ലേഖനം: ശ്വാസത്തെ പരിപാലിക്കുന്ന ദൈവകടാക്ഷം | ഡെല്ല ജോൺ താമരശ്ശേരി
ആകാരത്തിലും ആഹാരശീലങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മനുഷ്യർ വിഭിന്നരാണെങ്കിലും അടിസ്ഥാനാവശ്യങ്ങൾ ഒരുപോലെയാണ്.അതിൽ ത്തന്നെ പ്രഥമവും പ്രധാനവുമായ ആവശ്യം ശുദ്ധവായുവാണ്.
ഒരുകാലത്ത് പണത്തിനും പദവിക്കും പ്രൗഢിയും പ്രതാപത്തിനും വേണ്ടി നെട്ടോട്ടമോടിയിരുന്ന മനുഷ്യർ ഇന്ന് പ്രാണവായുവിന് വേണ്ടി പോരാട്ടം നടത്തുന്ന ദയനീയ രംഗങ്ങൾ ആണ് വാർത്താമാധ്യമങ്ങൾ പ്രധാനമായും ചിത്രീകരിക്കുന്നത്.
ദൈനംദിന സംഭവങ്ങളെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത മനുഷ്യൻ പ്രാണഭയത്തിലാണെന്നുള്ളതാണ്.
ശാസ്ത്ര സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ചുവെങ്കിലും ഒരു സൂക്ഷ്മജീവിയുടെ ജൈത്രയാത്രയിൽ ഇന്നും പൊലിഞ്ഞുകൊണ്ടിരിക്കുന്നത് ആയിരക്കണക്കിനാളുകളുടെ വിലയേറിയ ജീവനാണ്.
പലരും ഇപ്പോഴും ജീവന്മരണ പോരാട്ടത്തിലാണ്.ധാരാളമാളുകൾ ശ്മശാനത്തിലേയ്ക്കുള്ള യാത്രാമധ്യേയാണ്.
ഇയ്യോബിന്റെ പുസ്തകം 10:12 ൽ നാം ഇങ്ങനെ വായിക്കുന്നു,ജീവനും കൃപയും നീ എനിക്കു നൽകി :നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. ദൈവത്തിൻ കടാക്ഷം നമ്മുടെമേൽ ഉള്ളതുകൊണ്ടാണ് നാം ഇന്ന് ജീവനോടെ ആയിരിക്കുന്നത്.അവിടുന്ന് നമ്മുടെ പ്രാണനെ മരണത്തിൽ നിന്നും നമ്മുടെ ജീവനെ നാശത്തിൽ നിന്നും വിടുവിച്ചതുകൊണ്ടാണ് നാമിന്ന് ക്ഷേമത്തോടെ വസിക്കുന്നത്.
ശ്വാസത്തെ പരിപാലിക്കുന്ന ദൈവ കടാക്ഷത്തിനായി അനുദിനം നന്ദി പറയാം.
ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉൽപ്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്ക് പ്രാണനെയും കൊടുക്കുന്നത് യഹോവയായ ദൈവം ആണെന്ന് യെശയ്യാവ് 42:5ൽ പ്രസ്താവിക്കുന്നുണ്ട്.
സകല ജീവ ജന്തുക്കളുടേയും പ്രാണനും സകല മനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവിടത്തെ കയ്യിലാണ് ഇരിക്കുന്നത്. പുറത്തേയ്ക്ക് നിശ്വസിക്കുന്ന വായുവിനെ ഉള്ളിലേക്ക് എടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ പേര് മൃതദേഹം എന്നാണല്ലോ.
കോടാനുകോടി ജീവജാലങ്ങൾക്ക് ആവശ്യമായ എല്ലാം ദൈവ സൃഷ്ടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതിൽ ജീവജാലങ്ങൾക്കുള്ള പ്രാണവായുവുമുണ്ട്.
എങ്കിലും ഒരു അതിസൂക്ഷ്മാണുവിന്റെ പ്രവർത്തനം നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കി സ്വച്ഛന്ദമായ ശ്വസനം
അസാധ്യമാക്കുന്നു എങ്കിൽ നാമെത്ര
നിസ്സാരരാണ്!!കോവിഡ് നൽകുന്ന പ്രധാന തിരിച്ചറിവുകളിൽ ഒന്ന് മനുഷ്യൻറെ നിസ്സാരതയും നിസ്സഹായതയും ആണ്.
ചില ദിവസങ്ങളുടെ ആശുപത്രി വാസത്തിൽ ഒരാൾ ശ്വസിക്കുന്ന വായുവിനെ നല്കേണ്ടി വരുന്ന വില എത്രയാണെന്ന് ഈ ദിവസങ്ങളിൽ ഒന്നുകൂടെ നാമൊക്കെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നാൽ അവൻ ഇതുവരെ നമുക്ക് നൽകിയ പ്രാണവായുവിന് വില ഇട്ടിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പക്ഷേ അവിടുന്ന് പ്രതിഫലം വാങ്ങുന്നില്ല.മുഖം നോക്കുന്നില്ല.(ആവർത്തനം 10:18)
ബലവാനെന്നോ ബലഹീനനെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ നോക്കാതെ പ്രകൃതി പ്രതിഭാസങ്ങൾ ആയ മഴയും മഞ്ഞും വെയിലും കാറ്റും മനുഷ്യനു സൗജന്യമായി നൽകുന്ന ദൈവത്തിൻറെ സൃഷ്ടി മഹത്വത്തിനും ദൈവീകശക്തിയ്ക്കും മുൻപിൽ വീണ്ടും ആദരവോടെ വിനയപ്പെടാം. ജീവിതത്തിൽ നമുക്ക് ലഭിച്ച നിർലോഭമായ എല്ലാ അനുഗ്രഹങ്ങൾക്കും കൃതജ്ഞതയുള്ളവരാകാം. നമ്മുടെ ആയുസ്സ് ഇത്രത്തോളം ദീർഘിപ്പിച്ചു നൽകിയ ദൈവത്തിനു മുൻപിൽ ഹൃദയപൂർവ്വം ശിരസ്സ് നമിക്കാം.ജാഗ്രതയോടെ ജീവിക്കാം. കരുതലോടെ കാൽ വെയ്ക്കാം.അവിടുത്തെ കടാക്ഷം നമ്മുടെ ശ്വാസത്തെ വീണ്ടും പരിപാലിക്കട്ടെ.
ഡെല്ല ജോൺ