവിൻ്റെ കൃപാകടാക്ഷത്താൽ ബെഞ്ചമിൻ്റെ ഭവനം സമ്പൽ സമൃദമായി കൊണ്ടിരുന്നു. ആടുമാടുകൾ, ദാസീദാസൻമാർ, വേലക്കാർ., കൂലിക്കാർ. ‘മനോഹരമായ കൃഷിയിടങ്ങളിൽ.ഗോതമ്പും. യവവും, ചോളവും, ബാർലിയും നോക്കെത്ത ദൂരത്തോളം സ്വർണ്ണ വർണ്ണം തൂകി കാറ്റിലാടുന്നു. ഒരു ഭാഗത്ത് ഒലിവ് തോട്ടങ്ങൾ, അതിനക്കരെ കൈത്തോടിന് ഓരം ചേർന്ന് പുൽമേടുകൾ. അതിൽ യഥേഷ്ടം മേഞ്ഞ് നടക്കുന്ന കന്നുകാലികൾ.. അത്തിയും. പൈൻ മരങ്ങളും. ദേവദാരുക്കളും അതിരിടുന്ന വിശാല കാർഷിക ഭൂമിക പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമി…
പല പെസഹാകൾ കഴിഞ്ഞു പോയി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈജിപ്തിൽ അടിമവേല ചെയ്യ്ത പൂർവ്വികർ. അടിമ നുകം തകർത്ത് യഹൂദ ദേശീയതക്ക് അടിസ്ഥാനമിട്ട്. ഒരുമിച്ചൊരു സംഘടിത ശക്തിയായി മാറിയ സവിശേഷ ജനത.. അവരെ മരുഭൂമിയിലൂടെ അത്ഭുതകരമായി നടത്തിയ രാഷ്ട്രപിതാവായ മോസസ്…. സംഭവബഹുലമായ, ആ യോരു പൗരാണിക സംസ്കൃതി.. അതിൻ്റെ ഓർമ്മപ്പെടുത്തലുകളുടെ അടയാളമായി ഇന്നും ദേശീയ പഞ്ചാങ്കത്തിലെ ആബീബ് മാസാരംഭത്തിൽ തന്നെ. നാടൊട്ടാകെ ഘോഷിക്കപ്പെടുന്ന പെസഹ പെരുന്നാൾ.ആചാരങ്ങളുടെ ഭാഗമായി അറുക്കപ്പെടുന്ന അംഗഭംഗമില്ലാത്ത ആൺ ആട്ടിൻകുട്ടികൾ. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവിഭാഗത്തിൻ്റെ അതിജീവനത്തിൻ്റെ കഥ പറയുന്ന ഉത്സവങ്ങൾ. കേവലം ആഘോഷങ്ങൾ എന്നതിലുപരി പിന്നിട്ട വഴികളിൽ വെളിപ്പെട്ട മഹാ ദൈവത്തിൻ്റെ കരുത്തുറ്റ കരുതലിൻ്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്

ഒരിക്കൽ ജറുസലേമിൽ.കൂടാര പെരുന്നാൾ ആചരണം കഴിഞ്ഞ് വർത്തക സംഘങ്ങളോടൊരുമിച്ച് മടങ്ങിവരുമ്പോൾ. വഴിയരികിലേ ഒരു സിനഗോഗിൽ ബെഞ്ചമിനും സംഘവും അൽപ്പസമയം വിശ്രമിച്ചു.

തൻ്റെ കൊച്ചുഗ്രാമത്തിലും ഒരു മനോഹരമായ സിനഗോഗ് പണികഴിപ്പിക്കണം. അവിടെയിരുന്നു കൊണ്ട് അയാൾ മനസിൽ പള്ളിയുടെ പണിയാരംഭിച്ചു.

