എഡിറ്റോറിയൽ: എനിക്കു വേദനിക്കുന്നേ… – ഭൗമദിനത്തിൽ ചില ഓർമ്മപ്പെടുത്തലുകൾ | ബ്ലസൻ ചെറുവക്കൽ

മനുഷ്യരും മൃഗങ്ങളും സസ്യലതാദികളും ഒരുപോലെ ക്രിയാത്മകമായി താളാത്മകതയോടെ നിലനിൽക്കുന്ന ബൃഹത്തായ ആവാസവ്യവസ്ഥയാണ് നാം അധിവസിക്കുന്ന ഭൂമി. നമുക്ക് മുന്നിൽ മായക്കാഴ്ചകളുടെ വർണ്ണവസന്തമൊരുക്കി, കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് ഓരോ ദിവസവും ഭൂമി നമ്മെ സംരക്ഷിക്കുന്നത്. നമുക്ക് മാത്രമല്ല, ഭൂമിയിലെ സകല ചരാചരങ്ങൾക്കും ആവശ്യമായ ഭക്ഷണം, ജലം, തണൽ, കാലാവസ്ഥ തുടങ്ങിയവ ആവശ്യാനുസരണം നൽകി വരുന്ന വ്യത്യസ്ത വിഭവങ്ങളുടെ കലവറയാണ് ഭൂമി. മനുഷ്യന് അധിവസിക്കുവാനാവശ്യമായ ജീവൻ്റെ കണികപോലും നൽകപ്പെട്ട ഏക ഗ്രഹമാണ് ഭൂമി. പ്രപഞ്ചത്തിൽ ഭൂമിയുടെ സ്ഥാനം പോലും കൃത്യമായി ക്രമീകരിച്ചിരിക്കുന്നതുകൊണ്ടാണ് ഓരോ പ്രദേശത്തും കൃത്യമായ നിലയിൽ ചൂടും തണുപ്പും മഴയും വേനലുമെല്ലാം ലഭിക്കുന്നത്.

എന്നാൽ മനുഷ്യൻ്റ അവിവേകപൂർണ്ണമായ ഇടപെടലുകൾ ഭൂമിയുടെ താളം തെറ്റിച്ചു തുടങ്ങി. നാം ഇന്നു കാണുന്ന വലിയ പ്രളയവും അതിശൈത്യവും കൊടും വേനലുമെല്ലാം ഭൂമീ മാതാവിനുമേൽ മനുഷ്യൻ ഏൽപ്പിച്ച കൊടും പ്രഹരത്തിൻ്റെ ബാക്കി പത്രങ്ങളാണ്. നിലവിലെ കണക്കുകൾ പ്രകാരം 2080 ആകുമ്പോഴേക്കും ഭൂമിയിൽ മനുഷ്യന് അധിവസിക്കുവാൻ കഴിയാത്ത വിധം ഭൂമിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.

ഇന്ന് ഏപ്രിൽ 22 – ലോക ഭൗമദിനം (World Earth Day). കാലവസ്ഥാ വ്യതിയാനത്തേക്കുറിച്ചും ആഗോളതാപനത്തേക്കുറിച്ചും, ഭൂമി സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയേക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുവാനും സംരക്ഷണത്തിൻ്റെ ആവശ്യഗതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. 1970 ഏപ്രിൽ 22 ന് യു.എസ് സെനറ്റർ ഗെയ്ലോർഡ് നെൽസൺൻ്റെ നേതൃത്വത്തിൽ 20 ദശലക്ഷം വരുന്ന അമേരിക്കക്കാർ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഗവൺമെൻ്റിൻ്റെ അലംഭാവത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട് തെരുവിലേക്കിറങ്ങിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഭൗമദിനത്തിൻ്റെ ചരിത്രം.

‘നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുക’ (Restore Our Earth) എന്നതാണ് ഈ വർഷത്തെ ഭൗമദിനത്തിൻ്റെ ചിന്താവിഷയം. മനുഷ്യൻ്റെ കൃത്യതയല്ലാത്ത ഇടപെടൽമൂലം ഭൂമിയിൽ കാലാകാലങ്ങളായി വളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. ഭൂമിയിൽ ജീവൻ്റെ തുടിപ്പിനു പോലും കോട്ടം സംഭവിച്ചേക്കാവുന്ന രീതിയിൽ ഭൂമി മാറിയിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയവും, വരൾച്ചയും, ഭൂചലനവും, പുതിയ രോഗങ്ങളുടെ ഉദയവുമെല്ലാം ഇതിന് ഉദാഹരമാണ്. “ശാസ്ത്ര സാങ്കേതിക വിദ്യയുടേയും വ്യാവസായിക വളർച്ചയുടേയും ഫലമായി പരിസ്ഥിതി മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന വരികൾ അന്വർത്ഥമാക്കുന്ന രീതിയിൽ ഭൂമിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ നിന്നും നമ്മുടെ ഭൂമിയെ പഴയ രീതിയിലേക്ക് പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചു ബോധവാന്മാരാകേണ്ടതും, കരുതലോടെ വിനിയോഗം ചെയ്യേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഈ ഭൗമദിനം ഇത്തരം കാര്യങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലും, ഭൗമസംരക്ഷണത്തിൻ്റെ തുടക്കവുമാകട്ടേയെന്ന് ആശംസിക്കുന്നു.

ബ്ലസൻ ചെറുവക്കൽ
സബ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര

-Advertisement-

You might also like
Comments
Loading...