ലേഖനം: അരുതേ… ആത്മഹത്യ അരുതേ… | ബിജു പി. സാമുവൽ
പശ്ചിമ ബംഗാളിലാണ് ഞാൻ താമസിക്കുന്നത് . ഒരു സന്ധ്യാ സമയം. അല്പദൂരത്തുള്ള വീട്ടിൽ ഒരു ആൾക്കൂട്ടം. വിവരം അറിയാൻ ഞാനും അവിടെ എത്തി.
35 വയസ് പ്രായം വരുന്ന ഒരു സ്ത്രീ ഭ്രാന്തിയെപ്പോലെ അലറി വിളിക്കുകയാണ്. അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തുവത്രേ. അല്പസമയ ശേഷം അയാളുടെ ചേതനയറ്റ ശരീരം ആ വീട്ടുമുറ്റത്തു എത്തിച്ചു. അവളുടെ നിലവിളി ഉച്ചസ്ഥായിയിലായി. ശവശരീരത്തിന്റെ കാലിൽ കെട്ടിപ്പിടിച്ച് അവൾ അലറി വിളിച്ചു.
“അമാക്കെ ഖൊമാ കൊരൂൻ , അമാക്കെ ഖൊമാ കൊരൂൻ”. “എന്നോട് ക്ഷമിക്കൂ” എന്നാണവൾ യാചിക്കുന്നത് . ഉപകാരപ്പെടാതെ പോയ മാപ്പു പറച്ചിൽ.
ജീവിച്ചിരുന്നപ്പോൾ ചേർത്തു നിർത്തി ക്ഷമ പറഞ്ഞിരുന്നെങ്കിൽ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ?. നിർജീവമായ ശരീരത്തെ കെട്ടിപ്പിടിച്ച് എത്ര ക്ഷമ യാചിച്ചാലും നഷ്ടമായവർ മടങ്ങി വരില്ലല്ലോ.
വിളിച്ചിട്ടും എഴുന്നേൽക്കാത്ത അച്ഛന്റെ അടുത്തിരുന്ന് വീണ്ടും ഉണർത്താൻ ശ്രമിക്കുന്ന പറക്ക മുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ. അവർക്കറിയില്ലല്ലോ അവരുടെ അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന്.
ഭാര്യയും ഭർത്താവും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കമാണ് ആ ആത്മഹത്യയിലേക്ക് നയിച്ചത്. എത്ര സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിക്കേണ്ട ഒരു കുടുംബം ആയിരുന്നത്. പക്ഷെ ഒരു നിമിഷത്തെ പിടിവാശിയും കോപവും നഷ്ടമാക്കിയത് ഒരു ജീവനാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീം
മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ജീവിതകഥ പറഞ്ഞ “എം.എസ്.ധോണി-അൺ ടോൾഡ് സ്റ്റോറി” എന്ന സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സുശാന്ത് സിംഗ് രജ്പുത് എന്ന ബോളിവുഡിലെ യുവനടന്റെ ആത്മഹത്യയാണ് ഇപ്പോൾ ചർച്ചാ വിഷയം. തന്റെ അവസാന ചിത്രം ആത്മഹത്യക്കെതിരെ സംസാരിച്ച ചിച്ചോരെ ആയിരുന്നു എന്നത് ഒരു വൈരുദ്ധ്യമാണ് താനും.
