ശുഭദിന സന്ദേശം : അന്യഭാഷയും അന്യായഭാഷയും | ഡോ. സാബു പോൾ

അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ”(1കൊരി.14:12).

സാമൂഹിക മാധ്യമങ്ങളിൽ ലൈവിൽ വന്ന് ചുമ്മാ അന്യഭാഷ പറയുന്ന ചിലരെ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ തുടരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്ന് അന്യഭാഷ പറയുന്നത് വചനാനുസൃതമോ…?
അങ്ങനെയുള്ളവർ കൂടുതൽ കൃപയുള്ളവരോ…?
അതോ, വിവരമില്ലാത്തവരോ…? ‘ശുഭദിന സന്ദേശ’ത്തിൽ പ്രസ്തുത വിഷയം സംക്ഷിപ്തമായി ചർച്ച ചെയ്യാനാഗ്രഹിക്കുന്നു.

അന്യഭാഷ ആദ്യമായി കേട്ടവരുടെ ആദ്യ പ്രതികരണം *അമ്പരപ്പാ* യിരുന്നു. രണ്ടാമത്തെ പ്രതികരണം *പരിഹാസവും* (അ.പ്രവൃ. 2:6-13). ഇവിടെ മാത്രമാണ് പൊതുജനത്തിൻ്റെ മുമ്പിൽ അന്യഭാഷാഭാഷണം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാമത്തെ സംഭവത്തിൽ ശമര്യരിൽ പരിശുദ്ധാത്മാവ് വരുന്നു(പ്രവൃ.8:17). ഇവിടെ അന്യഭാഷയിൽ സംസാരിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റുള്ളവർ അതു ‘കണ്ടു’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ അന്യഭാഷാഭാഷണമാണെന്ന് അനുമാനിക്കാം…

മൂന്നാമത്, (പ്രവൃ.10:44) വചനം കേൾക്കാൻ കൊർന്നല്ല്യോസിൻ്റെ ഭവനത്തിൽ വന്നു കൂടിയ ആളുകൾ വചനം കേട്ട് വിശ്വസിച്ചപ്പോൾ അവർ സംസാരിച്ചതാണ്. അവിശ്വാസികളില്ലാതിരുന്നതിനാൽ അവിടെ പരിഹാസമുണ്ടായില്ലെന്ന് മാത്രമല്ല, ജാതികളെ ദൈവം തിരഞ്ഞെടുത്തുവെന്ന് യഹൂദ്യവിശ്വാസികൾക്ക് ഉറപ്പുമായി.

നാലാമത്തെ സംഭവം(പ്രവൃ.19:6) എഫെസോസിലെ പന്ത്രണ്ട് ശിഷ്യന്മാരിൽ സംഭവിച്ചതാണ്. ഇവിടെയും പ്രേക്ഷകരായി മറ്റാരും ഉണ്ടായിരുന്നില്ല….

അപ്പൊസ്തല പ്രവൃത്തികളിലെ ഈ നാലു സംഭവങ്ങൾ കഴിഞ്ഞാൽ അന്യഭാഷ എന്ന വിഷയം പ്രമേയമായി വരുന്നത് 1കൊരി.14-ാം അദ്ധ്യായത്തിലാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതൽ തർക്കവിതർക്കങ്ങൾ നടന്നിട്ടുള്ളതും ഈ അദ്ധ്യായത്തിലെ പ്രബോധനങ്ങളെക്കുറിച്ചാണ്.

പ്രധാനമായും നാല് അഭിപ്രായങ്ങളാണ് അന്യഭാഷയെ സംബന്ധിച്ച് ഇന്നുള്ളത്.

1️⃣ അന്യഭാഷ നിന്നു പോയി.
2️⃣ അന്യഭാഷ മറ്റാരും കേൾക്കാതെ വ്യക്തിപരമായി ഭവനത്തിൽ പറയേണ്ടതാണ്.
3️⃣ അന്യഭാഷ ദൈവമക്കൾ ഒരുമിച്ച് കൂടുന്നിടത്ത് ആത്മനിറവിൻ്റെ ഭാഗമായി സംഭവിക്കുന്നതാണ്.
4️⃣ പൊതുജനത്തിൻ്റെ മുമ്പിലും അന്യ ഭാഷയിൽ സ്തുതിക്കുന്നത് അഭികാമ്യമാണ്.

ഈ അഭിപ്രായങ്ങൾ ഓരോന്നായി വിചിന്തനം ചെയ്യാം.
*1️⃣അന്യഭാഷ നിന്നു പോയി.*

”പ്രവചന വരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നു പോകും….. പൂർണ്ണമായത് വരുമ്പോഴോ അംശമായത് നീങ്ങിപ്പോകും”(1 കൊരി.13:8-10) എന്ന വാക്യത്തെ ആസ്പദമാക്കിയാണ് ഈ ഉപദേശം സ്ഥാപിക്കാൻ ചിലർ വൃഥാ ശ്രമം നടത്തുന്നത്.

ഈ ഉപദേശത്തിൻ്റെ ന്യൂനതകൾ

§ ഒരു വാക്യം മാത്രം വെച്ച് ഉപദേശം സ്ഥാപിക്കാൻ പാടില്ല. ഇതിന് പിൻബലമായി ഒരു വാക്യം പോലും ചൂണ്ടിക്കാണിക്കാനില്ല.

