ചെറു ചിന്ത : ധൂർത്ത പുത്രൻ ഒരു പുനർവായന(ഭാഗം -3) | ബോവസ് പനമട

അങ്ങകലെ…. ഗലീല കടലിൻ്റെ ഓരം ചേർന്നൊരു കൊച്ചുഗ്രാമം.ബദ്സൈഥാ. ആ നാട്ടിൽ സർവ്വ ഐശ്വര്യങ്ങളോടെ ജീവിതം പുലർത്തിയിരുന്ന ഒരു വലിയ കുടുംബം.ഗൃഹനാഥൻ റബി ഷിമയോൺ..ഒരു നാട്ടുപ്രമാണിയും. അവിടുത്തെ സിനഗോഗിൻ്റെ മേൽ നടത്തിപ്പുകാരനും ആയിരുന്നു. സഹധർമ്മിണി ശോശന്ന. യഹോവയുടെ അനുഗ്രഹത്താൽ എല്ലാ നിലയിലും സംമ്പന്നമായിരുന്ന ആ ഭവനത്തിൽ എന്നും ആനന്ദം അലയടിച്ചു.പൊതുസമൂഹം ഭയ ബഹുമാനത്തോടെമാത്രം എന്നും നോക്കി കണ്ടിരുന്ന ആ ഭവനത്തിൻ്റെ അകത്തളങ്ങളിൽ നിന്നും രാപ്പകൽ ഉയർന്നു കേട്ടിരുന്നത്. തോറായും, കെതുബീമുമെല്ലാമായിരുന്നു…. അതങ്ങനെ.. ഗ്രാമ വീഥികളിലൂടെ ആരാധാനാ ഗീതങ്ങളായി ഒഴുകി പടർന്ന്’ സന്ധ്യായാമങ്ങളെ ഭക്തി സാന്ദ്രമാക്കിയിരുന്നു. ഗന്നേ സരേത്ത് തടാകത്തിൻ്റെ ഓളങ്ങൾ അത് ഏറ്റു പാടി.വേല കഴിഞ്ഞ് വലയും പടകും കഴുകുന്ന മുക്കുവൻമാർക്ക്. അതൊരു ഊർജ്ജ പ്രവാഹമായിരുന്നു. അസ്തമയത്തിനു മുമ്പ് കൂടണയാൻ ക്രമത്തിൽ പറന്നകലുന്ന കൊക്കും. മീവൽ പക്ഷിയും അതു ശ്രവിച്ചുവോ…?
പല പണികളിൽ ഏർപ്പെട്ടവരും. കവലകളിൽ മെനക്കെട്ട് നിന്നിരുന്നവരും. ഇതു കേട്ട് കൊണ്ട്. അവരുടെ കൂരകളിലേക്ക് മടങ്ങുകയായി…..!
ഏഴ് മക്കളും മാതാപിതാക്കളും ഉൾപ്പെട്ട. ആ കുടുംബത്തിൽ ‘പിതാവായ ഷിമയോനോട് ചേർന്ന്.ആ ഭവനത്തിൻ്റെ നാനാവിധ പുരോഗതിക്കായി. കൈകോർത്ത് അദ്ധ്വാനിച്ചു വന്ന മൂത്തമകൻ. ഇളയ സഹോദരി സഹോദരൻമാർക്ക് അയാൾ പിതാവിനെ പോലെ തന്നെയായിരുന്നു.
കാലത്തിൻ്റെ കടന്നു പോക്കിൽ യൗവ്വനത്തിലേക്ക് കടന്ന അയാൾ. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഷിമയോൻ്റെ ചാർച്ചക്കാരനും. വ്യാപാരിയുമായ ജെറോമിയായുടെ ഏകപുത്രി.. ശാലീന ചാരുതയ്ക്ക് ഉത്തമോദാഹരണം….
മണി കിലുക്കം പോലെ മഞ്ചുളമായ വാണിമാധുരി…..
മോഹനമായ വദനകാന്തി’…..
പവിഴ നിറമാർന്ന സുനേത്രസുന്ദരി…
.രൂപലാവണ്യത്തെക്കാൾ ഉപരി ആത്മീക പക്വതയിൽ വളർത്തപ്പെട്ട വിവേകമതിയായ ഒരു കോമളാങ്കി……..
ബേർഷേബാ…. മാനത്തു വിരിഞ്ഞ മാരിവില്ലിൻ ഏഴഴകു പോലെ….
ഹരിതവമാർന്ന യഹൂദാ മല ഞ്ചെരുവുകളിൽ മേഞ്ഞ് നടക്കുന്ന ചെറു പേടമാനിൻ കുട്ടികളെ പോലെ…..
‘പർവ്വത മേലാപ്പിൽ പെയ്തിറങ്ങുന്ന നീഹാരത്തിൻ്റെ നൈർമല്ല്യതയോടെ…
വീടിനും നാടിനും അഭിമാനമായി മാറിയവൾ.. മംഗല്ല്യ പുടവയണിഞ്ഞ്.ഷിമയോൻ്റെ ഗൃഹത്തിലെക്ക് വലതു കാൽപാദമെടുത്തുവെച്ചു. അങ്ങകലെ.. മഹാരാജാവിൻ്റെ നഗരമായ ജെറുസലേമിൽ.വിശ്വ മനോഹരമായ. ദൈവാലയത്തിൻ്റെ അകതളത്തിൽ നിരന്തരം ഒളിവിതറുന്ന. കവരവിളക്കിലെ അണയാത്ത ദീപസമം.. ആ. തരുണി മണി വന്നു കയറിയ ഭവനത്തിൽ വെൺപ്രഭ വിതറിനിന്നു..
സംവത്സരങ്ങൾ പോയി മറഞ്ഞു. അല്ലലറിയാത്ത അവരുടെ ദാമ്പത്യ ജീവിതത്തിൽ. കടിഞ്ഞൂൽ പുത്രൻ പിറന്നു.ഇതിനിടയിൽ ചില സഹോദരൻമാരുടെയും വിവാഹം കഴിഞ്ഞിരുന്നു.. ആ ഭവനം അംഗങ്ങളെ മുഴുവൻ ഉൾകൊള്ളാനാകതെ വീർപ്പുമുട്ടി..
കോഴി തൻ്റെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിക്കുന്നതു പോലെ.. കാലം കരുതിവെച്ച അനിവാര്യത ആ വീടിൻ്റെ അകത്തളങ്ങളിൽ വിഭാഗിയതയുടെ വിളളലുകൾ വീഴിച്ചു.

