ലേഖനം: നീയും അങ്ങനെതന്നെ ചെയ്ക | സുരേഷ് ജോൺ, ചണ്ണപ്പേട്ട
നല്ല ശമര്യാക്കാരന്റെ കഥ കേട്ടിട്ടില്ലേ..കെട്ടകാലമെന്ന് പലരും വിളിക്കുന്ന ഈ കോവിഡിയൻ കാലഘട്ടത്തിൽ പ്രസക്തിയേറെയുണ്ട് ആ കഥയ്ക്ക്.. സകലതും കവർന്നെടുത്ത് അർദ്ധപ്രാണനായി വിട്ടേച്ചുപോകുന്ന കള്ളന്മാരുടെ സ്‌ഥാനത്ത് ഒരു ചെറിയ വൈറസ് എന്നുമാത്രമേ ഇവിടെ വ്യത്യാസമുള്ളൂ.
മുന്നോട്ടുപോകാൻ ത്രാണിയില്ലാതെ വഴിമധ്യേ തളർന്നുകിടക്കുന്ന,ആലംബഹീനരായ,ആശയറ്റവരായ ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്..അഭിമാനത്തിന്റെ പേരിൽ പലരും പറയുന്നില്ല എന്നതുകൊണ്ട് പലതും നാം അറിയുന്നില്ല എന്നതാണ് വാസ്തവം .സഹായിക്കുമെന്ന് അവർ കരുതുന്ന പലരും വഴിമാറി കടന്നുപോയിരിക്കാം.
ദൈവത്തെ സേവിക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണ ശക്തിയും പൂർണ്ണഹൃദയവും പൂർണ്ണമനസ്സും നമുക്കുണ്ടാവാം..പക്ഷെ യേശു അതിനോട് തുല്യമായി പഠിപ്പിച്ച “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്നത് നാം പലപ്പോഴും മറന്നു കളയുന്നു..”ഈ ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എനിക്കാകുന്നു ചെയ്തത് “എന്നത്, സ്വന്തം ചിലരെ ചിലപ്പോഴൊക്കെ സഹായിക്കുന്നതിൽ മാത്രം നാം ഒതുക്കുന്നു..പ്രവർത്തിയില്ലാത്ത വിശ്വാസം മൂലം ക്രിസ്തുസ്നേഹത്തിലേക്ക് പലരും കടന്നുവരാൻ നാമൊരു തടസ്സമാകുന്നു.. നമ്മിൽനിന്ന് ക്രിസ്തുവിന്റെ ഭാവമൊന്നും വായിക്കുവാൻ കഴിയാതെ പലരും ലോകത്തിലേക്ക് പിന്തിരിഞ്ഞു പോകുന്നു.
ഇതിനുമുന്നിൽ ഒരു ക്രിസ്തുശിഷ്യന് എന്തുചെയ്യുവാൻ കഴിയും? ഉത്തരം ലളിതമാണ്..
നാമൊരു ശമര്യാക്കാരനാകുക..
ഈ പകർച്ചവ്യാധി നമ്മെയും ബാധിച്ചിട്ടുണ്ട് എന്നതൊരു യാഥാർഥ്യമാണ്..പക്ഷെ ഇവിടെ നാം വ്യത്യസ്തരാകണം.നമുക്ക് തുല്യമായി ക്രിസ്തു കരുതുന്ന നമ്മുടെ അയൽവാസിയിലേക്ക്,കൂട്ടുകാരിലേക്ക് നമ്മുടെ കണ്ണുകൾ എത്തണം.
ആശ്വാസത്തിന്റെ ഒരു വാക്ക്..,ഒരു ചെറിയ കൈത്താങ്ങൽ…,പ്രാർഥനയുടെ ഒരു കൂട്ടായ്‌മ..ചിലർക്കത് മതിയാകും.
ഇതൊരു സ്വയം തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും കാലമാകട്ടെ..
സുരേഷ് ജോൺ, ചണ്ണപ്പേട്ട