എഡിറ്റോറിയൽ: ഒറ്റദിന പ്രകീർത്തനങ്ങളിൽ ഒതുക്കരുത്, ഈ പോരാളികളെ | അനീഷ് വലിയപറമ്പിൽ

 

2021ലെ നഴ്സസ് ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. കഴിഞ്ഞവർഷത്തെ നഴ്സസ് ഡേ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊവിഡ് ഒന്നാം തരംഗം ആയിരുന്നുവെങ്കിൽ ഈ വർഷത്തെ നേഴ്സസ് ഡേ അതിതീവ്രമായ രണ്ടാം തരംഗത്തിനിടയിൽ ആണ് വന്നിരിക്കുന്നത്. കോവിഡിനെതിരെ പോരാടുന്ന മുന്നണി പോരാളികളിൽ പ്രഥമസ്ഥാനം നേഴ്സസിന് തന്നെയാണെന്നതിൽ സംശയമില്ല.ഇന്ന് സ്വന്തം ആളുകൾ പോലും ഒന്ന് കാണുവാനോ, ആശ്വസിപ്പിക്കുവാനോ, കരുതുവാനോ കൂടെ ഇല്ലാത്തപ്പോൾ ശരിക്കും ജനം ആശ്വാസം കണ്ടെത്തുന്നത് നഴ്സസ് സമൂഹത്തിലൂടെയാണ്.
കോവിഡിനെതിരെയുള്ള പോരാട്ടം ദിവസങ്ങളും മാസങ്ങളും പിന്നിടുമ്പോഴും ഒരിടവേള പോലും പതറാതെ, തളരാതെ,നിർഭയമായി പോരാടുന്ന നഴ്സസ് സമൂഹത്തെ നാം ഈ ഒറ്റ ദിവസത്തേക്ക് മാത്രമായി വിസ്മരിക്കരുത്. നഴ്സസ് സമൂഹം ലോകത്തിനു നൽകുന്ന സന്ദേശങ്ങളെ, അവരുടെ ക്ഷമയെ, പരിപാലനത്തെ, സ്വാന്തനത്തെ നാം എക്കാലവും ഓർക്കണം. ഇന്ത്യയുടെ വിശേഷാൽ, കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പോലും ഒരു പരിധി വരെ പരിപോഷിപ്പിക്കുന്നതിൽ നേഴ്സസ് വഹിക്കുന്ന, പ്രത്യേകാൽ പ്രവാസി നേഴ്സസ് വഹിക്കുന്ന പങ്ക് വളരെ പ്രസക്തമാണ്. സ്വന്തം വീട്ടുകാരെയും, പ്രിയപ്പെട്ടവരെയും, ശരീരത്തെയും മറന്നാണ് ആണ് ഈ സമൂഹം ആതുരസേവനം ചെയ്യുന്നത്. പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് ഐസൊലേഷൻ വാർഡുകളിലും തീവ്രപരിചരണ വിഭാഗത്തിലും ജീവിത സമയങ്ങളെ സമ്മാനിക്കുന്നവരാണവർ.ലോകമെമ്പാടും 8 മുതൽ 12 മണിക്കൂർ വരെ വരെ തുടർച്ചയായി പിപിഇ കിറ്റ് അണിഞ്ഞ് സമയത്ത് ആഹാരം കഴിക്കാതെയും വെള്ളം കുടിക്കുവാൻ പോലും സമയം കണ്ടെത്താതെ ജോലി ചെയ്യുന്ന നഴ്സുമാരാണ് ഇന്നധികവും. അതും തുടർച്ചയായി എത്രയോ ദിനരാത്രങ്ങൾ.ഇന്ന് ഉത്തരേന്ത്യപോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഉയരുന്ന മരണനിരക്കുകൾ വളരെ ഞെട്ടിക്കുമ്പോൾ ഒരു നേഴ്സ് ശരാശരി നാല് മുതൽ എട്ട് മരണങ്ങൾ വരെ ഒരുദിവസം മുന്നിൽ കാണേണ്ട മാനസിക സ്ഥിതി നാം ആലോചിക്കണം. അവരുടെ ഇത്തരം മാനസികവും ശാരീരികവുമായ മരവിപ്പുകളും വല്ലായ്മകളും അതിജീവിച്ചാണ് അവർ ഈ പോരാട്ടത്തിൽ മുന്നിൽ നിന്ന് പോരാടുന്നത്. ഭൂമിയിലെ മാലാഖമാർ എന്ന് പൊതുജനം വിളിക്കുന്നുവെങ്കിലും അവരുടെ വികാരങ്ങളെയും, വിഷമങ്ങളെയും, അവർക്ക് ലഭ്യമാകുന്ന തുച്ഛമായ വേതനത്തെയും,അവർക്കു സമൂഹത്തിൽ നിന്നും ലഭ്യമാകുന്ന ഒറ്റപ്പെടലുകളും നാം ഓർക്കാറുണ്ടോ? കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നു എന്ന കാരണത്താൽ എത്രയോ വാടക വീടുകളിൽ നിന്നും ഭൂമിയിലെ മാലാഖമാരെ ഇറക്കിവിട്ട സംഭവം ഇന്നും ഇന്ത്യയുടെ വിവിധ കോണുകളിൽ നടക്കുന്നു.
നാമറിയണം മാലാഖമാരുടെ കണ്ണുനീർ, മാനസീക-ശാരീരിക നിലവാരം, അവർക്ക് മേലധികാരികൾ മാന്യമായ ശമ്പളം കൊടുക്കണം. പ്രശംസകളും പ്രകീർത്തനങ്ങളും ഈ ഒരു ഒറ്റ ദിവസത്തേക്ക് മാത്രം ഒതുക്കാതെ,അവർ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ നാം വിസ്മരിക്കുകയും, അവർക്കാവശ്യമായ കരുതലുകൾ ലഭ്യമാക്കുവാനും, എന്നും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യണം. എത്രയോ മുന്നണിപ്പോരാളികളാണ് ഈ പോരാട്ടത്തിൽ സ്വന്തം ജീവൻ വെടിഞ്ഞത്… മറക്കരുത്, കരുതാം, ആദരിക്കാം,എന്നും ഹൃദയത്തോട് ചേർത്ത് വെയ്ക്കാം. അതിസങ്കീർണമായ ഈ പോരാട്ടത്തിൽ പോരാടുന്ന എല്ലാ മാലാഖമാർക്കും ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ഹൃദയത്തിൽനിന്നുള്ള ‘ബിഗ് സല്യൂട്ട്’.ദൈവം ഏവരെയും കാത്തു പരിപാലിക്കട്ടെ, അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഹാപ്പി നഴ്സസ് ഡേ-2021

അനീഷ് വലിയപറമ്പിൽ
അസോസിയേറ്റ് എഡിറ്റർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.