ചെറുചിന്ത: അസൂയകുക്ഷി!കാൻസർ പോലെ മാരകമാണ്! | പാ. സൈമൺ തോമസ്, കൊട്ടാരക്കര

ഗ്രീക്ക് ഭാഷയിൽ ‘ഞണ്ട് ‘ എന്നർത്ഥം വരുന്ന ‘കാർസിനോമ’ എന്ന വാക്കിൽ നിന്നാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. എല്ലാ മനുഷ്യശരീരത്തിലും കോശങ്ങളുള്ളത് പോലെ എല്ലാ മനുഷ്യമനസ്സിലും അസൂയയുണ്ട്.മനുഷ്യശരീരത്തിലെ കോശങ്ങളുടെ,നിയന്ത്രിക്കാൻ കഴിയാത്ത വളർച്ചയെയാണ് ‘കാൻസർ’ എന്ന് വിളിക്കുന്നത്.ഇതുപോലെ മനുഷ്യമനസ്സിലെ അസൂയ, നിയന്ത്രിക്കാൻ കഴിയാത്തൊരു മാനസികാവസ്ഥയിലെത്തുമ്പോൾ അയാൾ ഒരു ‘അസൂയകുക്ഷി'(വലിയ അസൂയക്കാരൻ)യായി മാറുന്നു.ഇതു വളരെ ഗുരുതരമായ ഒരു മാനസിക അവസ്ഥയാണ്.ഇതിനു അടിയന്തിര ചികിത്സകൾ ആവശ്യമാണ്. ഒരാളുടെ സമ്പത്ത്,ഉയർച്ചകൾ, നേട്ടങ്ങൾ,കഴിവുകൾ എന്നിവയെ പ്രതി മറ്റൊരാൾക്ക് മനസ്സിൽ തോന്നുന്ന ഒരു തരം നീരസമാണ് അസൂയ. ഒരാളിൽ നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ സ്ഥിരമായി അസൂയ ഉണ്ടാകുമ്പോൾ ,ക്രമേണ അയാൾ ദുഷിച്ച ഒരു തരം മാനസിക രോഗത്തിനു അടിമയാകുമെന്നാണ് മനഃശാസ്ത്രനിരീക്ഷണം.ഇതിന്റെ ലക്ഷണങ്ങൾ അയാളുടെ വാക്കുകളിലും, പ്രവർത്തികളിലും പ്രകടമാകും.ഇങ്ങനെ ഉള്ളവരിൽ ഒരിക്കലും ഒരു സമാധാനാന്തരിക്ഷം ഉണ്ടാകുകയില്ല. ഇവരെ പൊതുവെ ‘വഴക്കാളികൾ’ എന്ന പേരിൽ അറിയപ്പെടും.തത്ഫലമായി നരഹത്യ, മറ്റുള്ളവരെ ശാരീരികമായും മാനസികമായും പീഡീപ്പിക്കുക,മറ്റുള്ളവരുടെ അവസരങ്ങൾ, പദവികൾ എന്നിവ നഷ്ടമാക്കുക, മറ്റുള്ളവരുടെ വസ്തുക്കൾക്കും സമ്പത്തിനും ഹാനിയുണ്ടാക്കുക എന്നിവ സംഭവിക്കുന്നു.ഇത് തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ ദൈവവചനത്തിൽ നിന്നും നമുക്ക് പരിശോധിക്കാം.
1.നല്ലഭാവി:— യോസേഫിനു നല്ലഭാവി യുണ്ടാകും എന്ന് മനസ്സിലാക്കിയ തന്റെ സഹോദരങ്ങൾക്ക് യോസേഫിനോട് അസൂയയും വെറുപ്പും തോന്നി(ഉല്പ37:11).അവർ യോസേഫിനെ വധിക്കാൻ തീരുമാനിച്ചു. അവർ യോസേഫിനെ പൊട്ടകിണറ്റിൽ ഇട്ടു.
2. സാമ്പത്തിക ഉയർച്ച:— ഗരാരിൽ പാർത്ത യിസാഹാക്കിന് ഉണ്ടായ ഭൗതിക ഉയർച്ചയിൽ ഫെലിസ്ത്യർക്കു യിസാഹാക്കിനോട്‌ അസൂയ തോന്നി.(ഉല്പ26:12,14).സമാധാനം നഷ്ടപ്പെട്ട യിസാഹാക്കിന് ദേശം വിട്ടു പോകേണ്ടി വന്നു.
3. ഉന്നതവിജയവും ആദരവും:— ദാവീദിനു യുദ്ധത്തിൽ ലഭിച്ച വിജയവും ആദരവും കണ്ടപ്പോൾ, ശൗലിന് ദാവീദിനോട്‌ കണ്ണുകടി തുടങ്ങി(1ശമു18:6-9).ശേഷം ശൗൽ ദാവീദിനെ കൊന്നുകളയുവാൻ പലവട്ടം ശക്തമായ പരിശ്രമങ്ങൾ നടത്തി.
4.ചില അനുഗ്രഹങ്ങൾ ഇല്ലാത്തതിനാൽ:— മക്കൾ ഇല്ലാത്ത റാഹേലിനു, മക്കളുളള തന്റെ സഹോദരിയായ ലേയയോട് അസൂയതോന്നി(ഉല്പ30:1).ഇത് കുടുംബകലഹത്തിനു കാരണമായി.
5.ആത്മീയഉയർച്ചയും സൗഖ്യവും:—യെരൂശലേമിൽ അപ്പൊസ്തലന്മാരാൽ ഉണ്ടായ ഉണർവ്വിൽ അനേകം രോഗികളും ദുരത്മാക്കൾ ബാധിച്ചവരും സൗഖ്യമായി.ഇതിൽ അസൂയപൂണ്ട മഹാപുരോഹിതന്മാരും സദ്ദുക്യരും അവരെ പിടിച്ചു തടവിലാക്കി(അപ്പൊ:5:17,18).
അസൂയക്കും കഷണ്ടിക്കും മരുന്നില്ലന്നാണ് വയ്പ്പ്.ഇന്ന് കഷണ്ടിക്കു പലതരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്.എന്നാൽ, ഒരു വിപണിയിലും അസൂയക്ക് മരുന്ന് ലഭ്യമല്ല.അസൂയ മനുഷ്യഹൃദയത്തെയാണ് ബാധിക്കുന്നത്.(സദൃ.23:17).അതുകൊണ്ട് ചികിത്സ നടക്കേണ്ടത് അകത്തെ മനുഷ്യനിലാണ്.അതിനു 100% ഫലപ്രദമായ അഞ്ചു കൂട്ടം മരുന്നുകൾ ദൈവവചനത്തിൽ ലഭ്യമാണ്.
1. പുനർജനനസ്നാനം:— ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്ന മനുഷ്യന്റെ അകത്ത് ,യേശുക്രിസ്തു ഉരുവാകുമ്പോൾ,ദൈവത്തിന്റെ അളവറ്റ കൃപയാൽ മനുഷ്യനിൽ നടക്കുന്ന നിതീകരണ(ശുദ്ധികരണ)പ്രക്രീയയാണ് പുനർജനനസ്നാനം(തീത്തോ3:3-7).
2.പരിശുദ്ധാത്മാവിന്റെ നവീകരണം:— പുനർജനനസ്നാനത്താൽ അശുദ്ധഹൃദയത്തോട് വിട പറഞ്ഞ പുതുമനുഷ്യനിൽ, യേശുക്രിസ്തു മൂലം ധാരാളമായി പകരുന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളാൽ മനുഷ്യനിൽ നടക്കുന്നതാണ് ‘പരിശുദ്ധാത്മാവിന്റെ നവീകരണം'(തീത്തോ3:3-7). നവീകരണം എന്ന വാക്കിനു ‘വീണ്ടും ബലപ്പെടുക’, ‘വീണ്ടും പ്രവർത്തനക്ഷമമാക്കുക’എന്നീ അർത്ഥങ്ങൾ ഉള്ളതിനാൽ ഈ പ്രക്രീയ നിരന്തരമായി മനുഷ്യന്റെയുള്ളിൽ നടക്കണം.തത്ഫലമായി ഏത് കടുത്ത അസൂയയെയും സൗഖ്യമാക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്നേഹം,സന്തോഷം, ദീഘക്ഷമ,ദയ, പരോപകാരം,വിശ്വസ്ഥത, സൗമ്യത,ഇന്ദ്രിയജയം എന്നിവയാൽ മനുഷ്യൻ നിറയപ്പെടും.
3.മായമില്ലാത്ത പാൽ കുടിക്കണം:—അപ്പൊസ്തലനായ പത്രോസ് പറയുന്നത്: അസൂയക്ക് നീക്കം വന്നാൽ ‘രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ’ എന്നാണ്.(1പത്രോ2:1,2).
4. എല്ലായിപ്പോഴും ഭക്തിയോടിരിക്ക :—”നിന്റെ ഹൃദയം പാപികളോടെ അസൂയപ്പെടരുത്, നീ എല്ലായിപ്പോഴും ഭക്തിയോടിരിക്ക”(സദൃ.23:4).
5. ദുഷ്ടന്മാരോടൊപ്പം ഇരിക്കരുത് :— “ദുഷ്ടന്മാരോട് അസൂയപ്പെടരുത്, അവരോട് കൂടെ ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്(സദൃ.24:1).

Download Our Android App | iOS App

പാസ്റ്റർ സൈമൺ തോമസ്

-ADVERTISEMENT-

You might also like
Comments
Loading...