യൂത്ത് കോര്‍ണര്‍: വ്യത്യസ്തനാവുക (be different) | ഷെറിന്‍ ബോസ്
കാലേബോ അവൻ വേറൊരു സ്വഭാവമുള്ളവനായിരുന്നു, ദൈവം സാക്ഷ്യപ്പെടുത്തിയ ഒരു വ്യക്തിത്വം. ഇപ്രകാരം നാമകരണം ദൈവത്തിൽനിന്ന് ലഭിക്കുന്നതിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ തീവ്രമായ ആത്മസമർപ്പണവും അനവധി ദൈവകൃപയും ആവശ്യമാണ്. ഒഴുക്കിനെതിരെ നീന്തുന്നവനെ ആഴത്തിൽ നിലയുറപ്പിക്കാൻ കഴിയുകയുള്ളു എന്നത് പരമസത്യം. ജീവിച്ചിരിക്കുന്ന ആയുസ്സിൽ ജീവിച്ചസമൂഹത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയെന്നത് ഏതൊരു മനുഷ്യന്റേയും അഭിലാഷമാണ് .
എന്നാൽ സമൂഹം “ന്യൂ ജെൻ” എന്ന നാമകരണം നല്കിയ യുവജനങ്ങൾ തങ്ങളുടെ വേഷഭൂഷാദികളിലും, കാഴ്ചപ്പാടിലും, പെരുമാറ്റത്തിലുമെല്ലാം ഒരേ ദിശയിലാണോ യാത്രയെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. കാരണം, അനുകരണസ്വഭാവത്തിന്റെ അതിപ്രസരണത്താൽ തങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആരാധനാ താരത്തിനെ അതുപോലെ തന്നെ പകർത്തി, അങ്ങനെ തന്നെ ജീവിക്കാൻ താൽപര്യപ്പെടുന്നതുകൊണ്ട്.ഏതെങ്കിലും വിധത്തിൽ ലേശം മാറ്റം മറ്റുള്ളവരിൽ നിന്ന് പാലിച്ചാൽ ഒരുപക്ഷെ അവർ അപരിഷ്കൃതരും, trendy അല്ലാത്തവരുമാകും. ചിലപ്പോൾ ജീവിതത്തിൽ,കലാലയങ്ങളിൽ, സമൂഹത്തിൽ വ്യത്യസ്തരാകുന്നവർക്ക് കൂടെയുള്ളവരിൽ നിന്ന് സൗഹൃദം പോലും പ്രതീക്ഷിക്കുവാൻ കഴിയുകയില്ല.
ദൈവം തന്റെ പദ്ധതിയുടെ ദൗത്യം നിർവഹിക്കുവാൻ തിരഞ്ഞെടുത്ത വ്യക്തികളെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ തങ്ങൾ നിലനിന്നിരുന്ന സമൂഹത്തിൽ വേറൊരു സ്വഭാവത്തോടെ വ്യത്യസ്ത പുലർത്തിയവരെയാണെന്ന് വചനം പരിശോധിച്ചാൽ മനസിലാക്കുവാൻ സാധിക്കും. ഹാനോക്ക്, നോഹ,അബ്രഹാം, യോസേഫ്, മോശ, യോശുവ, ഗിദയോൻ, ദാവീദ്, ദാനിയേൽ, യോഹന്നാൻ സ്നാപകൻ, പത്രോസ്, പൗലോസ് തുടങ്ങി അനേകരുടെ ജീവിതം മാതൃകയാക്കാൻ മുൻപിൽ വ്യക്തമായി നമുക്ക് വരച്ചുലഭിച്ചിരിക്കുന്നു.
ദൈവത്തിന് സാക്ഷ്യമുള്ള വേറൊരു സ്വഭാവത്തിനുടമയാകാൻ ആർക്കും എളുപ്പവഴികൾ ഒന്നുമില്ല. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാമധ്യായത്തിൽ യേശുകർത്താവ് ഉപമിച്ചിരിക്കുന്ന മുന്തിരിവള്ളിയോട് സമമായി ജീവിതം ക്രമീകരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവുമില്ല. നമ്മുടെ ഉള്ളിൽ സ്വീകരിച്ച രക്ഷകനും കർത്താവുമായ യേശുക്രിസ്തുവിൽ വസിച്ചു, അവനെ മാതൃകയാക്കി, അവനെപ്പോലെ ജീവിക്കുവാൻ തീവ്രസമർപ്പണത്തോടെ തയ്യാറായാൽ ദൈവം നമ്മെ സാക്ഷ്യപെടുത്തും. നിങ്ങൾ വ്യത്യസ്തരാകുവാൻ തീരുമാനിക്കുമ്പോൾ
സമൂഹത്തിന്റെ മുൻപിൽ നിങ്ങൾ നിന്ദാപാത്രരാവുമെന്ന കാര്യം മറക്കരുത്. എന്തുകൊണ്ടെന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ യേശുക്രിസ്തു നിങ്ങളെ വിലനൽകി തിരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ പകയ്ക്കുന്നു. ഒരുപക്ഷെ നിങ്ങൾ അവരിലൊരാളായിരുന്നുവെങ്കിൽ, അവർക്ക് നിങ്ങൾ സ്വന്തമായതിനാൽ നിങ്ങളെ സ്നേഹിക്കുമായിരിക്കും.
പ്രിയരേ ചില നഷ്ടങ്ങൾ, വേർപാടുകൾ, അതിർവരമ്പുകൾ ഒക്കെ ജീവിതത്തിൽ ഉണ്ടായാലും; നമ്മിലൂടെ പുറത്തുവരുന്ന ദൈവീകമഹത്വത്തിന്റെ വലിപ്പം ഇതൊക്കെ നിസ്സാരമെന്നെണ്ണുവാൻ സഹായിക്കും.
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ ശ്രദ്ധിക്കു; യൗവ്വനകാലത്തിൽ നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക. കർത്താവു വരാറായി, ആയതിനാൽ നമ്മിൽ വസിച്ചിരിക്കുന്നവനോട് അനുരൂപപെട്ടിട്ട് അവന്റെ സ്വഭാവമുള്ളവരായി ജീവിച്ചുജയിക്കാം.
മാറാനാഥാ ….
ഷെറിൻ ബോസ്




- Advertisement -