യുവജന പംക്തി: പ്രണയമാണോ പ്രശ്നം? പ്രണയം തന്നെ പരിഹാരം ! | സജിനി ഫിന്നി, കൊൽക്കത്ത
നിറം മാറുന്ന കാര്യത്തിൽ മനുഷ്യനെ തോൽപ്പിക്കാൻ കഴിയില്ല…. എന്ന് ഓന്ത്.
സ്നേഹിച്ചില്ലെങ്കിലും കുഴപ്പമില്ല…സ്നേഹം അഭിനയിക്കരുത്.
ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടൽ , കൂടെ ആരും ഇല്ലാതെ ആകുന്നതല്ല…. എല്ലാം എന്ന് കരുതിയവരുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല എന്നറിയുമ്പോൾ ആണ്.
ആർക്കും ഭാരം ആകുന്നില്ല….. ഇനിയുള്ള യാത്ര ഞാൻ തനിച്ചാണ്.
എന്നിങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സാധാരണമാണ്.
പ്രണയം എന്നത് സുന്ദരമാണ്…. അനേക കവികളും കഥാകൃത്തുക്കളുമൊക്കെ വാഴ്ത്തിപ്പാടിയ മനോഹരമായ ഒരു അനുഭൂതിയാണത്. ശരീരത്തിന് ജീവവായു പോലെ തന്നെ, മനസ്സിനെ ജീവിപ്പിക്കുന്ന ഒന്നാണ് സ്നേഹം. പ്രണയം എല്ലാവരിലുമുണ്ട്. അത് ഉണ്ടാവണം. മനുഷ്യൻ ഭൂമിയിലേക്ക് പിറന്ന് വീഴുമ്പോൾ തന്നെ ആവോളം സ്നേഹം അനുഭവിക്കുന്നു. സ്നേഹിക്കാൻ ഉള്ള കഴിവ് ദൈവത്തിൻറെ വരദാനം ആണ്. പക്ഷേ ജീവിതത്തിൽ ഓരോ പ്രായത്തിനനുസരിച്ച് സ്നേഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിക്കുന്നു. ചിലരെ മാത്രം നമ്മുടെ ലോകത്തിലേക്ക് നമ്മൾ ചുരുക്കിക്കൊണ്ടുവരുന്നു. ചില ബന്ധങ്ങൾ ഗാഢമായ പ്രണയത്തിലേക്ക് വഴിമാറുന്നു. പ്രണയിക്കുന്ന വ്യക്തികളോട് മറച്ചു വെക്കുന്ന ഒരു കാര്യവും ഇല്ല. ചുരുക്കത്തിൽ , സ്വന്തം ജീവനേക്കാൾ ഏറെ നാം അവരെ സ്നേഹിക്കുന്നു.
പ്രണയം മാത്രമല്ല ചിലത് ആത്മാർത്ഥമായ സുഹൃത്ത് ബന്ധം ആയിരിക്കും. നാം കൊടുക്കുന്ന ആത്മാർത്ഥതയോ, സ്നേഹമോ ഒരു പക്ഷേ തിരിച്ച് നമുക്ക് ലഭിക്കണമെന്നില്ല. നാം എവിടെയാണോ ആത്മാർത്ഥത കാണിച്ചത് അവരിൽ നിന്നുള്ള അവഗണന, അകൽച്ച അല്ലെങ്കിൽ ന്യൂജനറേഷൻ ഭാഷാശൈലിയിൽ പറഞ്ഞാൽ “തേപ്പ് ” , അത് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് അഗാധമായ വിഷാദരോഗത്തിലേക്ക് ആയിരിക്കും. ചിലരെ അത് ആത്മഹത്യയിലേക്ക് പോലും നയിക്കുന്നു.
പക്ഷേ ഇതിനെ അതിജീവിക്കാൻ നമുക്ക് കഴിയണം. ഇങ്ങനെ മുറിവേറ്റ മനസ്സിൻറെ വേദന അത്ര പെട്ടന്ന് അതിജീവിക്കാൻ കഴിയുന്നതല്ല എന്ന വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം – നമ്മൾ മനുഷ്യരാണ്… മാറും, മാറ്റങ്ങൾ വരും. നൂറ് ശതമാനം ആശ്രയിക്കാൻ കഴിയുന്ന ഒരു മനുഷ്യനും ലോകത്തിലില്ല. യേശുവിനെ പറ്റി യോഹന്നാൻ 2:24 ൽ പറയുന്നു, യേശുവോ എല്ലാവരെയും അറിക കൊണ്ട് തന്നത്താൻ അവരുടെ പക്കൽ വിശ്വസിച്ചു ഏൽപ്പിച്ചില്ല.
ലോകം ഇങ്ങനെയാണെന്ന് നാം അംഗീകരിക്കുക. ഭാവിയിൽ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ ഈ വീഴ്ചയിൽ നിന്നും നാം പാഠം ഉൾക്കൊള്ളണം.