പ്രശ്നങ്ങളിൽ നിന്നെല്ലാം എന്നെന്നേക്കുമായി മോചനം എന്ന നിലയിലാണ് പലരും ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. പക്ഷേ ആത്മഹത്യ ഒരു പ്രശ്നങ്ങളുടെയും പരിഹാരമല്ല; പ്രശ്നങ്ങളുടെ തുടക്കമാണ്. ആത്മഹത്യ ചെയ്യുന്നവർ സമൂഹത്തിന് തെറ്റായ സന്ദേശമാണ് കൈമാറുന്നത്. പ്രശ്നങ്ങൾ വരുമ്പോൾ രക്ഷപ്പെടാനുള്ള മാർഗ്ഗമായി പലരും ആത്മഹത്യ ഏറ്റെടുക്കുന്നു. മറ്റുള്ളവരെയും അവർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
ആത്മഹത്യ ചെയ്യുമ്പോൾ തോൽക്കുന്നത് ആത്മഹത്യ ചെയ്യുന്നവർ തന്നെയാണ്. ജീവിതത്തിലെ വെല്ലുവിളികളുടെ മുമ്പിൽ അവർ പരാജയം സമ്മതിച്ച് കീഴടങ്ങുകയാണ്. സത്യത്തിൽ നാം അങ്ങനെ പിന്മാറേണ്ടവർ അല്ലല്ലോ.
സ്വാമി വിവേകാനന്ദൻ പറഞ്ഞത് എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു സിംഹം ഉറങ്ങിക്കിടക്കുന്നുണ്ട് എന്നാണ്.
ഏതെങ്കിലും മറ്റു മൃഗങ്ങളുടെ മുമ്പിൽ സിംഹം പേടിച്ചോടുമോ?.
ഇല്ല, ധൈര്യമായി അത് പ്രതിസന്ധിയെ നേരിടും. മുമ്പിൽ വരുന്ന എല്ലാറ്റിനെയും കീഴടക്കും. പിന്മാറി ഓടി ഒളിക്കില്ല. എത്ര പരാജയങ്ങൾ നേരിട്ടാലും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുക.
ഭീരുക്കളായി മാറാതെ ജീവിതത്തെ സധൈര്യം നേരിടുക.
വേദനിപ്പിച്ചവരോടുള്ള പ്രതികാരമായിട്ടാണ് ചിലർ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്തവരെ ഓർത്ത് മറ്റുള്ളവർ നീറി നീറി ജീവിതം പുകച്ചു കളയും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്.
രണ്ടു തുള്ളി കണ്ണീരും പൊഴിച്ച് കുറെ പൂക്കളും അർപ്പിച്ച് അവർ പോകും. അത്ര തന്നെ.
നഷ്ടം നിങ്ങൾക്ക് മാത്രം. ജീവൻ നഷ്ടമാക്കി മറ്റുള്ളവരോട് പ്രതികാരം ചെയ്താൽ എന്ത് മേന്മയാണ് നമുക്കുള്ളത്?. ഒരിക്കലും നികത്താനാവാത്ത നഷ്ടം നമുക്ക് തന്നെ. മനോഹരമായ ജീവിച്ചു പൂർത്തീകരിക്കേണ്ട ആയുസ്സ് ഇടയ്ക്കുവെച്ച് നാം തന്നെ നശിപ്പിക്കുന്നു.
മറ്റുള്ളവരോട് പ്രതികാരം ചെയ്യേണ്ടത് ആത്മഹത്യ ചെയ്ത് ആകരുത്. ജീവിച്ചു കാണിക്കുക. അധിക്ഷേപിച്ചവരുടെയും ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കിയവരുടെയും മുമ്പിൽ എനിക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചു കാണിക്കുക. അതാണ് മധുരപ്രതികാരം.
പക്ഷേ ഇതൊക്കെ നാം ജീവിച്ചാലേ നടക്കൂ.
സാമ്പത്തിക ബുദ്ധിമുട്ടും പരീക്ഷയിലെ തോൽവിയും
ജോലി മേഖലയിലെ വിവേചനവും തിരസ്കരണവും
പ്രേമ നൈരാശ്യവുമൊക്കെ ആത്മഹത്യ ചെയ്യാൻ ഒരു കാരണമായി പലരും കണക്കാക്കുന്നു. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എത്രയോ വഴിയുണ്ട്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം ആവുന്നില്ലല്ലോ.
