വനിതാദിന ചിന്ത: സൂനാമ്മയുടെ കരിമീനും നന്ദിനിയുടെ പാലും | മറിയാമ്മ റോയി, സെക്കന്ദരാബാദ്.

വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനം കൂടെ നമുക്കു മുമ്പിൽ വന്ന ഈ സാഹചര്യത്തിൽ നമ്മുടെ കണ്ണിൻ മുൻപിൽ നാം സ്ഥിരം കാണുന്ന ചില വനിതകളുടെ ഒരു പ്രതിനിധിയെ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ഈ കഥയിൽ വായനക്കാർക്ക് തങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ നിഷേധിക്കുന്നില്ല.

കഥ ഇതു മുതൽ…
നന്ദിനിയെയും കുടുംബത്തെയും കൊതുകു റാവുത്തരുടെ കടന്നാക്രമണത്തിൽനിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കുന്നേച്ചരം തൊണ്ടും ചകിരിയും
പൊകയ്ക്കുവാൻ വച്ചിട്ട് സൂനാമ്മ അടുക്കളയിലേക്ക് ഓടി. മീൻ വറുക്കാൻ വച്ച ചട്ടിയിൽനിന്ന് ധൂമ്ര കലശം ഉയരുന്നു. മീൻ ഏകദേശം ദഹനയാഗമായി കഴിഞ്ഞിരുന്നു. “കർത്താവേ, ഞാൻ ഇനി എന്തു ചെയ്യും?” അവളുടെ തൊണ്ടയിലെ വെള്ളം വറ്റി. നെഞ്ചിലൂടെ ഒരു മീൻമുള്ള് നിരങ്ങി ഇറങ്ങി. “ഇനി ഇത് അതിയാന്റെ മുമ്പിൽ എങ്ങനെ വെക്കും?” സൂനാമ്മ ചിന്താകുലയായി.

സമയം രാത്രി പത്തുകഴിഞ്ഞു. ഇനി ഇപ്പോൾ തമ്പിച്ചേട്ടൻ ഒന്നാം തരം
താമരയായിത്തന്നെ വരാനാണ് സാധ്യത. തമ്പിച്ചേട്ടന്റെ ‘ഭക്തി ഗാനങ്ങൾ’ ദൂരെ നിന്നേ കേട്ടുതുടങ്ങി. ആ ഗാനത്തിൽ ഭക്തി പോയിട്ട് വ്യാകരണ ശുദ്ധിപോലും ഇല്ലെന്ന് തമ്പിച്ചേട്ടൻ ഉണ്ടോ അറിയുന്നു? പാട്ടിന്റെ ശബ്ദം അടുത്തുവരുന്തോറും സുനാമ്മയുടെ ഭീതി വർദ്ധിച്ചുകൊണ്ടിരുന്നു. അവൾ കിടിലം കൊണ്ടു. വന്നു കേറിയാൽ പിന്നെ എന്താണ് നടക്കാൻ പോകുന്നത് എന്ന് പലവുരു കണക്കുകൂട്ടി.

അങ്ങനെ വീണും എഴുന്നേറ്റും ആടിയും പാടിയും ഒരു പരുവത്തിൽ കന്നാലിക്കൂടിന് അടുത്ത് എത്തിയപ്പോൾ തമ്പിച്ചേട്ടന് നന്ദിനിയോട് പതിവില്ലാത്ത ഒരു മമത. അയാൾ ഉറക്കെ ചിന്തിച്ചു, “ഇന്ന് വീട്ടിൽ കയറുന്നില്ല. സൂനാമ്മ, അവള് പോട്ടെ, നീയാണ് പശൂ, എനിക്ക് ഒന്നു മിനുങ്ങാൻ കാശു തരുന്നത്. നിന്റെ പത്തുകുപ്പി പാല്
അതും പഞ്ഞിപോലെ വെളുത്തത്.” പശുവിനെ സ്നേഹത്താൽ പൊതിഞ്ഞ് വാനോളം പുകഴ്ത്തിക്കൊണ്ട് ചേട്ടൻ കന്നാലിക്കൂട്ടിലേക്ക് ചരിഞ്ഞു. സൂനാമ്മ ഈ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. അവൾ ഒന്ന് ആശ്വസിച്ചു, ‘കരി’മീൻ ആണല്ലോ ഇന്ന് താൻ ഉണ്ടാക്കിയ സ്പെഷ്യൽ! ഇടി കിട്ടാതെ രക്ഷപ്പെട്ടു.