അടുത്തതായി, ഏതെങ്കിലും മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് പൊട്ടിക്കരയുക…, മനസിന്റെ ഭാരം കുറയ്ക്കാൻ ദൈവം നമുക്ക് തന്ന വരദാനമാണ് കണ്ണുനീർ. ഒന്ന് കരഞ്ഞ് കഴിയുമ്പോൾ മനസിന്റെ ഭാരം കുറയും.
നമ്മിൽ നിന്നും അകന്ന് പോയവരെ പിന്തുടരുവാൻ ശ്രമിക്കരുത്, അതായത് സോഷ്യൽമീഡിയകളിൽ അവരെ പിന്തുടരുക, അവർ ഇടുന്ന സ്റ്റാറ്റസ് നോക്കുക, അങ്ങനെയുള്ള കാര്യങ്ങൾ പാടെ ഒഴിവാക്കുക. അങ്ങനെ ചെയ്യാതിരിക്കാൻ ചിലപ്പോൾ സാധിക്കില്ല, പക്ഷേ ഉയരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് മനപൂർവ്വം ഒഴിവാക്കുക. മനസ്സ് പക്വതയിലേക്ക് വരുന്നതുവരെ അവരെക്കുറിച്ച് പിന്നെ അറിയാൻ ശ്രമിക്കരുത്. ബന്ധത്തിൽ ഒരു ‘ബ്രേക്ക് അപ് ‘ ഉണ്ടായത് നാം മനസ്സുകൊണ്ട് അംഗീകരിക്കുക.
നാം ഈ ബന്ധത്തിനൊക്കെ മുൻപ് എന്താണ് ചെയ്തിരുന്നത്, അതിലേക്ക് ഒരു മടങ്ങിവരവ് നടത്തണം. ഒരിക്കലും തനിയെ ഇരുന്ന് മനസ്സിനെ ചിന്തകളിലൂടെ കാട് കയറാൻ അനുവദിക്കരുത്. നമ്മുടെ ജീവിതം പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളെ ഓർക്കണം.
*ഇതൊക്കെ നാം ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ, നഷ്ടപ്പെട്ടുപോയ പ്രണയത്തിനു പകരം മറ്റൊരു പ്രണയത്തിലേക്ക് നമ്മുടെ മനസ്സിനെ പറിച്ച് നടണം. കഴിഞ്ഞ കാല ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളെ മറികടന്ന് ജീവിതത്തെ മനോഹരമായി പണിതെടുക്കാൻ നമുക്ക് സുദൃഢമായ മറ്റൊരു സ്നേഹബന്ധം അനിവാര്യമാണ്. ആഴത്തിൽ വേര് ഇറങ്ങുന്ന മറ്റൊരു ബന്ധത്തിന് മാത്രമേ നമ്മുടെ മനസ്സിന്റെ മുറിവിനെ പരിപൂർണമായി ഉണക്കാൻ കഴിയൂ.*
അത്രയേറെ ആഴത്തിൽ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ ഉള്ളൂ . അത് നമ്മുടെ പ്രാണപ്രിയനായ യേശു കർത്താവാണ്. കാൽവറിയിൽ കാണിച്ച സ്നേഹത്തേക്കാൾ വലിയ ഒരു സ്നേഹം നാം ഇതുവരെ കണ്ടിട്ടില്ല. നിൻറെ മുറിവുകളിൽ , തീ കോരിയിടുന്ന വ്യക്തികൾ ആയിരിക്കും നിനക്ക് ചുറ്റുമുള്ളത്. ഒരുപക്ഷേ ,ഒരു സ്വാന്തന വാക്കിന് ആഗ്രഹിക്കുമ്പോൾ കുറ്റപ്പെടുത്തലുകൾ ആയിരിക്കാം ചുറ്റിൽ നിന്നും കേൾക്കുന്നത്. പക്ഷേ യേശു നിന്നെ കുറ്റപ്പെടുത്തുകയില്ല. നിനക്ക് എന്തും യേശുവിനോട് തുറന്നു പറയാം.