ജീവിതവിജയം നേടിയവരെല്ലാം പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരല്ല. അനേകം പരാജയം ഏറ്റു വാങ്ങിയ ശേഷമല്ലേ അമേരിക്കയുടെ പ്രസിഡന്റായി എബ്രഹാം ലിങ്കൻ തിരഞ്ഞെടുക്കപ്പെട്ടത്. തോൽവിയുടെ മുമ്പിൽ മുട്ടുമടക്കാതെ ഇരിക്കുക. എത്ര തിരിച്ചടികൾ ഉണ്ടായാലും പിന്മാറാതെ മുന്നോട്ടുപോവുക. വിജയം സുനിശ്ചിതമാണ്.
ഒരാൾ സ്നേഹിക്കുന്നില്ലെന്ന് കരുതി മറ്റാരും സ്നേഹിക്കാൻ ഇല്ലെന്ന് ചിന്തിക്കരുത്.
നാം അറിയുന്നില്ലെങ്കിലും നമ്മെ
സ്നേഹിക്കാൻ ധാരാളം ആളുകളുണ്ട്.
മോശം സൗഹൃദം ഉപേക്ഷിച്ച് നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഹൃദയത്തിലെ സങ്കടം ഉള്ളിലൊതുക്കി നടക്കാതെ അവരോടു പങ്കു വെക്കുക. ഒറ്റയ്ക്കിരിക്കുന്നത് ഒഴിവാക്കുക. മദ്യവും ലഹരി ഉപയോഗവും ഉണ്ടെങ്കിൽ അവ പാടെ ഉപേക്ഷിക്കുക.
നല്ല ചിന്തകളാൽ മനസ്സിനെ നിറയ്ക്കുക. ഈശ്വരവിശ്വാസം ജീവിതത്തിൽ വളർത്തിയെടുക്കുക.
ഒരു മതവും ധർമ്മ ഗ്രന്ഥവും ആത്മഹത്യ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും ആത്മഹത്യയെ പാപമായി പരിഗണിക്കുന്നു.
കാരണം വിലയേറിയ ഈ
ജീവൻ ദൈവദാനമാണ്.
നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരമാണ്. ഈശ്വരൻ വസിക്കുന്നയിടമാണ് നമ്മുടെ ഹൃദയം. മറ്റൊരാളെ കൊല്ലാനോ സ്വയം ജീവൻ ഒടുക്കാനോ മനുഷ്യന് അധികാരമില്ല.
അത് ഈശ്വരന്റെ അധികാരത്തെ ചോദ്യം ചെയ്യുകയാണ്. ആത്മഹത്യ ചെയ്യുന്നവർ ദൈവ കോടതിയുടെ മുമ്പിലും കുറ്റക്കാരായി മാറുകയാണ്.
ലോകത്തിലെ സ്നേഹത്തിന് പരിധിയും പരിമിതിയും ഉണ്ടെന്ന് മനസിലാക്കുക. എന്നാൽ പരിധിയില്ലാതെ നമ്മെ സ്നേഹിക്കുന്നത് നമ്മുടെ സൃഷ്ടാവായ ദൈവം മാത്രമാണ്. ദൈവം നമ്മുടെ സ്നേഹിതനാണ്. ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും നമ്മെ വിടുവിയ്ക്കുവാൻ ആ ദൈവം ശക്തനാണ്. നമ്മുടെ നിരാശ മാറ്റി ജീവിതത്തിന് ശാന്തിയും സമാധാനവും പുതിയ നിറവും നൽകാൻ ദൈവത്തിനു കഴിയും. സൃഷ്ടാവായ ദൈവത്തിൽ ആശ്രയിക്കുക.
മനോഹരമായി ജീവിക്കാൻ ചെറിയ ഒരു ആയുസ്സല്ലേ ദൈവം നമുക്കു നൽകിയിട്ടുള്ളൂ .
മറ്റുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ചെറു നന്മകൾ ചെയ്തും ഇവിടെ നമുക്ക് സ്നേഹത്തോടെ കഴിയാം. അങ്ങനെ നമ്മുടെ വിലയേറിയ ജീവിതം അർത്ഥപൂർണമാക്കാം.
ബിജു പി. സാമുവൽ