എഡിറ്റോറിയൽ: ‘അടി’ ‘വൈറലാ’കുമ്പോൾ അപമാനഭാരത്തോടെ തല കുനിക്കാം | ആഷേർ മാത്യു

ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഒരു സഭയിലെ ശുശ്രൂഷകനും വിശ്വാസികളും തമ്മിലുള്ള കയ്യാങ്കളി. വീഡിയോ പോസ്റ്റ് ചെയ്യുന്നവരെയും ഷെയർ ചെയ്യുന്നവരെയും കുറ്റം പറഞ്ഞിട്ടും, അവർ ദൈവനാമം ദുഷിക്കുന്നു എന്ന് പറഞ്ഞ് പഴി ചാരിയിട്ടും കാര്യമില്ല. വിവാദ വിഷയങ്ങൾ പുറത്ത് വന്നാൽ അത് നിമിഷങ്ങൾക്കുള്ളിൽ പരക്കുക തന്നെ ചെയ്യും. തടയാനാവില്ല.
പിന്നെയെന്താണ് ചെയ്യാനാകുക?
വിവാദങ്ങളും വഴക്കുകളും ഉണ്ടാക്കാതിരിക്കുക. അതിന് ശുശ്രൂഷകന്മാർ ശ്രദ്ധിക്കണം, വിശ്വാസികൾ ശ്രദ്ധിക്കണം, അതിലുപരി സഭാനേതൃത്വം ശ്രദ്ധിക്കണം.

ചില നാളുകൾക്ക് മുമ്പ് സമാനമായ വീഡിയോയും, ശുശ്രൂഷകന് മർദ്ദനമേറ്റ ചിത്രങ്ങളും മറ്റും പുറത്ത് വന്നിരുന്നു.
ഭാഗ്യവശാൽ പല വിഷയങ്ങളും പുറത്ത് വരുന്നില്ല.
ദൈവസ്നേഹം പ്രവർത്തിയിലല്ലാതെ പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്നു. ക്ഷമ എന്നത് പ്രസംഗത്തിൽ പോലും വരുന്നത് വിരളമാകുന്നു.

ഇതര സഭാ വിഭാഗത്തിലുള്ളവർ പൊതു സമൂഹത്തിൽ വാഗ്വാദവും കയ്യേറ്റവും നടത്തുന്നതിനെ എതിർക്കുകയും പരിഹസിക്കുകയും ചെയ്തിട്ട്, അതിലും മോശമായ പ്രവൃത്തി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ അപമാനഭാരത്താൽ തല കുനിക്കുക തന്നെ ചെയ്യേണ്ടി വരുന്നു.

ഒറ്റപ്പെട്ട സംഭവമായും, എൻ്റെ പ്രസ്ഥാനത്തിലല്ലല്ലോ എന്നും പറഞ്ഞ് ആശ്വസിക്കുവാൻ നമുക്ക് കഴിയില്ല.
കാരണം, നാം അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്ന സഭാ നേതൃത്വങ്ങൾക്ക് ഇത് പോലെയുള്ള സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. ‘സഭാ രാഷ്ട്രീയവും’ ‘വോട്ടിൻ്റെ ‘ ശക്തിയും പ്രധാന സ്വാധീനം പുലർത്തുമ്പോൾ അധികാര കേന്ദ്രങ്ങൾ മൗനത്തിലാഴുന്നു.
അച്ചടക്ക നടപടികൾക്കോ ശാസനകൾക്കോ ഉള്ള ധൈര്യം നേതൃത്വങ്ങൾക്കില്ലാതെ പോകുന്നു. ഒരു നേതാവിൽ നിന്ന് അനിഷ്ടം നേരിട്ടാൽ നേരെ മറുചേരിയിലേക്ക്.

പിന്നെയെങ്ങനെ കീഴ്ഘടകങ്ങൾ നന്നാകും? എങ്ങനെ അനുസരിക്കും? ആരെ മാതൃകയാക്കും?

ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് സഭാ രാഷ്ട്രീയത്തിലും വിവാദങ്ങളിലും താല്പര്യം. പക്ഷെ മാറി നിൽക്കുന്ന ഭൂരിപക്ഷത്തിൻ്റെ മൗനം അതിലും അപകടകരം.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു സമൂഹം പൊതുമധ്യത്തിൽ പിച്ചി ചീന്തപ്പെടുമ്പോൾ എവിടെ യേശുനാഥൻ പഠിപ്പിച്ച മൂല്യങ്ങൾ? എവിടെ സ്നേഹത്തിൻ്റെ സുവിശേഷം?

ഈ സംഭവം ഒരു പാഠമാണ്. മഹാവ്യാധിയോടും പ്രകൃതി ദുരന്തങ്ങളോടും മനുഷ്യൻ മല്ലിട്ട് കൊണ്ടിരിക്കുമ്പോൾ ആത്മീയതയുടെ കൊടുമുടി കയറിയില്ലെങ്കിലും, മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും ‘കോമൺ സെൻസെങ്കിലും ‘ കാണിക്കുവാൻ കഴിയണം.
ഇപ്പോൾ നമുക്ക് ഒന്നിച്ച് തല കുനിക്കാം.

ആഷേർ മാത്യു

-Advertisement-

You might also like
Comments
Loading...