പാസ്റ്റർ. സി. ഒ. ജേക്കബ് -വിശ്രമം ഇല്ലാത്ത സുവിശേഷകൻ ഒരു ഓർമ്മ കുറിപ്പ് – ലാലു ജേക്കബ്, ദോഹ
ലോകം മുഴുവൻ കണ്ണീരിലാഴ്ത്തി പ്രിയമുള്ളവർ പിരിഞ്ഞു പോകുമ്പോൾ ഏറെ പ്രിയപ്പെട്ട പാസ്റ്റർ. സി. ഒ. ജേക്കബ് ബെഗ്ലൂരുവും ദുഃഖം സമ്മാനിച്ചു പ്രത്യശയുടെ തീരം പുൽകി, ജീവനുള്ള ചില ഓർമ്മകൾ ബാക്കിവെച്ചിട്ട്. എന്റെ മനസ്സിൽ പാസ്റ്റർ. സി. ഒ യെ കുറിച്ച് നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ ധാരാളം ഉണ്ട് അത് ആരംഭിക്കുന്നത് 1988-89 കാലഘട്ടങ്ങളിലാണ്. ഞാൻ ഉത്തർപ്രദേശിലെ ബെറെലിയിൽ radiology വിദ്യാർഥിയായി Clara swain ഹോസ്പിറ്റലിൽ പഠിക്കുന്ന കാലം. ഹോസ്പിറ്റലിന്റെ അടുത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായ പാസ്റ്റർ. സി. ഒ.തന്റെ ഒഴിവു സമയങ്ങളിൽ സൈക്കിളിൽ യാത്ര ചെയ്തു സമീപ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും സുവിശേഷം പങ്കുവെക്കുകയും അനേകരെ ക്രിസ്തു വിശ്വാസത്തിലേക്ക് നടത്തുകയും ചെയ്യുന്ന സമയം. മലയാളികൾ വിദ്യാർത്ഥികൾ ക്ലാര സ്വൈൻ ഹോസ്പിറ്റലിൽ പഠിക്കുന്നുണ്ടന്നറിഞ്ഞു തന്റെ സൈക്കിളിൽ ഞങ്ങളുടെ ഹോസ്റ്റലിൽ എത്തി പരിചയപ്പെട്ടു, സുവിശേഷം പങ്കുവെച്ചു മീറ്റിംഗിന് കൂട്ടികൊണ്ട് പോയി. അത് പിന്നീട് നിരന്തരമുള്ള കൂട്ടാഴ്മയിലേക്ക് തുടർന്നു.ഞങ്ങൾ വിദ്യാർഥികൾ വളരെ ആവേശത്തോടെ ആണ് അന്ന് മീറ്റിങ്ങുകളിൽ പങ്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്നു എത്രയോ കിലോമീറ്ററുകൾ സഞ്ചരിച്ചു, എത്രയോ ഗ്രാമങ്ങളിൽ പിന്നിട്ടു, എല്ലാം സുവിശേഷം പങ്കുവെക്കാൻ. അന്ന് ഞങ്ങളെ ആകർഷിച്ച സി. ഒ യുടെ ഒരു പ്രധാന ഘടകം നന്നായി പാടുന്ന പാട്ടുകളും, ലളിതവും എന്നാൽ ആശയ സംപുഷ്ടവുംമായ വചന വ്യാഖ്യാനവും ഒപ്പം എല്ലാവരെയും ചേർത്തു പിടിക്കാനുള്ള നല്ല മനസ്സും, പിതൃവാത്സല്യം ആണ്. ബംഗളൂരു എയർപോർട്ട് റോഡിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുമ്പോഴും മേൽപ്രസ്താവിച്ച സദ് ഗുണങ്ങൾ ഒന്നും കുറഞ്ഞുപോയി ഇല്ലായിരുന്നു. തന്നിൽ കൂടി വിരചിതമായ നിരവധി ആത്മീയ ഗാനങ്ങൾ ക്രൈസ്തവ ലോകം ഏറ്റുപാടി. “ ആരോടും പറയില്ലെൻ അലതല്ലും വേദന “ ഏറെ പ്രസിദ്ധമാണ്. ഒപ്പം “ യേശുവേ നിൻ സ്നേഹം ഓർത്താൽ, എപ്പോഴും നീയെ എന്നെന്നും നീയേ, “ തുടങ്ങിയ ഗാനങ്ങൾ ഇന്നും അനേകർക്ക് ആശ്വാസമാണ്. പഠനത്തിനുശേഷം ഞാൻ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് ദോഹയിൽ എത്തി ജോലി തുടർന്നു വരവേ അവിടെ പാസ്റ്റർ സി. ഒ ജേക്കബ് കടന്നുവരികയും ഒന്നിച്ച് ശുശ്രൂഷകളിൽ പങ്കാളിത്തം വഹിക്കുവാനും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ ദോഹയിൽ ജോലിചെയ്യുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾക്ക് ഒന്നിച്ച് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. തന്റെ സഹധർമ്മിണി മറിയാമ്മ ജേക്കബ് മക്കൾ പാസ്റ്റർ ഒലിയൻ ജേക്കബ് ബംഗളൂരു, സ്വിതിൻ ജേക്കബ് ദോഹ, അവരുടെ കുടുംബാംഗങ്ങൾ എല്ലാവരെയും ദൈവം ആശ്വസിക്കട്ടെ. പാസ്റ്റർ സി. ഒ.ജേക്കബ് വിശ്രമമില്ലാത്ത സുവിശേഷ പോരാളിയായിരുന്നു. അതിന് തെളിവാണ് താൻ ഇരുന്ന് എല്ലാ എയർഫോഴ്സ് സ്റ്റേഷനുകളിലും പ്രാർത്ഥന കൂടിവരവുകൾ ആരംഭിക്കുകയും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും സുവിശേഷം പങ്കുവെക്കുകയും ചെയ്തു. താൻ പാടിയതുപോലെ ആരോടും അലതല്ലുന്ന വേദനയെക്കുറിച്ച് പരിഭവം പറയാതെ, വേദനയില്ലാത്ത നാട്ടിലേക്ക് വാങ്ങി പോയി. വീണ്ടും കാണാം എന്ന പ്രത്യാശയും പ്രാർത്ഥനയും പങ്കുവെക്കുന്നു. കുടുംബത്തിന്റെയും സഭയുടെയും ദുഃഖത്തിൽ ഞങ്ങളും കുടുംബമായി പങ്കുചേരുന്നു. ഗിൽഗാൽ മീഡിയയുടെയും, ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ പ്രത്യാശയും രേഖപ്പെടുത്തുന്നു. ദൈവം എല്ലാവരും സഹായിക്കുമാറാകട്ടെ.