ചെറു ചിന്ത: കണ്ണീരിന്‍റെ വില | സോഫിയ ബേബി

സമാനതകളില്ലാതെ വേട്ടയാടുന്ന ക്രൂരമായ വെല്ലുവിളികളുടെ മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ? പരിഹാസങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് തന്റെ ജീവിത നൗക തകരാതിരിക്കാൻ ആഞ്ഞു ശ്രമിക്കുന്ന ഒരു അമരക്കാരൻ ആണോ താങ്കൾ?
ഒരിക്കൽ, ജീവിതത്തിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ, എല്ലാം തന്റെ വിധിയെന്നു കരുതി ജീവിച്ചിരുന്ന ഒരു കഴുതക്കുട്ടി ഉണ്ടായിരുന്നു വിശുദ്ധ വേദപുസ്തകത്തിൽ. കാണാൻ നല്ല സൗന്ദര്യമോ, സമൂഹത്തിൽ ഉയർന്ന സ്ഥാനമോ, ഒന്നും തന്നെ ഇല്ലാത്ത, മറ്റുള്ളവർ നികൃഷ്ടമായി നോക്കിക്കാണുന്ന ഒരു ജീവി. എന്നും കുറെ ഭാണ്ഡങ്ങളും പേറി യജമാനന്റെ അടിയും ഏറ്റു വാങ്ങി, ഒന്നു നിവർന്നു നോക്കാൻ പോലും ആകാതെ അടിമയെപ്പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവൻ. അവൻ നടന്നു പോകുന്ന വഴിയരികെ സൊറ പറഞ്ഞിരിക്കുന്ന കൂട്ടുകാർ അവനെ കളിയാക്കി ചിരിക്കാൻ മറക്കാറില്ല. തന്റെ വേലയൊക്കെ തീർത്തു ഒറ്റക്കിരിക്കുമ്പോൾ വേദനയോടെ എന്നും ദൈവത്തോട് കരയുമെങ്കിലും പരിഭവിക്കാറില്ല.