നന്ദിനിയുടെ മൊക്രായിലും അവളുടെ നവജാതന്റെ ചൂടു മൂത്രത്തിന്റെ ഗന്ധത്തിലും ലയിച്ചുചേർന്ന തമ്പിച്ചേട്ടന് കൊതുകു റാവുത്തരും സംഘവും സൗജന്യ സംഗീത വിരുന്നൊരുക്കി. സുഖനിദ്ര! കുറെയേറെ ദീർഘ നിശ്വാസങ്ങൾക്കൊടുവിൽ സൂനാമ്മയും നിദ്രയുടെ മടിത്തട്ടിലേക്കു വഴുതി വീണു.

അങ്ങകലെ അർക്കൻ പല്ലു തേക്കുന്നതേയുള്ളു. തമ്പിച്ചേട്ടൻ തപ്പിത്തടഞ്ഞ് സൂനാമ്മയുടെ കിടക്കയ്ക്ക് അരികിൽ എത്തി. പ്രിയന്റെ സ്വഭാവം അറിയാവുന്ന അവൾ നന്നാ വെളുപ്പിനെ എഴുന്നേറ്റപ്പോൾ കരണ്ട് ഇല്ല. എന്തു ചെയ്യാനാ ഈ ഇരുട്ടത്ത്? ഒന്നുകൂടെ മയങ്ങാം എന്ന് വിചാരിച്ചു. മയക്കത്തിൽ ഇതാ, ഇടിയും മിന്നലും മുഖത്ത് വന്നു പതിച്ചു. അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. മിന്നൽപിണരുകളുടെ
പ്രഹരത്താൽ കണ്ണ് തുറക്കാൻ ആയില്ല. മിന്നലടി തിരിഞ്ഞുനടന്നു..

സൂനാമ്മയ്ക്കു ചുറ്റും കുറ്റാ കൂരിരുട്ട്. ഒരിറ്റു വെളിച്ചത്തിനായി അവൾ തപ്പിത്തടഞ്ഞു. ഒടുവിൽ മരപ്പാവ കണക്കെ അവിടെ കുത്തിയിരുന്നു. ഓർമ്മകൾ പിന്നോട്ടുപോയി. തമ്പിച്ചേട്ടൻ എന്ന ഭർത്താവുദ്യോഗസ്ഥന്റെ ലീലാവിനോദങ്ങൾക്ക് അടിമപ്പെട്ടുപോയ ഒരു ജീവി മാത്രമാണ് താൻ എന്ന തിരിച്ചറിവ് ഒരിക്കൽ കൂടി അവളുടെ സിരകളിലൂടെ കയറി ഇറങ്ങി.

വർക്കി സാറിന്റെ മകൾ ലീന പാലിനു വന്നു വിളിച്ചപ്പോഴാണ് സൂനാമ്മയ്ക്ക് സ്ഥലകാല ബോധം വന്നത്. മേരി ടീച്ചറാണ് പതിവായി പാലിന് വരിക. ഡോക്ടർ അവധിക്ക് വന്നത് ഇന്നലെയാണ്. സൂനാമാമ്മയെ കണ്ട് സ്നേഹം പുതുക്കാൻ കൂടി ആണ് ലീന രാവിലെ പാല് വാങ്ങാൻ വന്നത്. ചേനപോലെ വീർത്ത് ചുവന്ന മുഖവുമായി പ്രത്യക്ഷപ്പെട്ട സൂനാമ്മയെ കണ്ട ലീന ഞെട്ടി. കാര്യങ്ങളുടെ വിശദരൂപം മനസ്സിലാക്കിയ അവൾ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പാല് വാങ്ങി തിരികെ പോയി.

