ലേഖനം: കൈവിട്ടു കളയരുതേ…… ജീവിതം… | സജിനി ഫിന്നി, കൊൽക്കത്ത
കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിക്കാൻ പോകുന്ന അംഫൻ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകൾ കേട്ടപ്പോൾ, ടെറസ്സിൽ വെച്ചിരിക്കുന്ന ചെടിച്ചട്ടികൾ താഴെ കൊണ്ടു വയ്ക്കുന്നതാണ് ഉചിതം എന്ന് ഞങ്ങൾക്ക് തോന്നി. അവയെല്ലാം താഴെ കൊണ്ടുവന്ന് ബിൽഡിംഗിന്റെ നാലുചുറ്റും നിരത്തിവെച്ചു. അവ ഏകദേശം നാല്പതിലധികം ചട്ടികൾ ഉണ്ടായിരുന്നു. പക്ഷേ വലിയ ഗുണമില്ലാത്ത നാലു ചട്ടികൾ ടെറസിൽ തന്നെ ഉപേക്ഷിച്ചു. കാറ്റ് വീശി, വലിയ നാശനഷ്ടങ്ങൾ കൊൽക്കത്തയിൽ ഉണ്ടായി. പിറ്റേന്ന് രാവിലെ ടെറസിൽ ചെന്നപ്പോൾ കണ്ട കാഴ്ച, അതിൽ മൂന്ന് ചട്ടികളും മറിഞ്ഞു വീണ് പൊട്ടി കിടക്കുന്നു. ഭിത്തിയിൽ ഉറപ്പിച്ചു വെച്ചിരുന്ന ഡിഷ് ആന്റിന പറന്ന് ടെറസിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്നു. ഒരു ചെടിച്ചട്ടി മുഴുവൻ കള വളർന്ന് നിൽക്കുന്നതായിരുന്നു. അതിനുമാത്രം ഒരു കേടും പറ്റാതെ അവിടെ ഇരിക്കുന്നു. ഏതായാലും ചെടിച്ചട്ടികൾ താഴെ ഇറക്കിവെക്കാൻ എടുത്ത തീരുമാനം ഉചിതമായി എന്ന് ഞങ്ങൾക്ക് തോന്നി, താഴെ എടുത്തുവെച്ചവ എല്ലാം സുരക്ഷിതമായിരുന്നു…
പിന്നെയും പലതവണ ടെറസിൽ പോയെങ്കിലും കാടുള്ള ചെടിച്ചട്ടിയെ വലുതായി മൈൻഡ് ചെയ്തില്ല… പക്ഷേ ഒരു ദിവസം ചെന്നപ്പോൾ ആ കാടുകൾക്കുള്ളിൽ നിൽക്കുന്ന ഒരു കൊച്ചു റോസാ കമ്പിനെ ഞങ്ങൾ കണ്ടുപിടിച്ചു. സന്തോഷത്തോടെ കാടൊക്കെ പറിച്ചു കളഞ്ഞ് വീടിന്റെ പിന്നിലെ ജനലിന് അരികിൽ കൊണ്ടുവെച്ചു. (ജനലിനോട് ചേർന്ന് ചെടികൾ വെക്കുവാൻ ഉള്ള സ്ഥലം ഉണ്ട്)
ഞങ്ങളുടെ പരിചരണത്തിൽ സന്തുഷ്ടയായ ‘അവളിൽ’ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു മൊട്ട് ഉണ്ടായി, പൂവിരിഞ്ഞു… അത് കണ്ടപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, പൂവിന്റെ ഫോട്ടോ എടുത്ത് ചിലർക്കൊക്കെ അയച്ചുകൊടുത്തു. ആ പൂവ് കൊഴിഞ്ഞശേഷം റോസയെ ഒന്നുകൂടി ചെത്തി വെടിപ്പാക്കി… പിന്നീട് ഒരു യാത്രയിൽ വഴിയിൽ കണ്ട ഒരു ചാണക കൂനയിൽ നിന്നും, 10 രൂപ കൊടുത്ത് ഒരു ചെറിയ പ്ളാസ്റ്റിക്കവറിൽ ചാണകം കൊണ്ടുവന്ന് അതിൻറെ ചുവട്ടിൽ ഇട്ടു. അതും ‘അവൾക്ക്’ സന്തോഷമായി… അതിൻറെ പ്രതിഫലം എന്നവണ്ണം ഒരു പൂവ് കൂടി തന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു യൂട്യൂബ് ചേച്ചിയുടെ വീഡിയോ കണ്ട് പ്രചോദനം ഉൾക്കൊണ്ട ഞാൻ, കുറച്ചു മുട്ടത്തോടും പഴത്തൊലിയും കൂടി അരച്ച് അതിൻറെ ചുവട്ടിൽ ഇട്ടു…