post watermark60x60

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു മനുഷ്യർ വന്നു അവനെ അഴിച്ചു കൊണ്ടുപോയി. അരികെ നിന്ന ഒരാൾ ചോദിച്ചു, “ഇത്രയും നികൃഷ്ടമായ ഇതിനെ നിങ്ങൾ എവിടെയാണ് കൊണ്ട് പോകുന്നത്? ഇവനെക്കൊണ്ട് നിങ്ങൾക്കെന്തു പ്രയോജനം?”
യേശുവിന്റെ ശിഷ്യന്മാർ ആണെന്ന് മനസിലാക്കിയ അവർ അവരെ തടയാൻ ശ്രമിച്ചു. അപ്പോൾ ശിഷ്യന്മാർ പറഞ്ഞു : “കർത്താവിനു ഇതിനെക്കൊണ്ട് ആവശ്യമുണ്ട്.” ഇത് കേട്ടപ്പോൾ കഴുതക്കുട്ടിയുടെ കണ്ണുകളിൽ ദൈവത്തോടുള്ള നന്ദി നിറഞ്ഞൊഴുകി. അവിടെ നിന്നിരുന്നവർ പലരും ആശ്ചര്യപ്പെട്ടു. “കർത്താവിനു ഇതിനെക്കൊണ്ട് എന്താണ് ആവശ്യം? ദൂരെ യാത്രക്ക് ഭാണ്ഡം ചുമക്കാൻ വേണ്ടി ആയിരിക്കും.” ഇങ്ങനെയൊക്കെ പലരും പുലമ്പുന്നുണ്ടായിരുന്നു.
അങ്ങനെ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ ആ കഴുതക്കുട്ടി വലിയ ഒരു സമാധാനം അനുഭവിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്നവർ തങ്ങളുടെ വസ്ത്രങ്ങൾ കഴുതക്കുട്ടിയുടെ മുകളിൽ വിരിച്ചു. മറ്റു ചിലർ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു, വൃക്ഷക്കൊമ്പുകൾ വെട്ടിയിട്ട് വഴി മനോഹരമാക്കി. ഇന്ന് വരെ മറ്റുള്ളവരുടെ വിഴുപ്പുകൾ മാത്രം വഹിച്ചിരുന്ന അവൻ യേശുവിനെ വഹിച്ചു. ചുറ്റും നിന്നവർ : “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ ” എന്ന് ഉച്ചത്തിൽ ആർത്തു, ദൈവത്തെ മഹത്വപ്പെടുത്തി. വലിയ ചുമടുകളുമായി കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നടന്നിരുന്ന അവൻ അലങ്കരിക്കപ്പെട്ട വഴിയിലൂടെ യേശുവിനെ വഹിച്ചു നടക്കാൻ തുടങ്ങി. അന്ന് വരെ, തന്നെ പരിഹസിച്ചിരുന്ന കൂട്ടുകാർ അവനു നടന്നു പോകാൻ വഴിയൊരുക്കി. എന്നും തലകുനിച്ചു പോയിരുന്ന അവൻ അഭിമാനത്തോടെ മുഖം ഉയർത്തി നടന്നു. മൂക്കത്തു വിരൽ വച്ചു അത്ഭുതത്തോടെ, അസൂയയോടെ അവനെ നോക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ഉടമസ്ഥന്റെ അടിയേറ്റ പാടുകളിൽ യേശുവിന്റെ കരം സ്പർശിച്ചപ്പോൾ അവയെല്ലാം പാടേ മാഞ്ഞു പോയി. യേശുരാജാവിനു കയറാൻ വലിയ പത്രാസോടെ ഒരുങ്ങി നിന്ന കുതിരയുടെ കുളമ്പടി ശബ്ദം കഴുതക്കുട്ടിയുടെ പിന്നാലെ ചെറുതായി കേൾക്കാം. വലിയ ആരവാരത്തോടെ, സുന്ദരമായ വഴിയിലൂടെ, മഹാരാജാവിനെ വഹിച്ചുകൊണ്ട് വരുന്നത് തന്റെ ഭാരങ്ങളോർത്തു കരയുന്ന പഴയ കഴുതക്കുട്ടിയല്ല, സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണീർ തുടക്കാൻ പാടുപെടുന്ന കഴുതക്കുട്ടിയാണ്.

നിങ്ങളുടെ ജീവിതം വില കുറഞ്ഞതാണെന്നു നിങ്ങൾക്കു തോന്നാറുണ്ടോ? മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മാത്രം പാത്രരായി വിധിയെ പഴിച്ചു ജീവിതം തള്ളി നീക്കുകയാണോ നിങ്ങൾ? അടിക്കടി കടന്നു വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ സ്വയം ഉള്ളിലൊതുങ്ങി നെടുവീർപ്പിടുന്ന നിങ്ങളെ യേശു സ്നേഹിക്കുന്നു. തിരമാലകളുടെ ഓളങ്ങളെ ഭേദിച്ചു തീരമണയാൻ ആഞ്ഞു തുഴയുന്ന തോണിക്കാരന്റെ അടുക്കൽ കാറ്റിനെയും കടലിനെയും ശാസിച്ചടക്കിയ നല്ല ഒരു അമരക്കാരൻ ഉറങ്ങുന്നുണ്ട്. ഏതു നേരത്തു വിളിച്ചാലും അവൻ കാതോർക്കും. കഴുതക്കുട്ടിയെപ്പോലെ ഒറ്റയ്ക്ക് മാറിയിരുന്നു കരയാൻ തയാറായാൽ പരസ്യമായി ഏവരും കാൺകെ നിന്നെ ഒരു അത്ഭുതമാക്കുവാൻ അതേ യേശുരാജാവിനു കഴിയും. ഒരിക്കൽ നീയും അഭിമാനത്തോടെ തല ഉയർത്തി ദൈവത്തെ മഹത്വപ്പെടുത്തും. ആ നാളുകൾ വിദൂരമല്ല. ആമേൻ.

Download Our Android App | iOS App

സോഫിയ ബേബി

-ADVERTISEMENT-

-ADVERTISEMENT-

You might also like