പ്രായാധിക്യത്താൽ കണ്ണു മങ്ങി തുടങ്ങിയ.ഷിമയോൺ തൻ്റെ കട്ടിലിലിരുന്ന്. വിറയാർന്ന ശബ്ദത്തി ൽ വിളിച്ചു……
…..ബെഞ്ചമിൻ’ ‘……. മകനെ ബെഞ്ചമീനെ’……
പതിറ്റാണ്ടുകളായുള്ള ശീലം.. യജമാനൻ്റെ വിളിക്ക് കാതോർത്തു നിൽക്കുന്ന ഭൃത്യനെ പോലെ അയാൾ അപ്പൻ്റെ അരികിലേക്ക് ഓടിയെത്തി:…
പിതാവിൻ്റെ ശുഷ്ക്കിച്ച ഹസ്തങ്ങളിൽ പിടിച്ച് ‘.. അയാൾ അപ്പൻ്റെ ആജ്ഞക്കായി ചെവി കൂർപ്പിച്ചു…
… മകനെ നീയും കുടംബവും.മല ഞ്ചെരുവിലെ നമ്മുടെ വിശാലമായ കൃഷിഭൂമിയിൽ നിനക്കൊരു ഗൃഹം പണിത് വൈകാതെ അങ്ങോട്ട് താമസം മാറ്റണം:….
പൂർവ്വികരിലൂടെ കൈമാറി കിട്ടിയ കാർഷികഭൂമി. അതിൻ്റെ കിഴക്ക് ദിക്കിലൂടെ’.കെയ്റോയിൽ നിന്നു ദമസ്സ്ക്കാസു വഴി ഹിന്ദുദേശം കടന്ന് കാബൂൾ മലകൾ താണ്ടി ചീനവരെ നീളുന്ന വ്യാപാരപാത:…. സഞ്ചാരികളുടെ നിലയ്ക്കാത്ത കുതിരക്കുളമ്പടി ശബ്ദം ആ രാജ വീ ഥിയെ സജീവമാക്കിയിരുന്നു .വിദൂര നാടുകളിലേക്ക് പോകുന്ന ‘വണിക്കുകളുടെ. ഒട്ടക നിരകൾ…
അതങ്ങനെ…. ..മുതുകിൽ ഭാണ്ഡകെട്ടുകളും പേറി തലയുയർത്തിപ്പിടിച്ച് ഒരേ താളത്തിൽ കടന്നു പോകുന്നത് പതിവായിരുന്നു…
കൃഷിഭൂമിയാണെങ്കിലും. സ്ഥലത്തിൻ്റെ ഭൂരിഭാഗങ്ങളും പാഴ്നിലമായിരുന്നു…ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി. പിതാവിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അയാളും കുടുംബവും തയ്യാറായി… ആദ്യമായി വിശാലമായപറമ്പിൻ്റെ ഒത്ത നടുവിലായി ഒരു ഭവനം പണിതു.
ഒട്ടകപ്പുറത്ത് അത്യാവശ്യ വീട്ടു സാമാനങ്ങളും. കോവർകഴുതപ്പുറത്ത്. സഹധർമ്മിണിയും മകനും. ഏതാനും ചില വേലക്കാരുമായി.അയാൾ അങ്ങോട്ട് താമസം മാറ്റി. ഈ കണ്ട സൗഭാഗ്യങ്ങളെല്ലാം കരുപ്പിടിപ്പിക്കുന്നതിന് തൻ്റെ തോളോട്തോൾ ചേർന്നു നിന്ന് അഹോരാത്രം അധ്വാനിച്ച. മൂത്ത പുത്രൻ. ഈ വാഗ്ദത്ത ഭൂമിയിൽ… പൂർവ്വപിതാക്കൻമാർക്ക് അളവ് നൂൽ വീണു കിട്ടിയ മനോഹര ദേശത്ത്’.തൻ്റേതായ ഒരു ഗൃഹം പണിയാൻ പുറപ്പെടുന്നത്. ഷിമയോൺ നിറമിഴികളോട് നോക്കി നിന്നു.
പാതി കൂമ്പിയ നയനങ്ങളോടെ’…..
വിരിച്ചു പിടിച്ച പാണികളോടെ’……
വിറയാർന്ന അധരങ്ങളോടെ ‘.’…… നുറുങ്ങിയ ഹൃദയത്തോടെ’ ‘……..
അന്തരാത്മാവിലെ ഞരക്കങ്ങൾ പദങ്ങളായി പുറത്തേക്ക് വന്നു കൊണ്ടിരുന്നു…….
മെസപ്പൊട്ടോമിയയിൽ നിന്ന് പിതാമഹനായ അബ്രാഹാമിനെ വിളിച്ചിറക്കി കാണിപ്പാനിരിക്കുന്ന പാലും തേനും ഒഴുകുന്ന കനാനിലേക്ക് .നടത്തിയ ദൈവമേ.’..
യിസഹാക്കിനെ നൂറ് മേനി അനുഗ്രഹിച്ച യഹോവയാം ദൈവമേ …..
ദൂതനോട് മൽപ്പിടത്തം നടത്തി അവകാശങ്ങൾ പിടിച്ചു വാങ്ങിയ യാക്കോബിൻ്റെ’. ഉടയവനേ…….
സഹോദരൻമാരാൽ തള്ളപ്പെട്ട യോസേഫിനെ ഉയർത്തിയ … ശാശ്വത പാറയാം കർത്താവേ ……
മോശയോട് കൂടെ ഇരുന്നതു പോലെ നിൻ്റെ തിരുസന്നിദ്ധ്യം അവരോട് കൂടെ പാർക്കണമേ..’…..