സൂനാമ്മ പതിവുപോലെ കാലത്ത് പുഴുക്ക് തയ്യാറാക്കി (പുഴുക്കിൽ ഇന്ന് ചേന ഉൾപ്പെടുത്തിയില്ല). വാസുവിന്റെ കാപ്പിക്കടയിലെ കട്ടനുമടിച്ച് തമ്പിച്ചേട്ടൻ സമയത്ത് തന്നെ എത്തി, പുഴുക്ക് അടിക്കാൻ. കുശാലായി പുഴുക്ക് അടിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ അറിയാതെ ചെന്നു പതിച്ചത് അവളുടെ മുഞ്ഞിക്ക്. അവൻ തരിച്ചിരുന്നു പോയി. തന്റെ കരവിരുതു തന്നെ അല്ലെ അവളുടെ മോഖത്തു കാണുന്നത്. അവനു സഹതാപം തോന്നി. ചീമച്ചേമ്പിൻ കഷ്ണം തൊണ്ടയിൽനിന്ന് ഇറങ്ങാൻ പാടുപെട്ടു. ഒരു പരുവത്തിൽ അതിനെ കടത്തി വിട്ട് ഒരു കവിളു കട്ടനും മോന്തിയിട്ടവൻ എഴുന്നേറ്റു. “എന്റെ പൊന്നു സൂനാമ്മേ…എന്നാലും…ഇത്രേം വരുമെന്ന്… ചിന്തിച്ചില്ല.. പെട്ടെന്നുണ്ടായ ദേഷ്യത്തിന്…ഇനി ഒരിക്കലും…അവൻ പതിവുപോലെ വാക്കുകൾ കൂട്ടി ചേർക്കാൻ പാടു
പെടുമ്പോഴേക്കും അതാ മുറ്റത്തേക്ക് ഒരു ജീപ്പ് കയറിവന്നു. ഡോക്ടർ ലീനയും പോലീസുകാരും അതിൽനിന്ന് ഇറങ്ങി. അവൻ കിടുങ്ങിപ്പോയി. സൂനാമ്മ വിറച്ചു. ഡോക്ടർ ലീന സൂനാമ്മയെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. ഡോക്ടറുടെ ബോധവൽക്കരണം വകവയ്ക്കാതെ അവൾ മുറവിളികൂട്ടി, “തമ്പിച്ചേട്ടാ തമ്പി ച്ചേട്ടാ….” ആര് എവിടെ കേൾക്കാൻ? ചേട്ടനെയും കൊണ്ട് പോലീസ് ജീപ്പ് പറപറന്നു. സൂനാമ്മയുടെ കണ്ണിൽ വീണ്ടും ഇരുട്ടുകയറി. തമ്പിച്ചേട്ടന്റെ പുറത്ത് ഇടിയും മിന്നലും! കണ്ണിൽ പേമാരിയും!! ഇവിടെ കഥ തീരുന്നു.

പ്രിയപ്പെട്ട വായനക്കാരേ, തമ്പിച്ചേട്ടന്റെ വിനോദം തുടരുന്ന പക്ഷം സൂനാമ്മയെ ശാക്തീകരിക്കേണ്ടതിന് ലീനമാരെ ആവശ്യം ഉണ്ടല്ലോ എന്നു മനസിലാക്കിയിട്ടാണ് വനിതാ ദിനത്തോടനുബന്ധിച്ച് ഞാൻ ഈ കഥ എഴുതിയത്.

ഒരു പത്തു വർഷം എങ്കിലും പിന്നോട്ട് പോയി ചിന്തിക്കേണ്ടതാണ് ഈ കഥ, കാലം മാറി, കഥകൾക്കു പുതിയ നിറമാണ് ഇപ്പോൾ എന്നു നിങ്ങൾക്ക് തോന്നാം. എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ, സൂക്ഷിച്ചു നോക്കിയപ്പോൾ നിറങ്ങൾക്കു തെല്ലും മാറ്റം വന്നിട്ടില്ലാത്ത ഇതുപോലുള്ള കഥകളും തുടർക്കഥ ആണ് എന്ന ബോധ്യത്തോടുകൂടെ തന്നെയാണ് എന്റെ ചെറിയ തൂലിക ചലിച്ചത്.

– മറിയാമ്മ റോയി, സെക്കന്ദരാബാദ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.