ചെറു ചിന്ത: കൊടുത്താൽ കൊല്ലത്തും കിട്ടും | പാസ്റ്റർ ജെൻസൻ ജോസഫ്

മുകളിൽ ഉദ്ധരിച്ച പഴഞ്ചൊല്ല് ഒരു മുന്നറിയിപ്പ് പോലെയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്….

ഒരുവൻ ചെയ്ത പ്രവർത്തിയുടെ പ്രതിഫലം പേടിച്ചു അവൻ ഇനി എത്ര ദൂരെ പോയാലും അതു ചെല്ലുന്നിടത്തു വച്ചു കിട്ടാതിരിക്കില്ല എന്നാണ് വിപക്ഷിക്കുന്നത്…

നാം ചെയ്തതു നല്ലതാകിലും ചീത്തയായാലും തക്കവണ്ണം പ്രാപിക്കേണ്ടതിനു ന്യായസനത്തിനു മുൻപാകെ നിൽക്കേണ്ടി വരും എന്ന് വചനം ഓർമിപ്പിക്കുന്നു….
പുതിയനിയമ കാലത്തായാലും പഴയനിയമ സമയത്തായാലും ഒരുവന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം ദൈവത്തിൽ നിന്നും ന്യായവിധി ഉണ്ടായിട്ടുണ്ട് എന്നുള്ളത് വചനത്തിൽ നമുക്ക് കാണുവാൻ കഴിയും….

കൃപായുഗത്തിന്റെ പരിരക്ഷ ഉണ്ടെന്നു കരുതുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് ഭൂഷണം ആണെന്ന് തോന്നുന്നില്ല…

ന്യായധിപന്മാരുടെ പുസ്തകത്തിൽ ഗിദയോന്റെ ശെഖേമിലെ വെപ്പാട്ടി പുത്രനായ അബീമേലെക്കിന്റെ ചരിത്രം നമുക്ക് കാണുവാൻ സാധിക്കും.
അവൻ തന്റെ അമ്മയുടെ നാട്ടുകാരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി അവരിൽ നിന്നും പണം വാങ്ങി, ആ പണം കൊണ്ട് തുമ്പ് കെട്ടവരും നിസ്സാരന്മാരുമായവരെ തിരഞ്ഞെടുത്തു അവർക്ക് നായകൻ ആയിത്തീർന്നു…

ഇക്കാലത്തും ഇങ്ങനെ ഉള്ളവർ നമുക്ക് ചുറ്റും ഉണ്ട്. ആത്മീയ ഗോളത്തിൽ ഇതിന്റെ മറ്റൊരു പതിപ്പ് കാണുവാനും സാധിക്കും
എന്തെന്നാൽ പണം കൊടുത്തു സഭയിലെ പലരെയും വശത്താക്കി അവരെ അവനുടെ സ്തുതിപാടകന്മാരാക്കി ആ നിസ്സാരന്മാരുടെ നേതാവായി നിന്നുകൊണ്ട് സഭയുടെ അന്തസത്ത തകർക്കുന്നവർ ഇന്നിന്റെ ആത്മീയരുടെ ഇടയിൽ ഉണ്ട്..

മാത്രമല്ല…. അവൻ തന്റെ സഹോദരൻമാരായ ഗിദയോന്റെ എഴുപത് പുത്രന്മാരെ പിടിച്ചു കല്ലിന്മേൽ വച്ചു കൊന്നു യിസ്രായേലിന്റെ പുതിയ ന്യാധിപനായി അധികാരം പിടിച്ചെടുത്തു….
എന്നാൽ അവരിൽ നിന്നും തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ട യോഥാം
നഗരവാസികളോട് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്…

ഞങ്ങളുടെ പിതാവ് ആയ ഗിദയോൻ നിങ്ങൾക്കുചെയ്ത ഉപകാരങ്ങൾ ഓർക്കാതെ ഒരുവന്റെ വാക്കിനുമുന്പിൽ അവന്റെ പുത്രന്മാരെ മരണത്തിനു ഏല്പിച്ചുകൊടുത്തു നിങ്ങൾ ചെയ്തത് മുള്ളിനെ രാജവാക്കിയതിനു തുല്യമാണ്..

ചിലരുടെ വാക്കുകൾക്ക് മുൻപിൽ സ്വയം മറന്നു തലകുലുക്കുമ്പോൾ ഓർത്തുകൊള്ളുക… ചിലപ്പോൾ നാം നിരപരാധികളുടെ ശവക്കുഴി തോണ്ടുകയായിരിക്കും..

നിന്നെ പക്ഷത്താക്കി നിന്റെ പിന്തുണ മേടിച്ചു ഒരുവന്റെ ജീവിതവും അവന്റെ ഭാവിയും തകർക്കുമ്പോൾ ആ സൗഹൃദം എന്നേക്കും നിലനിൽക്കാതെ നിനക്കും ഒരു കെണിയായി ഭാവിയിൽ വരും എന്നുള്ളത് ഓർക്കുന്നത് നന്നായിരിക്കും..

പിന്നീടുള്ള അബീമേലേക്കിന്റെ ജീവിതം നോക്കുമ്പോൾ അവനും അവനു പിന്തുണ നൽകിയ ശെഖേം പൗരന്മാരുമായി അവനു ശിദ്രിപ്പു ഉണ്ടാകുകയും അവനു വിരോധനമായി പതിയിരുപ്പു നടത്തുകയും ചെയ്യുന്നതായി കാണാം…
എന്നാൽ അബീമേലേക് ശെഖേമ്യരെ തോൽപിച്ചു ഗോപുരത്തിൽ വച്ചു തീയിടുകയും പട്ടണക്കാരെ അനേകരെ കൊന്നൊടുക്കുകയും ചെയ്യുന്നു…

എന്നാൽ അവൻ തേബസിൽ പട്ടണം പിടിക്കുവാൻ ചെല്ലുമ്പോൾ അവിടുത്തെ പട്ടണക്കാരത്തി അവന്റെ തലമേൽ തിരുകല്ലു തള്ളിയിട്ടു ആ പട്ടണത്തെ അവനിൽ നിന്നും രക്ഷിക്കുന്നു…

തന്റെ സഹോദരന്മാരെ ഏതു വസ്തുവിൽവച്ചു കൊന്നുവോ അതേപോലുള്ള വസ്തു അവന്റെ തലയിൽ ഇട്ടു അവനെ മരണത്തിന്റെ വക്കോളം ദൈവം എത്തിച്ചു…

ന്യായാധിപന്മാർ 9:56
അബീമേലെക്ക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.

സ്‌ഥാനത്തിനോ, മാനത്തിനോ, പേരിനോ, പ്രശസ്തിക്കോ വേണ്ടി സഹോദരങ്ങൾക്ക് നേരെ പ്രയോഗിക്കുന്ന ആയുധങ്ങൾ ഒരിക്കൽ നിന്നിലേക്ക്‌ തിരിഞ്ഞു നിന്റെ പതനത്തിനു കാരണമായി തീരും എന്നറിഞ്ഞു….
സഹോദരനെ നിസ്സാരമായി കാണാതെ ക്രിസ്തുവിന്റെ ഭാവം നമ്മിൽ ഉള്ളവരായി സഹോദരപ്രീതിയിൽ സ്ഥായീപൂണ്ടു ക്രിസ്തുവിന്റെ അനുയായികളായ ജീവിക്കുവാൻ നമുക്ക് കഴിയട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു…..

പാസ്റ്റർ ജെൻസൻ ജോസഫ്

-Advertisement-

You might also like
Comments
Loading...