പിതാവിൻ്റെ ആശീർവാതങ്ങൾ ശിരസിൽ ഏറ്റുവാങ്ങി’. ഒരു ചെറു കൂട്ടമായി.തൻ്റെയും കുടുംബത്തിൻ്റെയും ശിഷ്ടജീവിതം സുരഭിലമാക്കാൻ ഉറച്ച കാൽവെപ്പുകളോടെ അയാൾ തൻ്റെ കർമ്മ ഭൂമിയിലേക്ക് പ്രവേശിച്ചു.. ഒരായിരം കിനാവുകൾ മനസിൽ പൂമ്പാറ്റകളെ പോലെ പാറികളിക്കുന്നുണ്ടായിരുന്നു…

അയാൾ ചുറ്റുപാടുകളെ ആകെയൊന്ന് വീക്ഷിച്ചു … മുള്ളും പറക്കാരയും പാഴ്ചെടികളും നിറഞ്ഞു വളരുന്ന ഈ സ്ഥലം.. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന പറഞ്ഞ കാലേബിനെ പോലെ അയാൾ അടുത്തുകണ്ട ഒരു പാറയുടെ മുകളിൽ കയറി നെഞ്ച് വിരിച്ചു നിന്നു ഹെർമോന്യമലനിരകളെ തഴുകി വന്ന ഒരു കുളിർ തെന്നൽ അയാളെ തലോടി കടന്നു പോയി …. എങ്ങുനിന്നോ തൻ്റെ അത്മാവിലേക്ക് അരിച്ചിറങ്ങുന്ന’ ആത്മവിശ്വാസത്തിൻ്റെ നിലയ്ക്കാത്ത ഉർജ്ജ പ്രവാഹം… ദിവാകരൻ കർമ്മേൽ പർവ്വതശിഖരങ്ങൾക്കിടയിലൂടെ മദ്ധ്യധരണിയാഴിക്കുമപ്പുറം മറയാൻ തുടങ്ങുന്നു. പക്ഷികൾ ചേക്കേറാൻ വേഗം പറന്നകലുന്നു… അയാൾ വിശ്രമത്തിനായി തൻ്റെ പുതിയ വാസഗേഹത്തിലേക്ക് കടന്നു….
പുതിയ പുലരിയെ പ്രതീക്ഷിച്ച് മകനെ തന്നോട് ചേർത്ത് നിർത്തി. സഹായം വരുന്ന പർവ്വതത്തിലേക്ക് കണ്ണുകളുയർത്തി…..
… യഹോവ വീട് പണിയാതിരുന്നൽ…
പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു…

….ബോവസ് പനമട…….. (തുടരും)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.