പുതുവത്സരചിന്തകൾ: 2020 – ഓർക്കാനും…ഒരുങ്ങാനും | പാ. സൈമൺ തോമസ്, കൊട്ടാരക്കര

2021 ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുന്നു.ചരിത്രത്തിന്റ ഭാഗമാകാൻ ഇനി ചില മണിക്കൂറുകൾ മാത്രം. 2020-ൽ കോവിഡ് -19 എന്ന ആഗോള മഹാമാരി മാനവസമൂഹത്തിൽ ഉണ്ടാക്കിയ വിപത്തുകളും മാറ്റങ്ങളും ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല.
മഹാമാരി നിമിത്തം ലോകമെമ്പാടും ഉള്ള ദൈവസഭകളുടെ പ്രവർത്തനരീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. കൂടിവരവുകളിൽ ഉണ്ടായ മാറ്റമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

Download Our Android App | iOS App

ഓർക്കാം, ആ നല്ല നാളുകൾ

post watermark60x60

മുൻവർഷങ്ങളിൽ ഒരു തടസവും, നിയന്ത്രണവും കൂടാതെ ദൈവസഭകളിൽ നടന്നിരുന്ന ഒന്നായിരുന്നു വർഷവാസനകൂടിവരവുകൾ. കൺവൻഷനുകൾ, ഉപവാസപ്രാർത്ഥനകൾ, ആണ്ടറുതിയോഗങ്ങൾ എന്നിവ വർഷാവസാനകൂടിവരവുകളിൽ യഥേഷ്ടം നടത്തപ്പെട്ടു .ഭൂരിപക്ഷം ദൈവദാസന്മാരും ദൈവമക്കളും ഈ ദിനങ്ങൾ ഉപവാസത്തിനും, പ്രാർത്ഥനക്കും ദൈവവചനകേൾവിക്കും സമയങ്ങൾ വേർതിരിച്ചു. ജോലി ചെയ്യുന്നവർ അവധിയെടുത്ത് ആവേശത്തോടെ ഉപവസിച്ച ദിവസങ്ങൾ. പ്രായവത്യാസമില്ലാതെ ഏവർക്കും സംബന്ധിക്കാമായിരുന്ന ദിവസങ്ങൾ.പ്രാപിച്ച ദൈവകൃപയുടെ നിറവിനാൽ നവ ചൈതന്യത്തോടെ പുതുവർഷത്തിലേക്കു പ്രവേശിക്കാൻ കഴിഞ്ഞ ദിവസങ്ങൾ . ഈ കൂട്ടായ്മകൾ എല്ലാവിധത്തിലും ദൈവമക്കൾക്ക് ഒരു അനുഗ്രഹമായിരുന്നു എന്നത് ഒരു തർക്കമറ്റ വിഷയമാണ്.
ഇന്നും ഇവയൊക്കെ പല മാർഗങ്ങളിലൂടെ നടക്കുന്നുണ്ടങ്കിലും എല്ലാം ‘നിയന്ത്രണവിധേയം’.നമുക്ക് പ്രാർത്ഥിക്കാം ‘ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.'(വിലാപങ്ങൾ 5:21).

അർപ്പിക്കാം,
സ്തോത്രയാഗം
ആരാധനക്കുള്ള നിയന്ത്രണവും, പ്രതികൂലസാഹചര്യങ്ങളും ഇപ്പോഴും നമ്മുടെ മുമ്പിൽ ഉണ്ടെങ്കിലും, ദൈവം അനുവദിച്ചാൽ 2021-ൽ എല്ലാതലത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാകും എന്നുള്ള ശുഭപ്രതീക്ഷയും പ്രാർത്ഥനയും നമ്മളിൽ ഉണ്ടാകണം. സാഹചര്യം എന്തായാലും ഈ വർഷം ദൈവം നടത്തിയ വിധങ്ങളും, തന്ന നന്മകളും , വിടുതലുകളും ഓർത്ത്‌ ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കാം. ‘സ്തോത്രം’ എന്ന വാക്കിനു ‘നന്ദി’ എന്നാണ് അർത്ഥം.’നാം മുടിഞ്ഞു പോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു , അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ, അതു രാവിലെ തോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു.'(വിലാപങ്ങൾ 3:22,23).

