ഭാവന: ആത്മീയ ലോകത്തെ വാക്സിനും വൈറസും | പ്രിജു ജോസഫ്, സീതത്തോട്

കുഞ്ഞന്നാമ്മാമ്മയും കുഞ്ഞാവറച്ചായനും സന്ധ്യ പ്രാർത്ഥനക്ക് ഇരുന്നപ്പോൾ ആണ് വാക്സിനെയും വൈറസിനെയും പറ്റി ചിന്ത അമ്മാമ്മയുടെ മനസ്സിൽ കൂടി കടന്നു പോയത്.

ആത്മീയ ലോകത്ത് വാക്സിനും വൈറസും ഉണ്ടോ ഇല്ലയോ എന്ന ചിന്ത ആയിരുന്നു അമ്മാമ്മയുടെ മനസ്സിനെ അലട്ടിയിരുന്നത്..അമ്മാമ്മ അച്ചായനോട് ചോദിച്ചു ആത്മീയ ലോകത്തെ വാക്സിനും വൈറസിനെയും പറ്റി അച്ചയാന് വല്ല പിടിയുമുണ്ടോ.

അച്ചയാൻ ഒന്ന് ഇരുത്തി ചിന്തിച്ചു
അടുത്ത ആഴ്ചത്തെ അരമുറി പ്രബോധനത്തിന് ആക്കം കൂട്ടാൻ വല്ലോം കിട്ടുമോ എന്നു നോക്കി, ഒന്നും കിട്ടുന്നില്ല.
അമ്മാമ അച്ചായനോട് ചോദികൊണ്ടേയിരുന്നു,മറുപടി ഒന്നും പറയാൻ പറ്റാത്ത അച്ചായൻ പണ്ട് എപ്പോഴോ വായിച്ച നാലു വരി കവിത അമ്മാമ്മയെ പാടി കേൾപ്പിച്ചു.

അമ്മാമ്മക്ക് വല്ലാത്ത ദേക്ഷ്യം വന്നു. ഗൗരവം ആയ ഒരു വിഷയം ചർച്ച ചെയ്തപ്പോൾ തമാശ ആയി എടുത്ത അച്ചായനോട് അമ്മാമ്മ കൊമ്പ് കോർത്തു. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ് വാക്ക് തർക്കം ആയി. വലിയ ബഹളത്തിന്റ വാക്കോളം എത്തി. അച്ചായൻ സന്ധ്യ പ്രാർത്ഥനയും അത്താഴവും ബഹിഷ്കരിച്ചു കിടന്നുറങ്ങാൻ പോയി. അമ്മാമ്മയുടെ മനസ്സിൽ ദേഷ്യവും വിഷമവും വന്നു.അമ്മാമ്മ ബൈബിൾ എടുത്ത് ഉച്ചത്തിൽ ഇങ്ങനെ വായിച്ചു

“യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.”

പാതി മയക്കത്തിലായ അച്ചായന്റെ ചെവിയിൽ കൂടി ഈ വാക്യം തുളച്ചു കയറി,അച്ചായന് ചെറുതായി തല കറങ്ങുന്നതും, കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. അച്ചായനും ഒട്ടും വിട്ടുകൊടുത്തില്ല,ബൈബിൾ എടുത്തു ഇങ്ങനെ തിരിച്ചു വായിച്ചു.

“എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.”

പിന്നീട് അവിടെ നടന്നത് യിസ്രയേലും ഗാസയും പോലെ വാക്യങ്ങൾ കൊണ്ടുള്ള പൊരിഞ്ഞ പോരാട്ടം ആയിരിന്നു.ഒടുവിൽ അമ്മാമ്മയുടെ വാക്യ ശരങ്ങൾക്ക് മുൻപിൽ അച്ചായന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവസാനം അച്ചായൻ ബൈബിൾ എടുത്ത് വളരെ ഉച്ചത്തിൽ ഇങ്ങനെ വായിച്ചു,

“ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.”

