കാലികം: ആരാധനയുടെ അനുഗ്രഹത്തിനായി “ഹുവായ്” ബ്രദറിനു പ്രാർത്ഥിക്കാം | ഷിജു ചാക്കോ, മസ്കറ്റ്
തലവാചകം അല്പം രസകരമായി തോന്നിയാലും ഓൺലൈൻ ആരാധനകളിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു വസ്തുതയാണിത് . “Zoom” പോലെയുള്ള ഓൺലൈൻ മീറ്റിംഗുകളിൽ സംബന്ധിക്കുന്നവർ വിഡിയോ ഇല്ലാതെയും , വ്യക്തമായ പേരു നല്കാതെയുമിരുന്നാൽ ശുശ്രൂഷകൻ ഇങ്ങനെ ഒരു ആഹ്വാനം നടത്തിയാൽ അതിൽ ഒട്ടും അതിശയോക്തിയുമില്ല. നമ്മുടെ ഓൺലൈൻ കൂട്ടായ്മകളിൽ ആത്മിക അന്തരീക്ഷം നഷ്ടമാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ ചൂണ്ടികാട്ടുകയാണിവിടെ .
സഭാരാധനകളും മറ്റു പ്രാർത്ഥനാ യോഗങ്ങളും ഓൺലൈനിലേക്ക് മാറിയിട്ട് മൂന്ന് മാസത്തിലധികം ആയിരിക്കുന്നു . ചിലയിടങ്ങളിലെങ്കിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സഭാരാധനകൾ തുടങ്ങിയെങ്കിലും നിയന്ത്രണങ്ങൾ കൂടാതെയുള്ള പ്രാർത്ഥനാ കൂടിവരവുകൾ എന്ന് സാധ്യമാകും എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല ഇങ്ങനെയുള്ള സാഹചര്യത്തിൽ “Zoom”കൂട്ടായ്മകൾ ഗ്രാമപ്രദേശങ്ങളിൽ പോലും സർവ്വ സാധാരണമായിരിക്കുന്നു.
ശുശ്രൂഷകന്മാർക്ക് മീറ്റിംഗിൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതിനാൽ സാങ്കേതികമായ കാര്യങ്ങൾ വേറെ ആരെങ്കിലും നിയന്ത്രിക്കുന്നതായിരിക്കും നല്ലത്. അങ്ങനെയെങ്കിൽ മീറ്റിംഗിൽ അതിഥികളായി ആരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തുന്നതിനും, ശുശ്രൂഷകനെ അറിയിക്കുന്നതിനും സഹായകരമാക്കും . മാത്രമല്ല അടിയടന്തരമായ പ്രാർത്ഥനാ വിഷയങ്ങളോ മറ്റു കാര്യങ്ങളോ ചാറ്റ് ബോക്സിൽ ഉണ്ടെങ്കിൽ അവ വിട്ടുപോകാതെ അറിയിക്കുവാനും പ്രാർത്ഥിക്കുവാനും കഴിയും .
നമ്മുടെ ശുശ്രൂഷകളിൽ സംഗീതം ,പ്രാർത്ഥന ,പ്രസംഗം തുടങ്ങി പല ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടവർ മീറ്റിങ് തുടങ്ങുന്നതിനു മുൻപ് തന്നെ ശബ്ദ സംവിധാനങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാമെങ്കിൽ “കേൾക്കുന്നുണ്ടോ?” എന്നുള്ള തുടർമാനമായ കുറച്ചു ചോദ്യങ്ങളെങ്കിലും ഒഴിവാക്കുകയും ഒട്ടും സമയം പാഴാക്കാതെ ശുശ്രൂഷകൾ തുടരുന്നതിനും സാധിക്കും . പല സഥലങ്ങളിലും ഇന്റർനെറ്റ് വേഗതയുടെ പരിമിതികൾ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വസ്തുതയും ഇവിടെ വിസ്മരിക്കുന്നില്ല .
മീറ്റിഗിൽ പങ്കെടുക്കുന്നവർ കഴിവതും വിഡിയോയിൽ വരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .അല്ലെങ്കിൽ സഭാഹോളിൽ ആളുകളില്ലാത്ത കസേരകളോട് പ്രസംഗിക്കുന്ന പ്രതീതിയാണ് ഒരു ശുശ്രൂഷകന് അനുഭപ്പെടുക. മാത്രമല്ല പല ആളുകളും ഓഡിയോ നിശബ്ദമാണോ അല്ലയോ എന്ന് ശ്രദ്ധിക്കാറുപോലുമില്ല .അതിനാൽ തന്നെ വീട്ടിലെ സംസാരങ്ങളും ഫോൺ വിളികളുമൊക്കെ പലപ്പോഴും മീറ്റിങ്ങിനു തടസ്സമാകാറുമുണ്ട്. കൂടാതെ മീറ്റിംഗിനിടയിൽ പല ആളുകളും “ആമേൻ” ,”സ്തോത്രം” എന്നിങ്ങനെ തുടർമാനമായി മെസ്സേജുകൾ അയക്കുന്നത് മറ്റുള്ളവർക്ക് അരോചകവും ശ്രദ്ധപതറിപ്പോകുന്നതിനും കാരണമാകുന്നു.
“Zoom” മീറ്റിംഗുകളിൽ സംബന്ധിക്കുന്നവർ എല്ലാവരും തങ്ങളുടെ ഇരിപ്പിടം വേദിയിലാണ് എന്ന മനോഭാവത്തോടെ ആയിരുന്നാൽ ഒരു പരിധിവരെ മറ്റുള്ളവർക്കും മീറ്റിങ്ങുകളുടെ അന്തരീക്ഷത്തിനും തടസ്സം സൃക്ഷ്ടിക്കാതെയിരിക്കാൻ കഴിയും .
ഷിജു ചാക്കോ , മസ്കറ്റ്