ചെറു ചിന്ത: വല്യമ്മച്ചിമാർ നടത്തുന്ന ക്രെഷ് | മറിയാമ്മ റോയി, സെക്കന്തരാബാദ്

കൊച്ചുമക്കളുടെ (ക്രെഷ്!)നടത്തുന്ന ഒരു അമ്മച്ചിയുടെ പ്രയാസം അടുത്തയിടെ ഞാൻ നേരിൽ കണ്ടു. അങ്ങനെയുള്ള വേറെ പലരെയും കണ്ടിട്ടുണ്ട്.
പക്ഷേ, ഇത് ഇമ്മിണി കൂടിപ്പോയി!
അറുപത്തിയഞ്ചു വയസ്സ് കഴിഞ്ഞ അമ്മച്ചിയേയും നട്ടെല്ലിന് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന അപ്പച്ചനേയും അവരുടെ ലോകത്ത് വെറുതെ വിടാനുള്ള ഭാവം അവരുടെ മക്കൾക്ക് ഇല്ല.
മക്കളും മരുമക്കളും വിദേശത്ത് ജോലിക്കാരാണ്.
കൊച്ചുമക്കളിൽ മൂത്തയാൾ നാലാം ക്ലാസുകാരി, നാലുകാലിൽ നടക്കുന്ന പ്രായം കഴിഞ്ഞല്ലോ, ആശ്വാസം. പിന്നെയുള്ളത് ഒരു തടസ്സവും കൂടാതെ എല്ലാ സേവനവും ഉറപ്പാക്കി വല്യമ്മച്ചിയെ നൂറുശതമാനം ചൂഷണം ചെയ്യുന്ന രണ്ട്
(കാള)ക്കുട്ടന്മാർ! അവർ തമ്മിൽ വലിയ പ്രായവ്യത്യാസം ഇല്ല. രണ്ട് കുട്ടൻന്മാർക്കും ഒരേ നേരത്ത് പാല് വേണം. ഒരേ കപ്പിൽ വേണം. അമ്മച്ചി തന്നെ കുടിപ്പിക്കണം. മാത്രമോ അമ്മച്ചിയുടെ ഏണിൽ ഇരുന്നു തന്നേ വേണം. അങ്ങനെ അവരുടെ
ആജ്ഞാനുസരിയായി വല്യമ്മച്ചി ദിവസം മുഴുവൻ അനുസരണയുള്ള കുട്ടിയായി പ്രവർത്തിച്ചില്ലെങ്കിൽ അന്തരീക്ഷം വഷളാകും. സ്വന്തം തലമുടി ചീകി ഒതുക്കിവയ്ക്കാൻ ആ വല്യമ്മച്ചിക്കു സമയമില്ല. രണ്ട് ഏണിലും രണ്ട് കുട്ടികളുമായി മുഷിഞ്ഞ വേഷമണിഞ്ഞ് ക്ഷീണിച്ച് അവശയായി ഇരിക്കുന്നു ആ വല്യമ്മച്ചി.
ഒരായുസ്സ് മുഴുവനും അധ്വാനിച്ചശേഷമാണ് വാർധക്യത്തിൽ എത്തിയിരിക്കുന്നത്. അവരുടെ കഠിനാധ്വാനം കൊണ്ട് ഒരു സ്ഥാനത്ത് എത്തിയിരിക്കുന്ന മക്കൾ വിശ്രമജീവിതത്തിനുള്ള അവസരം അവർക്കു കൊടുക്കണം. ഇത്രയും അദ്ധ്വാനിക്കാനുള്ള ആരോഗ്യം അവർക്കില്ല. മക്കളെ വളർത്തിയതിനേക്കാൾ പെടാപ്പാടാണ്
കൊച്ചുമക്കളെ വളർത്താൻ അവർ അനുഭവിക്കുന്നത്. അവർ പകൽ നേരത്ത് അല്പം ഒന്ന് ഉറങ്ങിക്കൊള്ളട്ടെ. കുറച്ച് നടക്കാൻ പോകട്ടെ. ഏറെ നേരം പ്രാർത്ഥിക്കുവാൻ അവരുടെ അന്തരാത്മാവ് പ്രേരിപ്പിക്കുന്നുണ്ട്. മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും വേണ്ടി അവർ പ്രാർത്ഥിക്കട്ടെ. വചനം വായിക്കാനും സംഗീതം കേൾക്കാനും അവർ ഇഷ്ടപ്പെടുന്നു. മറ്റു പുസ്തകങ്ങളും വായിക്കട്ടെ. ഈ പ്രായത്തിലും അവരുടെ
താലന്തുകൾ
