വത്തിക്കാൻ: സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദിതീയൻ പാത്രിയർക്കീസ് ബാവ വത്തിക്കാനിലെ ഔദ്യോഗിക വസതിയിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
സിറിയയിലെ ക്രിസ്ത്യാനികളുടെ നിലവിലെ അവസ്ഥയെ കുറിച്ചും സിറിയക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം സിറിയൻ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും ബാവ സംസാരിച്ചു. വത്തിക്കാനിലെ അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗിച്ചു നിലവിലെ ഉപരോധം നീക്കുന്നതിനു സഹായിക്കാൻ ബാവ ഫ്രാൻസിസ് മാർപാപ്പയോട് അവശ്യപ്പെട്ടു.
ഭീകരർ തട്ടി കൊണ്ടുപോയ ആലപ്പോയുടെ ആർച്ചു ബിഷപ്പുമാരായിരുന്ന പൗലോസ് യാസിജിയുടെയും മോർ ഗ്രിഗോറിയോസ് യൂഹന്ന ഇബ്രാഹിം എന്നിവരെ കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ തുടരണം എന്ന് മാർപാപ്പയോട് അഭ്യർത്ഥിച്ചു.
ഈസ്റ്റർ അഘോഷിക്കുന്ന ദിനത്തേക്കുറിച്ചു ഇരുവരും ചർച്ച നടത്തി. ഈ വിഷയത്തിന്റെ പ്രാധാന്യം ഉൾകൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ബാവ പറഞ്ഞു. ക്രിസ്ത്യാനികളുടെ ഐക്യത്തിനും പൊതു സാക്ഷ്യത്തിനും പ്രാധാന്യമുള്ളതിനാൽ ഈ വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ടു സുറിയാനി ഓർത്തഡോക്സ് സഭ മുമ്പോട്ടു പോകുമെന്ന് ബാവ കൂട്ടിച്ചേർത്തു.
യോഗാവസാനം ഇരുവരും മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികൾക്കു വേണ്ടി പ്രാർത്ഥിച്ചു. മോർ യുസ്തിനോസ് പൗലോസ് മെത്രാപ്പോലീത്ത, മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത എന്നിവർ ബാവായെ അനുഗമിച്ചു.



- Advertisement -