അതിൻറെ ഗുണമാണോ, അതോ പഴയ ചാണകത്തിൻറെ ഗുണം ആണോ എന്ന് അറിയില്ല ഈ പ്രാവശ്യം അവൾ ഒരുമിച്ച് രണ്ട് മൊട്ടുകൾ കൂടി തന്നു… ആ സന്തോഷത്താൽ ഞങ്ങൾ അവളെ അവിടെ നിന്നും മാറ്റി മുൻവശത്തെ ജനലിന് അരികിൽ വെച്ചു… ഉദ്ദേശം കുറച്ചുപേർ കൂടി ആ പൂക്കൾ കണ്ട് സന്തോഷിക്കട്ടെ എന്നതാണ്… ഇപ്പോഴും ആ മൊട്ടുകൾ വിരിഞ്ഞിട്ടില്ല…”കട്ട വെയിറ്റിംഗ്”…
“എത്ര ദിവസം ആയി കാത്തിരിക്കുന്നു ഒന്നു വിരിഞ്ഞിരുന്നു എങ്കിൽ” എന്ന് അതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് “ആത്മഹത്യാ പ്രതിരോധ” ദിനത്തിൽ, ഈ ആറുമാസത്തിനിടയിൽ 140 കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത കേൾക്കാൻ ഇടയായത്…. ആ വാർത്ത എൻറെ മനസ്സിൽ ഒരുപാട് വേദന ഉളവാക്കി…. കേവലം ഒരു റോസയുടെ മൊട്ട് വിരിഞ്ഞ പൂവ് ആകുന്നത് കാണാൻ ഉള്ള ഞങ്ങളുടെ ആകാംക്ഷ, ഈ എഴുത്തിലൂടെ നിങ്ങളെ മനസ്സിലാക്കിത്തരാൻ കഴിയുന്നതല്ല. അങ്ങനെയെങ്കിൽ നാം വളർത്തിയെടുക്കുന്ന മക്കളെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകൾ എത്ര വലുതാണ്. അതാണ് ഒരു നിമിഷത്തെ ദുർബലമായ ചിന്തകൾകൊണ്ട് അവർ തകർത്തു എറിയുന്നത്. കുഞ്ഞുങ്ങൾ മാത്രമല്ല, തിരിച്ചറിവുകൾ വന്നു എന്ന് നാം കരുതുന്ന മുതിർന്നവർ പോലും തങ്ങളുടെ വേണ്ടപ്പെട്ടവരെ പറ്റിയും, മരണത്തിനപ്പുറം എന്ത് എന്നും, ചിന്തിക്കാതെ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു.
മിക്കപ്പോഴും നാം മുൻപിലെ ജനലിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന റോസാ പൂക്കളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ… അത് കാണുമ്പോൾ എനിക്ക് അവയെ പോലെ മുൻപിൽ നിന്ന് ചിരിക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്…. ഇന്ന് മുൻപിൽ നിന്ന് പുഞ്ചിരിക്കുകയും മറ്റുള്ളവർക്ക് സന്തോഷം പകരുകയും ചെയ്യുന്നവർ, ഒരുകാലത്ത് അവഗണിക്കപ്പെട്ടവർ ആയിരുന്നു എന്ന് നാം മറന്നു പോകരുത്… ഏതു പ്രതികൂലത്തെയും മറികടന്ന് വളരണം എന്നുള്ള അവരുടെ ആഗ്രഹമാണ്, ഇന്ന് അവർ ആയിരിക്കുന്ന അവസ്ഥയിൽ എത്തിച്ചത്.
ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് നമ്മുടെ സൃഷ്ടാവിന് നമ്മെപ്പറ്റി ഒരു ഉദ്ദേശമുണ്ട്… അതുകൊണ്ടുതന്നെ, ഒരുപാട് ഗുണങ്ങൾ നമ്മിൽ പകർന്നാണ് നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. (ഒരു ഖജനാവിൽ ഉള്ള അമൂല്യ സമ്പത്തുകൾ പോലെ) മനുഷ്യന് കേവലം ഒരു കഴിവ് മാത്രമല്ല… ലോകത്തെ എല്ലാ കമ്പ്യൂട്ടറുകളും ചേർത്തുവെച്ചാൽ പോലും ജയിക്കാൻ കഴിയാത്ത തരത്തിലുള്ള തലച്ചോർ നൽകിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്…. പക്ഷേ പലപ്പോഴും നാം ഇത് തിരിച്ചറിയുന്നില്ല. കളകളിൽ നിന്നും സ്വതന്ത്രമാക്കി റോസാചെടിയെ പരിപാലിക്കുമ്പോൾ അതിൽ പൂ വിരിഞ്ഞു കാണുക എന്ന ലക്ഷ്യമായിരുന്നു ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നത്… അതുപോലെ, അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി ആവശ്യമുള്ളതെല്ലാം തന്ന് ദൈവം നമ്മെ നടത്തുമ്പോൾ, ദൈവിക ഉദ്ദേശം തിരിച്ചറിയാതെ ജീവിതം തകർത്തെറിയാൻ ഒരിക്കലും ശ്രമിക്കരുത്. പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകും. പക്ഷേ ഒരുപാട് വഴികൾ മുൻപിൽ കണ്ടുപിടിക്കാനുള്ള കഴിവോടു കൂടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങളെ അതിജീവിച്ച് നമ്മിലുള്ള യഥാർത്ഥ ഫലം പുറത്തു വരുവാൻ ദൈവം നമ്മെ സഹായിക്കും…
മറ്റൊന്ന് നമ്മുടെ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് നമ്മെ പറ്റി ഒരു പ്രതീക്ഷയുണ്ട്. അത് പൂർത്തീകരിക്കാൻ നമ്മളാൽ ആവോളം നാം ശ്രമിക്കേണ്ടതാണ്. കേവലം ഒരു പരീക്ഷ തോൽവിയുടെ പേരിലോ, പ്രണയ നൈരാശ്യത്തിൻറെ പേരിലോ, കടം വന്നു എന്നതുകൊണ്ടോ നശിപ്പിച്ചു കളയേണ്ടത് അല്ല ജീവിതം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാനുള്ള മനക്കരുത്ത് നാം ആർജിക്കണം. അതിന് വിജയിച്ചവരുടെ കഥ അല്ല, ജീവിതത്തിൽ തോറ്റ് പോയിട്ട് വിജയിച്ചവന്റെ കഥ വായിക്കണം. ലോകത്തിൽ ഒരു അവസരമല്ല, ഒരുപാട് അവസരങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ഹൃദയം തുറന്ന് സംസാരിക്കാൻ പറ്റുന്ന ഒരാളെ എങ്കിലും ജീവിതത്തിൽ നാം സമ്പാദിച്ച് വെക്കണം. അതിനു ഏറ്റവും നല്ല സ്ഥലം നമ്മുടെ പ്രാർത്ഥന മുറികൾ തന്നെ ആണ്. ഒരു കുഞ്ഞ്, സ്നേഹവാനായ അപ്പനോട് സംസാരിക്കുന്നത് പോലെ ഹൃദയം തുറന്ന് ദൈവത്തോട് സംസാരിക്കുക.
മാതാപിതാക്കളെ, നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു. വളരെ നിസാരമായ കാരണങ്ങൾക്ക് പോലും ആത്മഹത്യ പ്രവണത കാണിക്കുന്ന ഒരു തലമുറയുടെ നടുവിൽ ആണ് നമ്മുടെ കുഞ്ഞുങ്ങളെ നാം വളർത്തുന്നത്. അവരെ കരുത്തുറ്റവരാക്കി വളർത്തേണ്ടത് നമ്മുടെ കടമയാണ്.
അവരെ ഓർത്തു നാം പ്രാർത്ഥിക്കുക. അവരോട് ഹൃദയം തുറന്ന് സംസാരിക്കുക. ചോദിക്കുന്നത് എല്ലാം വാങ്ങിക്കൊടുത്ത് നാം അവരെ നശിപ്പിക്കരുത്. അവർ ചോദിക്കാതെ പോലും ആവശ്യത്തിൽ കൂടുതൽ വാങ്ങിക്കൊടുക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത്. അവരും കഷ്ടപ്പാടുകൾ മനസ്സിലാക്കി വളരാൻ അവസരം കൊടുക്കുക. ഇടയ്ക്കിടെ ശാസനകളും ശിക്ഷണങ്ങളും ആകാം ….വളവും വെള്ളവും മാത്രം കൊടുക്കാതെ ഇടയ്ക്ക് ചെത്തി വെടിപ്പാക്കുകയും വേണം, അപ്പോൾ മാത്രമേ നല്ല ഫലം ലഭിക്കൂ. ബൈബിൾ പറയുന്നു… ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക… അവൻ വൃദ്ധനായാലും അത് വിട്ടു മാറുകയില്ല. ( സദൃശ്യ വാക്യങ്ങൾ 22 : 6)
അവരിൽ ദൈവം കൊടുത്ത കഴിവുകളെ പറ്റി അവരെ ബോധവാന്മാർ ആക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ആത്മ വിശ്വാസം നഷ്ടപ്പെടുത്തരുത്. ഓരോ വർണ്ണങ്ങൾക്കും അതിന്റേതായ ഭംഗി ഉണ്ട് .അതുപോലെ നാം ഓരോരുത്തരും വ്യത്യസ്തത ഉളളവർ ആണ്.