ചെയ്യാം, ഹൃദയ ശോധന
**************†********
മാത്രമല്ല ഈ വർഷം ജീവിതത്തിൽ ഉണ്ടായ കുറവുകളും, പരാജയങ്ങളും കണ്ടു പിടിക്കാനും, ദൈവസന്നിധിയിൽ ഒരു മാറ്റത്തിനായി വിധേയപ്പെടുകയും ചെയ്യാം .’ഓരോരുത്തൻ താന്താന്റെ പാപങ്ങളെ കുറിച്ചു നെടുവീർപ്പിടട്ടെ’. (വിലാപങ്ങൾ 3:39).ശേഷം തന്നത്താൻ ശോധന ചെയ്ത് ദൈവത്തിങ്കിലേക്ക് തിരിയുക.

എടുക്കാം, നല്ല തീരുമാനങ്ങൾ
നടപ്പിലാക്കാൻ കഴിയും എന്നുള്ള ഉറപ്പോടെ നല്ലനാളെക്കായി ചില തീരുമാനങ്ങൾ എടുക്കാം.സ്വയത്തിൽ ആശ്രയിക്കാതെ അതിനുള്ള ദൈവകൃപക്കായി ദൈവത്തോട് പ്രാർത്ഥിക്കണം. സാധാരണയായി ദൈവമക്കൾ എടുക്കാറുള്ള ചില തീരുമാനങ്ങൾ ഒരു പുനർവായനക്കും മാറ്റത്തിനുമായി താഴെ കൊടുക്കുന്നു.
1. എല്ലാദിവസവും ബൈബിൾ വായിക്കും, അതു ധ്യാനിക്കും.
2. മുടങ്ങാതെ കുടുംബപ്രാർത്ഥന നടത്തും, സംബന്ധിക്കും.
3. കൂടുതൽ ഉപവസിക്കും, പ്രാർത്ഥിക്കും.
4.ആരുമായും വഴക്കിടില്ല.
5. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആർക്കും ഒരു ദോഷവും ചെയ്യുകയില്ല.
6. പരമാവധി കടം വാങ്ങുകയില്ല. ചെലവ് ചുരുക്കും.
7. ദൈവം തരുന്ന ഭൗതിക നന്മകളിൽ നിന്നും ദൈവദാസന്മാർക്കും, സുവിശേഷവേലക്കും,പാവപ്പെട്ടവർക്കും സന്തോഷത്തോടെ നൽകും.
8. കോപം, ഭക്ഷണം എന്നിവ നിയന്ത്രിക്കും.
9. മടി, അലസത, അസൂയ, ദുഷ്ചിന്തകൾ എന്നിവയെ ജയിക്കും.
10. നന്നായി പഠിക്കും, അപ്പനെയും അമ്മയെയും ബഹുമാനിക്കും.

ഒരുങ്ങാം നല്ല നാളെക്കായി
****-*********************
കോവിഡ് എന്നു മാറുമെന്ന് ആർക്കും അറിയില്ല.ഈ അടുത്തകാലത്ത് നടത്തിയ ഒരു സർവേയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൂടിവരവുകളുടെ അഭാവത്താൽ അനേകർ പിന്മാറ്റത്തിലേക്ക് പോയിരിക്കുന്നു . ഇതിൽ ഏറ്റവും കൂടുതൽ യുവാക്കളാണ്. ‘അന്ത്യകാലത്തു വിശ്വാസം കണ്ടത്തുമോ?’ എന്ന ചോദ്യത്തിന്റ പ്രസക്തി ഇവിടെ നാം വിസ്മരിക്കരുത്. നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റ വരവ് അടുത്തിരിക്കുന്നു. പുതുവർഷത്തിലും നമുക്ക് കർത്താവിന്റെ വരവിനായി, ഒട്ടും പിന്മാറാതെ ഒരുക്കത്തോടെ ആയിരിക്കാം.

പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

-ADVERTISEMENT-

You might also like
Comments
Loading...