ഉപയോഗിച്ചോട്ടെ. തുന്നലും ചിത്രരചനയും ചെയ്യുന്നവരുണ്ട്. എഴുത്തുകാരുണ്ട്. എല്ലാറ്റിലും ഉപരിയായി അവരുടെ വലിയ ജീവിത അനുഭവത്തിൽനിന്ന് വളർന്നുവരുന്ന തലമുറയിലേക്ക് ഒത്തിരി പകരാൻ ഉണ്ട്. ചെറുപ്പക്കാരികളെയും പെൺകുട്ടികളെയും തങ്ങളുടെ ഉത്തരവാദിത്വങ്ങളിലും ആത്മീയ ജീവിതത്തിലും സ്ഥിരതയുള്ളവരായി നിൽക്കാൻ വേണ്ട രഹസ്യങ്ങൾ അമ്മച്ചിമാർ പറഞ്ഞുകൊടുക്കും. (തീത്തോസ് 2:2- 6)
വല്യമ്മച്ചിമാർ
കൊച്ചുമക്കളെ സ്നേഹിക്കുന്നു, കൊച്ചുമക്കൾ തിരിച്ചും. എന്നുകരുതി അവരുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും അമ്മച്ചിയെ
ഏൽപ്പിക്കാതിരിക്കാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. കൊച്ചുമക്കൾക്ക് അനുഭവകഥകളും ആത്മീയ അനുഭവങ്ങളും വല്യമ്മച്ചിമാരിൽനിന്ന് ലഭ്യമാകും. അത് സാധ്യമാക്കുക.
ഇനി മുതൽ വല്യമ്മച്ചിയെ എല്ലാ വീട്ടുകാര്യങ്ങളിൽനിന്നും ഒഴിവാക്കി നിഷ്ക്രിയരായി ഒരു മൂലയിൽ ഒതുക്കി കൂട്ടണം എന്നല്ല ഇതിനർത്ഥം. കുടുംബാംഗങ്ങൾ അതിന് ശ്രമിക്കരുത്.
അടുക്കളയിൽ മനോഹരമായ ഒരു ചെറിയ മേശയും കസേരയും ഒരുക്കിയിരിക്കുന്നത് കണ്ട് കാര്യം ചോദിച്ചപ്പോൾ വീട്ടമ്മ പറഞ്ഞു, അമ്മച്ചിക്ക് ഇരുന്ന് പച്ചക്കറി അരിയാൻ ക്രമീകരിച്ചതാണ്. പല ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള അമ്മച്ചിയാണ് തന്നോടൊപ്പം ഉള്ളത്. എന്നാൽ അവർക്ക് ചെയ്യാവുന്ന ചെറിയ കാര്യങ്ങളിൽ
വ്യാപൃതരാക്കിയാൽ കൂടുതൽ ഊർജ്ജസ്വലത ഉള്ളവരായിത്തീരും.
ഒടുവിൽ, കുട്ടികളെ വളർത്തേണ്ടത് സ്വന്തം അപ്പനമ്മമാർ തന്നെയാണെന്ന് വളച്ചുകെട്ടില്ലാതെ പറയട്ടെ! അല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എപ്പോഴാണ് നിങ്ങളുടെ സ്വന്തം മക്കളുടെ കളിയും ചിരിയും കാണാനും അവരെ ഊട്ടാനും ഉറക്കാനും അവരെ ഒരുക്കി സ്കൂളിൽ വിടാനും മറ്റും അവസരം ലഭിക്കുന്നത്? അതൊക്കെ വലിയ ജീവിത അനുഭവങ്ങളാണ്. അതു നഷ്ടപ്പെടുത്തരുത്. റിട്ടയർ ആയിക്കഴിഞ്ഞ് അഥവാ മക്കൾക്കുവേണ്ടി സമ്പാദിച്ചുകഴിഞ്ഞാൽ അവർക്കുവേണ്ടി ജീവിക്കാം എന്ന സ്വപ്നം വേണ്ട. അപ്പോഴേക്കും അവർ മറ്റൊരു
കുടുംബമായിക്കഴിയും. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ അവരോടൊപ്പം ആയിരിക്കുക. കൂടുതൽ ശമ്പളം കിട്ടുന്ന ജോലി
അപ്പനമ്മമാരിൽ ആർക്കാണെന്ന് നോക്കുക, മറ്റേയാൾ മക്കളുടെ കാര്യം നോക്കട്ടെ. പാവം വല്യമ്മച്ചിമാരെ ഓടിക്കരുത്. അവർ ഇനിയും നുകം ചുമക്കുന്നത് ശരിയാണോ?

ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഉതകുമല്ലോ.

മറിയാമ്മ റോയി, സെക്കന്തരാബാദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.