ദൈവവും ആയി ഒരു അഭേദ്യമായ ബന്ധം ഉണ്ടാകാൻ നാം അവരെ പരിശീലിപ്പിക്കണം. പണ്ട് നമ്മുക്ക് ആവശ്യമുള്ളത് ആദ്യം പ്രാർത്ഥിച്ചതിന് ശേഷം ആണ്, പതുക്കെ വീട്ടിൽ അവതരിപ്പിക്കുന്നത് പോലും. പിന്നെയും ലഭിക്കുന്നത് വരെ പ്രാർത്ഥിക്കുന്നു. വാശിക്ക് അവിടെ സ്ഥാനം ഇല്ല. ഇന്ന് അങ്ങനെ അല്ല, അവര് നമ്മോട് ചോദിക്കുന്നു, കിട്ടിയില്ലങ്കിൽ വാശി പിടിക്കുന്നു. വാശിയുടെ മുൻപിൽ മാതാപിതാക്കൾ മുട്ട് മടക്കുന്നു.
പക്ഷേ നാം ഒരു കാര്യം തിരിച്ചറിയണം, എന്നും മാതാപിതാക്കൾ മക്കളോടൊപ്പം ഉണ്ടാകില്ല. ജീവിതത്തിൽ ഒറ്റയ്ക്ക് ആകുന്ന നിമിഷങ്ങൾ ഉണ്ടാകും. തനിയെ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിൽ അവർ പകച്ച് പോകാൻ ഇടയാക്കരുത്. സ്നേഹം എന്ന പേരിൽ മാതാപിതാക്കൾ നൽകുന്ന അമിത കരുതലുകൾ കുഞ്ഞുങ്ങളുടെ യഥാർത്ഥ കഴിവുകളെ നശിപ്പിക്കുന്നു. നമ്മുടെ വീടിന്റെ ഉള്ള അവസ്ഥകൾ, പപ്പയുടെ പേഴ്‌സിന്റെ കനം അവർ അറിഞ്ഞ് വളരാൻ ഇടയാകട്ടെ. ഓർക്കുക, “തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല “.
എല്ലാത്തിലും ഉപരി ദൈവാശ്രയത്തിൽ അവരെ വളർത്തുക. ദൈവത്തിൽ ആശ്രയിക്കുന്നവൻ ആറ്റരികത്ത് നട്ട വൃക്ഷം പോലെ ആകും. ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല. വരൾച്ച ഉള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചു കൊണ്ടിരിക്കും. (യിരമ്യാവ് 17: 7 & 8) അവരെ വചനം പഠിപ്പിക്കണം, പ്രാർത്ഥനാ ജീവിതം അവരിൽ ഉണ്ടാക്കി എടുക്കണം. ആരും കൂടെ ഇല്ലാത്തപ്പോഴും ജീവനും ചൈതന്യവും ഉള്ള ദൈവത്തിന്റെ വചനം അവരുടെ പ്രതിസന്ധിയിൽ അവരോട് സംസാരിക്കും. ദൈവ വചനം ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും തുളച്ച് ചെല്ലുന്നതാണ്. അവ ഹൃദയത്തിന് ആശ്വാസം നൽകും. ദൈവ വചനം അവരെ കരം പിടിച്ച് നടത്തും. ചിരിച്ച് നിൽക്കുന്ന റോസാ പുഷ്പങ്ങൾ പോലെ നമ്മുടെ കുഞ്ഞുങ്ങൾ ആയിത്തീരാൻ നമ്മളാൽ ആവോളം പരിശ്രമിക്കാം. മൃത്യുവിലേക്കു നയിക്കാതെ, ജീവിതത്തെ മധുരമാക്കാൻ പ്രാപ്തി ഉള്ളവരായി നമ്മുടെ തലമുറ മാറട്ടെ; ദൈവത്തിനും മനുഷ്യർക്കും പ്രീതി ഉള്ളവരായി, പ്രതീക്ഷിക്കുന്ന ഫലം കൊടുക്കുന്നവരായി ജീവിക്കുവാൻ നമ്മെയും നമ്മുടെ തലമുറയെയും ദൈവം സഹായിക്കട്ടെ !
സജിനി ഫിന്നി, കൊൽക്കത്ത