§ നിന്നു _പോയി_ എന്നല്ല നിന്നു _പോകും_ എന്നാണ് പറഞ്ഞിരിക്കുന്നത്. അതെപ്പോഴാണ് എന്ന് തുടരുന്നിടത്ത് ‘ബൈബിൾ പൂർണ്ണമാകുമ്പോൾ’ എന്നാരു ധ്വനി പോലുമില്ല…

§ പൂർണ്ണമായത് വരുമ്പോഴാണ് അംശമായത് നീങ്ങിപ്പോകുന്നത്. ഭാവി മുഴുവൻ എല്ലാവർക്കും അറിയാമെങ്കിൽ പ്രവചനത്തിന്റെ ആവശ്യമില്ല. എല്ലാ ഭാഷയും എല്ലാവർക്കും അറിയാമെങ്കിൽ അന്യഭാഷ ആവശ്യമില്ല.

§ ശിശുത്വം മാറി പുരുഷത്വം വരുമ്പോൾ… കണ്ണാടിയിൽ കാണുന്നതിന്നപ്പുറമായി മുഖാമുഖമായി കാണുമ്പോൾ…അറിവ് പൂർണ്ണമാകുമ്പോൾ… ഇതെല്ലാം ക്രിസ്തുവിൻ്റെ വരവിലാണ് സംഭവിക്കുന്നതെന്ന് സ്പഷ്ടം!

§ ഈ വാക്യത്തിലെ ‘ജ്ഞാനം’ എന്ന ഭാഗം മന:പൂർവ്വമായി ഇത്തരം വാദങ്ങളുയർത്തുന്നവർ മറന്നു പോകുന്നു. അംശമായ ജ്ഞാനം ഇന്നും നീങ്ങിപ്പോയിട്ടില്ല, പൂർണ്ണമായ ജ്ഞാനം വന്നിട്ടുമില്ല.

§ ഒരു വേദഭാഗം വ്യാഖ്യാനിക്കുമ്പോൾ അതിൻ്റെ പ്രധാന ലക്ഷ്യം (intention)എന്തെന്ന് മനസ്സിലാക്കണം. അല്ലാതെ ആ ലക്ഷ്യം തെളിയിക്കാൻ പറയുന്ന അപ്രധാന കാര്യങ്ങളെയല്ല പ്രാധാന്യത്തോടെ എടുത്ത് ഉപദേശമാക്കേണ്ടത്. ഈ അദ്ധ്യായം മുഴുവൻ പറയുന്നത് കൃപാവരങ്ങളെക്കാൾ പ്രധാനമായ സ്നേഹത്തെക്കുറിച്ചാണ്. കൃപാവരങ്ങൾക്ക് കുറവില്ലാതിരുന്ന കൊരിന്ത്യ സഭയ്ക്ക് സ്നേഹക്കുറവുണ്ടായിരുന്നു. അതുകൊണ്ടവിടെ ഗ്രൂപ്പിസം ഉണ്ടായിരുന്നു. കർത്തൃ മേശയോടനുബന്ധമായ സ്നേഹസദ്യയിൽ പോലും പക്ഷാഭേദമുണ്ടായിരുന്നു….
മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷ സംസാരിച്ചാലും സ്നേഹമില്ലെങ്കിൽ എല്ലാം അർത്ഥശൂന്യമാണെന്ന് സ്ഥാപിക്കുകയാണ് അപ്പൊസ്തലനിവിടെ…

§ ‘ബൈബിൾ പൂർണ്ണമായി ലഭിച്ചതിനാൽ ഇനിയൊരു വെളിപ്പാടിൻ്റെ ആവശ്യമില്ല’ എന്നതാണ് അടുത്ത വാദമുഖം. ഇത് പ്രവചനത്തെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തതു കൊണ്ട് പറയുന്നതാണ്. മോശെെക ന്യായപ്രമാണം പഞ്ചഗ്രന്ഥങ്ങളിലൂടെ നൽകപ്പെട്ടിട്ടും പ്രവാചക ശബ്ദം തുടർന്നുകൊണ്ടിരുന്നു. വചനത്തിൽ നിന്ന് വഴിമാറുമ്പോൾ അക്കാര്യം ചൂണ്ടിക്കാട്ടാനും നാളെകളിൽ ശത്രു ഒരുക്കുന്ന പദ്ധതികളെ വെളിപ്പെടുത്താനുമായിരുന്നു പ്രവചനം. അല്ലാതെ, പുതിയൊരു ന്യായപ്രമാണം നൽകാനല്ലായിരുന്നു.

§ വ്യക്തികളുടെയും സഭയുടെയും ആത്മീയ വർദ്ധനവിനും, സുവിശേഷീകരണത്തെ സഹായിക്കുവാനുമാണ് കൃപാവരങ്ങളെ പരിശുദ്ധാത്മാവ് പകുത്തു നൽകുന്നത്. പ്രസ്തുത ആവശ്യങ്ങൾ സഭയുടെ ഉൽപ്രാപണം വരെ നിലനിൽക്കുന്നതിനാൽ പരിശുദ്ധാത്മാവ് സഭയുമായി ഇവിടെ നിന്നു പോകുന്നതുവരെ *ദൈവസഭയിൽ* കൃപാവരങ്ങളുണ്ടായിരിക്കും.
(തുടരും)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.