അടുത്ത മുറിയിൽ പബ്‌ജി കളിച്ചുകൊണ്ടിരുന്ന അവരുടെ കൊച്ചുമോൻ ജോണിമോൻ അപ്പച്ചന്റെ അലർച്ച കേട്ട് ചാടി വന്നു രണ്ടു പേരെയും ശാസിച്ചു രണ്ട് മുറിയിൽ ഇരുത്തി.
അങ്ങനെ ഒന്നു രണ്ടുദിവസങ്ങൾ നീങ്ങി, പരസ്പരം മിണ്ടാട്ടം ഇല്ലാതെ ആയീ.ഈ പ്രശ്നത്തിൽ സഭയിലെ പാസ്റ്റർ ഇടപെടണമെന്ന് അമ്മാമക്ക് തോന്നി. അച്ചായന്റെ മുൻപിൽവച്ചു ഫോൺ ചെയ്യാൻ ഒരു മടി, ലോക്ക്ഡൗൺ ആയതുകൊണ്ട് പോയി പറയാനും പറ്റില്ല. ഒടുവിൽ അങ്ങനെ അമ്മാമ്മ വിശദമായി ഒരു കത്ത് എഴുതി പോസ്റ്റ്‌ ചെയ്തു.
പാസ്റ്റർക്ക് കത്ത് കിട്ടി വായിച്ചതിനു ശേഷം മറുപടി എഴുതി പോസ്റ്റ്‌ ചെയ്തു.മറുപടി കത്ത് കിട്ടി പൊട്ടിച്ചതിനു ശേഷം അതിന്റെ മുകളിൽ ഇങ്ങനെ എഴുതി അമ്മാമ്മേ കത്ത് മുൻപോട്ട് വായിക്കുന്നതിനു മുമ്പ് അച്ചായനെയും കൂട്ടി ഈ കത്ത് ഒന്നിച്ചു വായിക്കാൻ ദയവായി അഭ്യർത്ഥിക്കുന്നു. അമ്മാമ്മ അച്ചായനോട് കാര്യങ്ങൾ പറഞ്ഞു. അതു വായിച്ചു കേൾപ്പിക്കാൻ അച്ചായൻ പറഞ്ഞതിന് അനുസരിച്ചു അമ്മാമ്മ വായിക്കാൻ തുടങ്ങി.

അമ്മാമ്മേ കത്ത് കിട്ടി അവിടത്തെ വിവരങ്ങൾ അറിഞ്ഞതിൽ ചെറിയൊരു സങ്കടവും പിന്നെ നിങ്ങൾ സേഫ് ആയിരിക്കുന്നതിൽ സന്തോഷവും ഉണ്ട്.
നമ്മുടെ വീട്ടിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഈ ലോക്ഡൗൺ സമയത്തു ചില വീടുകളിൽ കണ്ടു വരാറുള്ളതാണ്.
നമ്മുടെ പ്രശ്നങ്ങൾ ആരംഭിച്ചത് ആത്മീയ ലോകത്തെ വാക്സിനുകളും വൈറസുകളെയും പറ്റി ആയിരുന്നല്ലോ.
ഞാൻ താഴെ അക്കമിട്ടു നിരത്തുന്ന ആത്മീയ ലോകത്തെ വാക്സിനുകളും, വൈറസുകളെയും പറ്റി വായിച്ചു കഴിയുമ്പോൾ ഇവിടത്തെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകുമെന്ന് പ്രതീക്ഷിക്കുന്നു.

വാക്സിനും, വൈറസും..

1) അവൻ നിങ്ങൾക്കായി
കരുതുന്നതാകയാൽ നിങ്ങളുടെ
സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.(1 പത്രോസ് 5.7)

മനുഷ്യന്റെ ചിന്താകുലത്തെ ബാധിക്കുന്ന വൈറസുകളെ ഫലപ്രദമായി നേരിടുന്ന ഒരു വാക്സിൻ ആണ് ഇത്.
ഈ വൈറസ് ബാധിക്കുന്ന ആളിൽ ദിവസേന ഉള്ള ആകുലതകളും, വ്യാകുലതകളും, ആശങ്കകളും കൂടുതലായി കാണപ്പെടുന്നതാണ് ഇതിന്റ പ്രധാന ലക്ഷണങ്ങൾ.

വ്യക്തി ജീവിതത്തിന്റെയും, കുടുംബജീവിതത്തിന്റെയും സമാധാന അന്തരീക്ഷം വരെ നശിപ്പിക്കാൻ കഴിവുള്ളതാണ് ഈ വൈറസ്.നമ്മുടെ ഇപ്പോഴത്തെ പ്രശ്നം ആരംഭിക്കാൻ തന്നെ കാരണം ഈ വാക്സിന്റെ അഭാവം ആണെന്ന് മനസിലാക്കാൻ സാധിക്കും.

2)പൂർണ്ണവിനയത്തോടും സൌമ്യതയോടും
ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യംപൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ. (എഫെസ്യർ 4.2-3)

നമ്മുടെ ക്ഷമയെ നശിപ്പിക്കുന്ന ഭീകര വൈറസുകളെ വളരെ ഫലപ്രദമായി നേരിടുന്ന ഒരു വാക്സിൻ ആണ് ഇത്.വാശിയും, വൈരാഗ്യംവും മനസ്സിൽ വച്ചു പെരുമാറുക,പിണങ്ങി നടക്കുക,സന്തോഷമില്ലായ്‌മ,എന്നിവയാണ് ഈ വൈറസുകളുടെ പ്രധാന ലക്ഷണങ്ങൾ.ഇത് ഒരിക്കൽ പിടിപെട്ടാൽ നാളുകൾ ഇത് നിലനിൽക്കും.നമ്മുടെ ഈ പ്രശ്നം അടുത്ത ഘട്ടത്തിലേക്കു കടന്നത് ഈ വാക്സിന്റെ അഭാവം ആണെന്ന് മനസിലാക്കാൻ സാധിക്കും.

3) കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. (എഫെസ്യർ 4.26)

നമ്മളിൽ കോപമുണ്ടാക്കുന്ന വൈറസുകളെ വളരെ ഫലപ്രദമായി നേരിടുന്ന ഒരു വാക്സിൻ ആണ് ഇത്.
പരസ്പരം പോരടിക്കുക, വഴക്കിടാൻ ഉള്ള പ്രേരണ കൂടുതലായി കാണപ്പെടുക,ബഹളങ്ങൾ ഉണ്ടാക്കുക, അക്രമം വരെ ഉണ്ടാക്കാനുള്ള പ്രവണത ഇതൊക്ക ആണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.ഈ വൈറസുകൾക്കു അടിമപ്പെട്ടാൽ അടുത്ത നിമിഷങ്ങൾ എന്താണ് പ്രവർത്തിക്കുന്നതെന്നോ, ചിന്തിക്കുന്നതേനോ ആർക്കും പ്രവചിക്കാൻ പറ്റില്ല.ഇവിടുത്തെ പ്രശ്നം അതിന്റ മൂർധന്യ അവസ്ഥയിൽ എത്തിയത് ഈ വാക്സിന്റ അഭാവം ആണെന്ന് മനസിലാക്കാൻ സാധിക്കും.

4)എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. (കൊലൊസ്സ്യർ 3.14)

നമ്മളിലെ സ്നേഹമില്ലാതാക്കുന്ന വൈറസിനെതിരെ പോരാടുന്ന ഫലപ്രദമായ ഒരു വാക്സിൻ ആണ് ഇത്.
ഐക്യമില്ലായ്‌മ, പിണക്കം, വാശി, ദേഷ്യം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.വീട്ടിലെ പരസ്പരം ഉള്ള ഐക്യം തകർത്തു വലിയ കലഹത്തിലേക്കും, കലാപത്തിലേക്കും തള്ളി വിടുന്ന ഒരു വലിയ ഭീകര വൈറസ് ആണ് ഇത്. ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാഞ്ഞത് ഈ വാക്സിന്റ അഭാവം ആണെന്ന് മനസിലാക്കാൻ സാധിക്കും.

5)എപ്പോഴും സന്തോഷിപ്പിൻ;ഇടവിടാതെ പ്രാർത്ഥിപ്പിൻ,എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.(1തെസ്സലൊനീക്യർ 5.16-18)

നമ്മുടെ വീട്ടിലെ കുടുംബ പ്രാർത്ഥനകൾ മുടക്കുന്ന വൈറസിനെതിരെ പ്രവർത്തിക്കുന്ന വളരെ ഫലവത്തായ ഒരു വാക്സിൻ ആണ് ഇത്. കൂടെ കൂടെ കുടുംബ പ്രാർത്ഥനകൾ മുടക്കുക, പ്രാർത്ഥനക്ക് ഇരിക്കുമ്പോൾ ചർച്ചകളിൽ ഏർപ്പെട്ട് കലഹങ്ങൾ ഉണ്ടാക്കുക,തർക്കിക്കുക, പിണങ്ങുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ആയി കരുതുന്നത്.ഈ വാക്സിന്റെ അഭാവം ഇവിടത്തെ പ്രശ്നങ്ങൾക്ക് കാരണം ആയെന്നു നിസംശയം പറയാം.

വാക്സിനുകളെയും വൈറസുകളയും പറ്റി തത്കാലം അമ്മാമക്ക് ഒരു ധാരണ ആയെന്നു ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ശോധന ചെയ്ത് വൈറസിന്റെ ലക്ഷണം നോക്കി തക്കതായ വാക്സിൻ എടുക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു.ഈ ലോക്ഡൗൺ സമയത്തു എല്ലാവരും സേഫ് ആയി ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.മാത്രമല്ല സർക്കാർ നിർദ്ദേശങ്ങൾ എല്ലാം അനുസരിച്ചു പ്രവർത്തിക്കുമല്ലോ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ കത്ത് ചുരുക്കുന്നു.

കത്ത് വായിച്ച ശേഷം അമ്മാമ്മയിലും, അച്ചായനിലും വലിയൊരു മാറ്റം കണ്ട അവരുടെ കൊച്ചുമോൻ ജോണിമോൻ
ഇങ്ങനെ പറഞ്ഞു: “ഇപ്പം എല്ലാം പെർഫെക്ട് ഓക്കെ!”

പ്രിജു ജോസഫ്, സീതത്തോട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like