പെറ്റമ്മ നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല,
ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിന്നോടുകൂടെ ഇരിക്കും,
ഞാൻ നിന്നെ ഒരു നാളും അനാഥനായി വിടുകയില്ല… എന്ന് നമ്മോട് പറഞ്ഞ യേശുവിനെ പോലെ നമ്മെ സ്നേഹിക്കാൻ കൊള്ളാവുന്ന വേറെ ആരുണ്ട്??… നീ പൊട്ടിക്കരയാൻ തിരഞ്ഞെടുക്കുന്ന സ്ഥലം യേശുവിൻറെ പാദപീഠം ആയിരിക്കട്ടെ … ഒരു മുറിയിൽ കയറി, വാതിലടച്ചു ഹൃദയത്തിൻറെ ഭാരം മുഴുവൻ യേശുവിനോട് തുറന്നുപറയുക. ഏറ്റവും അടുത്ത സ്നേഹിതനോട് പറയുന്ന പോലെ എന്തും നമുക്ക് വിശ്വസിച്ച് തുറന്നുപറയാൻ പറ്റുന്ന ഒരിടം വേറെ എവിടെയും ലഭിക്കില്ല…
പരീശൻറെ വീട്ടിൽ വിരുന്നിനു ചെന്ന യേശുവിൻറെ പുറകിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് നിങ്ങൾ ഒന്ന് നോക്കിക്കേ…( ലൂക്കോസ് 7 :36 -). അവൾക്ക് പ്രതീക്ഷിക്കാൻ യാതൊന്നുമില്ല. തികച്ചും പരിഹാസവും അവഗണനയും മാത്രം , അവളെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളെ മാത്രമേ അവൾക്ക് പരിചയമുള്ളൂ…. ആഴത്തിലുള്ള ഒരു സ്നേഹം അവൾ അന്നുവരെ അനുഭവിച്ചിട്ടില്ല. അവിടെ കൂടിയിരിക്കുന്ന ആർക്കും അവളെപ്പറ്റി നല്ലതൊന്നും പറയാനില്ല. ഒറ്റപ്പെടലിൻറെ , അവഗണനയുടെ ഭാരവും ആയിട്ടാണ് അവൾ യേശുവിൻറെ പുറകിൽ നിൽക്കുന്നത് . അന്നുവരെ തൻറെ മനസ്സിൽ ഉരുണ്ടു കൂടിയിരുന്ന കാർമേഘം മുഴുവൻ അന്ന് പെയ്തൊഴിയുകയായിരുന്നു… അത് യേശുവിൻറെ കാലുകളിലേക്ക് വീണുകൊണ്ടിരുന്നു… തൻറെ തലമുടി കൊണ്ട് ആ പാദങ്ങൾ അവൾ തുടച്ചു.. മതിയാകുവോളം ആ പാദങ്ങളിൽ അവൾ ചുംബിച്ചു… പരിമള തൈലം കാലുകളിൽ പൂശി… അവൾ ആശ്വാസം കൈക്കൊണ്ടു…
യേശുവിനെ വിരുന്നിനു വിളിച്ച പരീശൻറെ മനസ്സ് വായിച്ച കർത്താവ് അന്നുവരെ അവളെ നോക്കി പുച്ഛിച്ചവരുടെ മുൻപിൽ അവൾക്ക് ഒരു പുതിയ മേൽവിലാസം ഉണ്ടാക്കി കൊടുത്തു … ആ സ്ത്രീ അവിടെ ഒന്നും സംസാരിച്ചതായി നാം വായിക്കുന്നില്ല….പക്ഷേ , ഹൃദയം തകർന്നവരുടെ ദീർഘ നിശ്വാസത്തിൻറെ അർത്ഥം പോലും ഗ്രഹിക്കുവാൻ കഴിവുള്ള പ്രാണപ്രിയൻ അവളുടെ മനസ്സ് തിരിച്ചറിഞ്ഞു… യേശു മനം തകർന്നവരുടെ മുറിവുകളെ കെട്ടുന്നു…. ഈ യേശുവിനെ പോലെ സ്നേഹിക്കുവാൻ കൊള്ളാവുന്ന വേറെ ആരുണ്ട് ഈ ഉലകത്തിൽ…????
പലപ്പോഴും ഒരു പാപം ജീവിതത്തിൽ സംഭവിച്ചു എന്ന കുറ്റബോധം ആയിരിക്കും , നാം പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വരാതെ തകർന്നു പോകുന്നതിൻറെ ഒരു കാരണം.. പക്ഷേ വചനം നമ്മെ പഠിപ്പിക്കുന്നു , ഒരുവൻ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിൻറെ അടുക്കൽ ഉണ്ട് (1യോഹന്നാൻ 2 : 1,2 )
അവൻ പാപം പോക്കി നമ്മെ ശുദ്ധീകരിക്കും . അതുകൊണ്ട് കുറ്റബോധത്താൽ ജീവിതം നശിപ്പിച്ച് കളയരുത്… മടങ്ങിവരാം… യേശു മാറാത്തവൻ, അവൻ ആരെയും ഒഴിവാക്കി കടന്നുകളയുന്നവനല്ല.. യേശുവുമായി ആഴത്തിലുള്ള സ്നേഹ ബന്ധത്തിലേക്ക് ഹൃദയത്തെ പറിച്ചുനടുക… ഭൂതകാലത്തിലെ പരാജയം മാറ്റി ശോഭന ഭാവി ഒരുക്കുവാൻ കഴിയുന്ന യേശു നിന്നെ തള്ളിക്കളയുകയില്ല… പ്രതിസന്ധികളെ അതിജീവിക്കൂ…. യേശുവിൻറെ മാർവ്വിലേക്ക് ചാരൂ….. കർത്താവ് വിശ്വസ്തൻ… അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും…
സജിനി ഫിന്നി, കൊൽക്കത്ത