ശുഭദിന സന്ദേശം: വഴിപോക്കരും വഴിമുടക്കവും | ഡോ. സാബു പോൾ

അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ് വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും”(യെഹ.39:11).

Download Our Android App | iOS App

പ്രമേഹരോഗിയുടെ മുമ്പിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ ഭക്ഷണത്തിൽ ക്രമീകരണം വരുത്തി സ്ഥിരമായി വ്യായാമം ചെയ്ത് പ്രമേഹത്തെ നിയന്ത്രിക്കാം. അല്ലെങ്കിൽ, ഡോക്ടർ കുറിച്ച് തരുന്ന മരുന്ന് സ്ഥിരമായി കഴിച്ച് പ്രമേയത്തെ നിയന്ത്രിക്കാം. മിക്കവാറും പേർ രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കാൻ സാധ്യത…

post watermark60x60

സമുദായസ്ഥനായ ഒരു വിശ്വാസിയോട് ഒന്നുകിൽ വചനപ്രകാരം നന്നായി ജീവിച്ച് സ്വർഗ്ഗത്തിൽ പോകാൻ ശ്രമിക്കുക, അല്ലെങ്കിൽ മരണസമയത്തും മരണശേഷവും പ്രത്യേക പ്രാർത്ഥനകൾ നടത്തി സ്വർഗ്ഗത്തിലെത്തിക്കാം എന്ന് പറഞ്ഞാൽ രണ്ടാമത്തേത് അദ്ദേഹം എപ്പോഴേ തിരഞ്ഞെടുത്തു കഴിഞ്ഞു….

പെന്തെക്കൊസ്തു സഭാംഗത്തോട് പൈശാചികപ്പോരാട്ടങ്ങളും ആഭിചാരങ്ങളും തകർക്കപ്പെടാൻ വചനപ്രകാരം വിശുദ്ധിയിലും പ്രാർത്ഥനയിലും മുന്നേറുക, അല്ലെങ്കിൽ കൃപാവര പ്രാപ്തനായ ഒരു ദൈവദാസനെ വിളിച്ച് വിടുതൽ ശുശ്രൂഷ നടത്തുക എന്ന് പറഞ്ഞാൽ ”എന്നാൽ പിന്നെ… ഒരു ദൈവദാസനെ വിളിച്ചേക്കാം…” എന്നായിരിക്കും അദ്ദേഹത്തിൻ്റെ മറുപടി….

മുകളിൽ പറഞ്ഞ മൂന്ന് ഉദാഹരണങ്ങളിലും രണ്ടാമത്തെ ഓപ്ഷൻ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം അതാണ് കഷ്ടപ്പാട് കുറവുള്ളത് എന്നതാണ്. എളുപ്പം നടക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം.

മൂന്നു മഹായുദ്ധങ്ങൾ ആസന്ന ഭാവിയിൽ സംഭവിക്കുമെന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.
1️⃣ യഹോശാഫാത്ത് താഴ് വരയിൽ ഗോഗിൻ്റെ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ യഹൂദന് എതിരായി നടത്തുന്ന യുദ്ധം(യെഹ.38,39).
2️⃣ യിസ്രായേലിനു വിരോധമായി എതിർ ക്രിസ്തുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന യുദ്ധം (വെളി.16:16).
3️⃣ സഹസ്രാബ്ദവാഴ്ചയ്ക്കു ശേഷമുള്ള ഗോഗ് – മാഗോഗ് യുദ്ധം(വെളി 20:7-10).

ഇതിൽ ഒന്നാമത്തെ യുദ്ധത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ വേദഭാഗം വരച്ചുകാട്ടുന്നത്. ഗോഗ് റഷ്യയാണെന്നാണ് ഒരു അനുമാനം. (സിമ്മേറിയൻസ്, സ്കിത്തിയൻസ് എന്നൊക്കെയുള്ള ചിന്തകളുമുണ്ട്.)

ഇവിടെ സർവ്വശക്തനായ ദൈവം തൻ്റെ ജനത്തിനായി യുദ്ധം ചെയ്യുമ്പോൾ ശത്രുക്കൾ കൊണ്ടുവന്ന അസംഖ്യം ആയുധങ്ങൾ ഏഴു സംവത്സരം തീ കത്തിക്കാൻ യിസ്രായേലിന് പ്രയോജനപ്പെടുന്നു(വാ.9).

രണ്ടാമതായി, വൈരികളായ സകലപുരുഷന്മാരും വഴിപോക്കരുടെ താഴ് വരയിൽ അടക്കപ്പെടും. അത് തീർത്ത് ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും(വാ.11-12).

*രണ്ട് ചിന്തകൾ*
▪️ആക്രമിക്കാൻ ആയുധങ്ങളുമായി വന്നവരെ അവരുടെ ആയുധങ്ങൾ പിടിച്ചെടുത്ത് പരാജയപ്പെടുത്തിയ ചരിത്രം യിസ്രായേലിനുണ്ട്. അവരുടെ രാഷ്ട്രം രൂപീകരിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ 1948-ൽ നടന്ന യിസ്രായേൽ – അറബ് യുദ്ധത്തിൽ അത് സംഭവിച്ചു. ഈ പ്രവചനം നിറവേറുമെന്നതിൻ്റെ ഉറപ്പ് കൂടിയാണ് പ്രസ്തുത സംഭവം.
▪️മതാചാരങ്ങളും ചടങ്ങുകളുമില്ലാതെയുള്ള കൂട്ട ശവമടക്കം കൊറോണ നമുക്ക് കാണിച്ചു തന്നു. ശവങ്ങളെ അടക്കുവാൻ നിത്യപ്രവൃത്തിക്കാരെ നിയമിക്കും(വാ.14) എന്നതൊക്കെ ഒരു കാലത്ത് അവിശ്വസനീയമായിരുന്നെങ്കിൽ ഇന്നത് കൺമുന്നിൽ സംഭവിച്ചു കഴിഞ്ഞു…..
പലരെയും അടക്കാൻ പ്രാർത്ഥനകളുടെ പിൻബലമില്ലായിരുന്നു.അടക്കിയതെവിടെയെന്നു പോലുമറിയാത്തതിനാൽ ശവകുടീരങ്ങളിലെ തുടർ പ്രാർത്ഥനകളും അസാധ്യമായി.
(വചനപ്രകാരം ജീവിച്ചവർ എവിടെ അടക്കപ്പെട്ടാലും ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവരാകും എന്ന് തിരുവചനം അസന്നിഗ്ദമായി പറയുന്നുണ്ട്.)

പ്രിയമുള്ളവരേ,

മനുഷ്യനിർമ്മിത ആചാരങ്ങളുടെ പൊള്ളത്തരവും അതോടൊപ്പം പ്രവചനത്തിൻ്റെ വിശ്വാസ്യതയും സൂക്ഷ്മജീവി നമ്മെ പഠിപ്പിച്ചു. സത്യവചനത്തിലേക്കടുത്തു വരാം….
വ്യക്തിപരമായി ദൈവവുമായുള്ള ബന്ധത്തിലധിഷ്ഠിതമായ ആത്മീയതയിലേക്ക് മടങ്ങി വരാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...