താമസിയാതെ അയാളുടെ വിശാലമായ കൃഷിയിടത്തിൽ പട്ടുപാതയുടെ ഓരം ചേർന്ന് രാജ നഗരിക്കഭിമുഖമായി ചേതോഹരമായ ഒരു സിനഗോഗ് ഉയർന്നു. ആ കൊച്ചു ഗ്രാമത്തിലെ എല്ലാവർക്കും ശാബത്ത് ദിനം കൂടിവരത്തക്ക നിലയിലായിരുന്നു അതിൻ്റെ സ്ഥാനം. (ഒരു ശബത്ത് വഴി ദൂരം) ബെഞ്ചമിനെയും കുടുംബത്തെയും വഹിച്ച് ആ കൊച്ച് ജീവിതനൗക ഓളപ്പരപ്പുകളെ വകഞ്ഞ് മാറ്റി ഉലക സാഗര പരപ്പിലൂടെ മുന്നേറികൊണ്ടിരുന്നു… വർഷവും വസന്തവും ജീവിതപൂവാടിയെ പുണർന്ന് കടന്നു പോയി. അവരുടെ ദാമ്പത്യപൂവല്ലരിയിൽ നവകുസുമങ്ങൾ മൊട്ടിട്ടു. ആ ഭവനത്തിൻ്റെ അകത്തളങ്ങളിലാകമാനം കുതുഹലത്തിൻ്റെ നാനവർണ്ണങ്ങൾ വാരിവിതറികൊണ്ട് ആ ശുഭ വർത്താനം കാതുകളിൽ നിന്ന് കാതുകളിലേക്ക് കാറ്റിൻ്റെ കരത്തിലേറി പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു.
തനിക്ക് ഒരു സന്തതി കൂടി പിറവിയെടുക്കാൻ പോകുന്നതിൽ ബെഞ്ചമിൻ വളരെ സന്തോഷിച്ചു. മൂത്ത മകൻ തൻ്റെ കുഞ്ഞനുജനെ കാണാൻ കാത്തിരുന്നു. ബെർഷേബാ നിറവയറും താങ്ങി നടക്കുമ്പോഴും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള കിനാവുകളിൽ മുഴുകി..
പ്രസവത്തിനുള്ള സമയം അടുത്തടത്ത് വരുംതോറും ബെഞ്ചമിൻ്റെ മനസിൻ്റെ കോണിലെവിടെയോ അകാരണമായ ഒരു ആകുലതയും അശുഭകരമായത് എന്തോ “? ഭവനത്തിൽ സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉള്ളിൽ
കലശലായി കൊണ്ടിരുന്നു..
പുറമെ സന്തോഷവാനായി കാണപ്പെട്ടു എങ്കിലും അന്തരാത്മാവ് ശോകമൂകമായിരുന്നു….
ഒരു ദിവസം പതിവില്ലാതെ അയാൾ സിനഗോഗിലേക്ക് നടന്നു. എന്തോ വലിയ ഒരു ആപത്ത് വരാൻ പോകുന്നു എന്ന് മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അയാൾ സിനഗോഗിനുള്ളിലിരുന്ന് ജറുസലേം ദൈവാലയത്തിൻ്റെ അതി പരിശുദ്ധ സ്ഥലത്തിന് അഭിമുഖമായി വരുന്ന രീതിയിൽ മുഖമുയർത്തി….
ആവലാതികൾ’….
ആഗ്രഹങ്ങൾ:….
ആവശ്യങ്ങൾ….
ആദ്യശ്യ ദൈവമായ യഹോവയുടെ തൃപ്പാദങ്ങളിൽ അർപ്പിച്ച് അരുളപ്പാടു കൾക്കായി കാതോർത്തു.
അലയടിച്ചുയരുന്ന ആഴിയുടെ നടുവിലും അനിതരസാധാരണമായ ആത്മസന്തോഷത്തിൻ്റെ ആഴങ്ങൾ അയാൾ അന്തരങ്കത്തിൽ അനുഭവിച്ചറിയുകയായിരുന്നു..
പ്രതിബന്ധങ്ങളെ അഭിമൂഖികരിക്കാൻ ആവശ്യമായ ഉൾക്കരുത്ത് പ്രാർത്ഥനയിലൂടെ അയാൾ ആർജിച്ച് കഴിഞ്ഞിരുന്നു…
അനിർവചനീയമായ അനുഭൂതിയിൽ അറാടി പരിസരം മറന്നയാൾ ഏറെ നേരം സിനഗോഗിൽ ഇരുന്നു..

യജമാനന്നെ….. ഓടി കിതച്ച് വന്ന ഒരു വേലക്കാരൻ്റെ നീട്ടിയുള്ള വിളി അയാളെ സുബോധത്തിലേക്ക് തള്ളിയിട്ടു.

