ചെറു ചിന്ത: വൃക്ഷം നല്ലതോ ? | സാം ജോൺ

പ്രിയരെ, ഇന്നത്തെ ചിന്തയ്ക്കുള്ള വിഷയം എങ്ങനെ നല്ല ഫലം പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമായി മാറാം എന്നാണ്.

മനുഷ്യനെ വേദപുസ്തകം വൃക്ഷമായി ചിത്രീകരിച്ചിരിക്കുന്നതായി  നമുക്ക് കാണാൻ സാധിക്കും. സങ്കീർത്തനത്തിൽ നീതിമാനെ പനപോലെയും ലെബാനോനിലെ ദേവദാരു പോലെയും ഉപമിച്ചിരിക്കുന്നു. ദാനീയേൽ പ്രവചനപുസ്തകത്തിൽ നെബൂഖദ്നേസർ രാജാവ് താൻ കണ്ട ദർശനത്തിൽ തന്നെ ഒരു വൃക്ഷമായ് കാണുന്നു.     യേശുനാഥൻ ഗിരിപ്രഭാഷണത്തിൽ നമ്മെ പഠിപ്പിക്കുന്നത് നല്ല ഫലം പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമായി മാറുക എന്നാണ്.

ഈ വചനം സംസാരിക്കുന്നതിന് മുമ്പായി യേശു പറയുന്നു കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ. അത് ഒരു ജാഗ്രതാ നിർദ്ദേശമാണ്.  അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. പുറമെയുള്ള വേഷവിധാനങ്ങളിലോ, ഭക്തിപ്രഹസനങ്ങളിലോ, അഭിനയങ്ങളിലോ അല്ല ഒരു വ്യക്തിയെ ആത്മീകൻ എന്ന് വിലയിരുത്തേണ്ടത് എന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. ശുശ്രൂഷകന്മാരായാലും, വിശ്വാസികളായാലും യേശു പഠിപ്പിച്ച ഏക മാനദണ്ഡം ഫലത്താൽ തിരിച്ചറിയാം എന്നതാണ്.

തുടർന്ന് നാം കാണുന്നത് ദൈവത്തോട് പ്രാർത്ഥിക്കുകയോ, ആരാധിക്കുകയോ, കൃപാവരങ്ങളാൽ ജ്വലിക്കുകയോ ചെയ്തത് കൊണ്ട് മാത്രം സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നാണ്. പ്രാർത്ഥിക്കണം, ആരാധിക്കണം, ശുശ്രൂഷിക്കണം, താലന്തുകളെ പ്രയോജനപ്പെടുത്തണം, ദൈവനാമ മഹത്വത്തിനായി കൊടുക്കണം. ഇവയൊക്കെ നാം ചെയ്യേണ്ട കടമകളും, കർത്തവ്യങ്ങളുമാണ്. അതിനായിട്ടാണ് ദൈവം നമ്മെ വിളിച്ചു വേർതിരിച്ചത്. എന്നാൽ സ്വർഗ്ഗരാജ്യത്തിൽ കടക്കാൻ ഇവകൾകൊണ്ട്മാത്രം ആവില്ല. നല്ല ഫലമുള്ള വൃക്ഷം ആകണം.

ഈ വചനത്തിലൂടെ യേശു നമ്മെ ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. ഒരു വൃക്ഷം ആകാത്ത വൃക്ഷമാണെന്ന്, അല്ലെങ്കിൽ കേടുള്ള വൃക്ഷമാണെന്ന് എങ്ങനെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഒരിക്കലും പുറമെ നോക്കി പറയുവാൻ സാധ്യമല്ല. ഒരു പക്ഷേ നല്ല വളർച്ചയുള്ള പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷമായിരിക്കാം. എന്നിരുന്നാലും നല്ലതോ, ആകാത്തതോ എന്ന് ഒറ്റ കാഴ്ചയിൽ മനസ്സിലാക്കുവാൻ കഴിയുകയില്ല. എന്നാൽ അതിന്റെ ഫലത്താൽ നമുക്ക് തിരിച്ചറിയുവാൻ കഴിയും. വൃക്ഷത്തിന്റെ ഫലം നല്ലതാണെങ്കിൽ നിസംശയം നമുക്ക് ഉറപ്പിക്കാം ആ വൃക്ഷം നല്ലത്. എന്നാൽ കേടുള്ള ഫലമാണ് പുറപ്പെടുവിക്കുന്നുവെങ്കിൽ ആ വൃക്ഷം ആകാത്ത വൃക്ഷമാണ് തീർച്ച.

ഇതു പോലെ തന്നെയാണ് നമ്മുടെ ആത്മീയതയും. ഒരു ശുശ്രൂഷകൻ അല്ലെങ്കിൽ വിശ്വാസി മണിക്കൂറുകൾ പ്രാർത്ഥിക്കുന്നത് കൊണ്ടോ, ദിവസങ്ങൾ ഉപവസിക്കുന്നത് കൊണ്ടോ ആത്മീകനാകുന്നില്ല. കൃപാവരങ്ങളാൽ ജ്വലിച്ചത്കൊണ്ടോ ആത്മീകനാകുന്നില്ല. പിന്നെയോ, ഫലം നല്ലതാകണം. ഫലം എന്ന് വിവക്ഷിക്കുന്നത് വേദപുസ്തകം അനുശാസിക്കുന്ന ദിവ്യസ്വഭാവങ്ങളാണ്. ഗല്യാത്യർ ലേഖനത്തിൽ പറയുന്നതുപോലെ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കണം. യാക്കോബ് ലേഖകൻ പറയുന്നത് ശ്രദ്ധിക്കൂ, ഒരു ഉറവിൽ നിന്ന് മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെടുകയില്ല; അത്തി വൃക്ഷം ഒലിവുപഴവും, മുന്തിരി വള്ളി അത്തി പഴവും കായിക്കുകയില്ല; ഉപ്പുറവിൽ നിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നല്ല ഫലം കായ്ക്കാം, വൃക്ഷം നല്ലതോ എന്ന് വചനാടിസ്ഥാനത്തിൽ നമ്മെ തന്നെ പരിശോധിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

– സാം ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply