ഹെല്‍ത്ത്‌ ടിപ്സ്: ന‌ടുവ് വേദന വില്ലനാകുമ്പോൾ | ഡൈബി സ്റ്റാൻലി

എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പണ്ടുകാലത്ത് പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമാണ് നടുവേദന വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറിയ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമായി നടുവേദന മാറിയിരിക്കുന്നു. വീട്ടുചികിത്സ,നാട്ടുമരുന്ന്, ഒറ്റമൂലികള്‍, അലോപ്പതി തുടങ്ങി നടുവേദനയ്ക്കുള്ള പരിഹാരം പരീക്ഷിച്ചു മടുത്തവര്‍ ഒരുപാടുണ്ട്. നടുവേദനയെന്നല്ല മറ്റെന്തു പ്രശ്നമായാലും പരിഹാരം കണ്ടെത്തുന്നതിന് മുന്‍പ് അതിന്‍റെ കാരണമാണ് കണ്ടെത്തേണ്ടത്. ജീവിതശൈലി മുതല്‍ പല തരത്തിലുള്ള രോഗങ്ങള്‍ വരെ നടുവേദനയ്ക്ക് കാരണമാകാം. നടുവേദനയ്ക്ക് പൊതുവെ പറയപ്പെടുന്ന ചില കാരണങ്ങളിതാ…
അസ്ഥിസംബന്ധമായ കാരണങ്ങള്‍
നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍, കശേരുക്കളില്‍ (നട്ടെല്ല് ഉണ്ടാക്കപ്പെട്ടിരിക്കുന്ന അസ്ഥികള്‍) ഉണ്ടാകുന്ന പ്രശ്നങ്ങള്‍, എല്ലിനെ ബാധിക്കുന്ന ടിബി, നട്ടെല്ലില്‍ ഉണ്ടാകുന്ന തേയ്മാനം, ഡിസ്കിന്‍റെ പ്രശ്നങ്ങള്‍,നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, പണ്ട് കാലത്തു നടന്നിട്ടുള്ള അപകടങ്ങള്‍, പേശിവേദന, ഗര്‍ഭവും പ്രസവവും അനുബന്ധിച്ചുള്ള വേദന, ഗര്‍ഭാശയ സംബന്ധമായ മറ്റസുഖങ്ങള്‍. കിഡ്നിയില്‍ ഉണ്ടാകുന്ന കല്ല്, അണുബാധ, മറ്റു വൃക്കരോഗങ്ങള്‍, അര്‍ബുദം.
ജീവിത ശൈലി കൂടുതല്‍ നേരം ഒരേ പൊസിഷനില്‍ ഇരിക്കുകയോ നടക്കുകയോ ചെയ്യുക, ഭാരമുയര്‍ത്തുക, പതിവില്ലാതെ നട്ടെല്ലിന് ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യുക.

നമ്മുടെ അസ്രന്ധ കൊണ്ട് വരുന്ന നടുവേദനകള്‍ കൃത്യമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേ ഉള്ളു. എന്നാല്‍ ചില അസുഖങ്ങളുടെ ഭാഗമായി വരുന്നവ ആ അസുഖങ്ങള്‍ ഭേതമാകുമ്പോള്‍ മാത്രമേ മാറുകയുള്ളൂ എന്നോര്‍ക്കുക. അതുകൊണ്ടു തന്നെ നടുവേദനയ്ക്കല്ല അതിന്‍റെ കാരണത്തെയാണ് ആദ്യം ചികില്‍സിക്കേണ്ടത്. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉള്ള പൊസിഷന്‍ നോക്കേണ്ടതുണ്ട്. കമ്പ്യൂട്ടറില്‍ അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് ഇരിക്കുമ്പോള്‍ ഉള്ള നടുവേദന കൂടുതലായി വരുന്നത്. നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ എപ്പോഴും ശ്രമിക്കുന്നത് ഇത് കുറയ്ക്കാന്‍ വളരെയേറെ സഹായിക്കും. ഇടയ്ക്കിടക്ക് എഴുന്നേറ്റ് അല്‍പനേരം നടക്കുന്നത് നട്ടെല്ലിന്‍റെ ആയാസം കുറയ്ക്കും.ഒപ്പം വൈകിട്ട് കിടക്കുമ്പോള്‍ തലയിണ ഉപയോഗിക്കാതെ പലക കട്ടിലില്‍ നിവര്‍ന്നു കിടക്കുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും.
നടുവേദന കുറയ്ക്കാനായി ശസ്ത്രക്രിയ, വേദന സംഹാരി മരുന്നുകള്‍, പേശികള്‍ക്ക് അയവു വരുത്താനുള്ള മരുന്നുകള്‍ എന്നിവയാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. അതും സഹിക്കാനാവാത്ത കടുത്ത വേദനകള്‍ വരുമ്പോള്‍ മാത്രം. അല്ലാത്തപ്പോള്‍ പൊതുവെ എല്ലാവരും തന്നെ ബാമുകളിലും ആവി പിടിക്കുന്നതിലും ആശ്വാസം കണ്ടെത്തുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ വ്യായാമങ്ങള്‍ ചെയ്യുന്നതും നടുവേദന കുറയ്ക്കാന്‍ സഹായകമാണ്. ഇതുകൂടാതെ തന്നെ നടുവേദന മാറ്റാനുള്ള ചില ഒറ്റമൂലി ഇവിടെ കുറിക്കട്ടെ…
200 മില്ലി പാല്‍, 4 വെളുത്തുള്ളി അല്ലി, തേന്‍ എന്നിവ എടുക്കുക. വെളുത്തുള്ളി നന്നായി ചതച്ച് ഒരു പാത്രത്തില്‍ നന്നായി ചൂടാക്കുക. ഇത് വെന്തുവരുമ്പോള്‍ പാല്‍ ഒഴിക്കുക. തിളയ്ക്കുന്നതിനു മുന്‍പ് ഇത് വാങ്ങി വയ്ക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് ദിവസേന കഴിക്കുക.
കുറുന്തോട്ടിയും ചുക്കും ചേര്‍ത്ത് ചതച്ചു പാല്‍കഷായം ഉണ്ടാക്കി കഴിക്കുക. വാഴപിണ്ടി, മുരിങ്ങയ്ക്ക തുടങ്ങിയ നാരുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക.
കിഴങ്ങുവര്‍ഗങ്ങള്‍, കൂടുതല്‍ മസാല അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. മഞ്ഞള്‍, ചുക്ക്, കറിവേപ്പില എന്നിവ ചതച്ചിട്ടു കാച്ചിയ മോര് ധാരാളം ഉപയോഗിക്കുക. ഫലം നമുക്ക് തന്നെ അറിയുവാന്‍ സാധിക്കും.

ഡൈബി സ്റ്റാൻലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.