യജമാനന്നേ….. വേഗം വിട്ടിലേക്ക് വന്നാലും….
യജമാനത്തിക്ക് ഈറ്റുനോവ് തുടങ്ങിയിരിക്കുന്നു. വന്നയാൾ ഭവ്യതയോടെ കാര്യമവതരിപ്പിച്ചു…
ബെഞ്ചമിൻ സമിശ്രവികാരത്തോടെ വേഗം വീട്ടിലേക്ക് ഓടി
ബേർഷേബക്ക് പേറ്റ്നോവ് തുടങ്ങിക്കഴിഞ്ഞിരുന്നു. സുധുകർ മിണ്ണികൾ. കർത്തവ്യ നിരധരായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ബെഞ്ചമിനും എലയാസറും മറ്റും അക്ഷമരായി മുറിയുടെ പുറത്തെ ഇടനാഴിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു….

സമയം ആമയെ പോലെ ഇഴഞ്ഞു നീങ്ങുന്നതായി അയാൾക്ക് തോന്നി ഉൾ മുറിയിൽ നിന്നും ദീനരോധനങ്ങളും ഞരക്കങ്ങളും അന്തരീക്ഷത്തെ കൂടുതൽ ശോക സാന്ദ്രമാക്കി കൊണ്ടിരുന്നു.
പെട്ടെന്ന് ദിക്കുകളെ നടുക്കി ഒരു നീണ്ട അലർച്ച…..
ബെഞ്ചമിനും കൂട്ടരും നടുങ്ങി വിറച്ചു:..തുടർന്ന് രംഗം ശാന്തമായി എങ്കിലും ഒരു പിഞ്ചു കുഞ്ഞിൻ്റെ കരച്ചിലിനെ മറികടന്ന് വയറ്റാട്ടികളുടെ കോലാഹലങ്ങൾ ഉയർന്നു കേൾക്കാമായിരുന്നു..
അടഞ്ഞുകിടന്ന മുറിയുടെ അകത്ത് നടക്കുന്ന സംഭവങ്ങൾ അറിയാൻ കഴിയാതെ ബെഞ്ചമിൻ ഉത്കണ്ഡാകുലനായി.പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു… ഇറങ്ങി വന്ന സ്ത്രീയുടെ കൈയിൽ ഒരു ചോരക്കുഞ്ഞ് . അവളുടെ കൈകൾ വിറയാർന്നിരുന്നു.. ഭയം നിഴലിക്കുന്ന കണ്ണുകൾ… അവൾ എന്തോ പറഞ്ഞവതരിപ്പിക്കാൻ വാക്കുകൾക്ക് വേണ്ടി തപ്പിതടയുന്നുണ്ടായിരുന്നു…
എന്തു പറ്റി….. ബെഞ്ചമിനെയും മറ്റുള്ളവരുടെയും നാവുകൾ ഒന്നിച്ചു ചലിച്ചു…

…. ഞങ്ങൾ പരമാവധി ശ്രമിച്ചു:…
കൈവിട്ടു പോയി ….. വാക്കുകൾ മുഴുപ്പിക്കാൻ ആ സ്ത്രീക്കായില്ല….
അവൾ വാവിട്ട് നിലവിളിച്ചു പോയി …

അപകടം തിരിച്ചറിഞ്ഞ ബെഞ്ചമിൻ ‘ഒരു കൊടുങ്കാറ്റ് പോലെ ഉൾമുറിയിലേക്ക് ഓടി പുറകെ ചിലരും…..
തൻ്റെ പ്രിയതമയുടെ ചേതനയറ്റ ശരീരത്തിനരികിലേക്ക് അർദ്ധബോധാവസ്ഥയിൽ ഒരു അലർച്ചയോടെ അയാൾ കുഴഞ്ഞു വീണുകഴിഞ്ഞിരുന്നു…..
പുറത്ത് ആകാശ മണ്ഡലം കരിമുഖിലണിഞ്ഞു ശക്തമായ ഒരു കൊടുങ്കാറ്റ് വൃക്ഷങ്ങളെ കശക്കിയെറിഞ്ഞു…. ഗോശാലകളിൽ നിന്ന്കന്നുകാലിക ളുടെ മുക്രകളുയർന്നു’….
വയലുകൾക്ക് നടുവിലെ ആ സ്നേഹഭവനത്തിൽ. ഒരു പിറവിയുടെ സന്തോഷ സുദിനത്തെ വിയോഗത്തിൻ്റെ കരിമ്പടം വിഴുങ്ങി കഴിഞ്ഞിരുന്നു.

ബോവസ് പനമട
(തുടരും)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.