അനുസ്മരണം : ” വേല തികച്ച് പ്രത്യാശാ തീരത്ത് ” | പാസ്റ്റർ വി വി ചന്ദ്രബോസ്

 

post watermark60x60

കർത്താവിന്റെ ശ്രേഷ്ഠദാസനും എന്റെ സഹപ്രവർത്തകനും സ്നേഹിതനുമായ ബഹുമാന്യ പാസ്റ്റർ കുഞ്ഞുമോനെ ( Pr. തോമസ് വർഗീസ് ) ഞാൻ ആദ്യമായി കാണുന്നത് 1980-ലാണ്. അന്ന് ഒമാനിൽ വന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളു. അന്നുമുതൽ ഞങ്ങൾ സ്നേഹബന്ധത്തിൽ ആയിരുന്നു. കർത്താവിനോട് ചേരുന്നതിന് ഒരാഴ്ച മുമ്പ് ഫോണിൽ വിളിച്ച് ഏറെ സമയം സംസാരിക്കാൻ ഇടയായി.
കർത്താവിനെ ഭയപ്പെട്ട് കർത്താവിന്റെ നിയോഗപ്രകാരം ഒരു മാനപാത്രമായിരുന്നു പാസ്റ്റർ കുഞ്ഞുമോൻ. എല്ലാം പെട്ടെന്ന് സംഭവിച്ചു. കർത്താവിൽ പ്രീയം വച്ച ഭക്തനെ കർത്താവ് വേഗം വിളിച്ചു. ജോലിയോടുള്ള ബന്ധത്തിൽ ശുശ്രൂഷയിൽ ആയിരിക്കുമ്പോഴും എങ്ങനെയെങ്കിലും ആത്മാക്കളെ നേടണം എന്നായിരുന്നു ലക്ഷ്യം. ആത്മ ഭാരവും സുവിശേഷികരണവും പ്രാർത്ഥനയും തിരുവചനധ്യാനവും പ്രാർത്ഥനാ ജീവിതവും ഒക്കെ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. (യോഹന്നാൻ 5 : 33-35)

തന്റെ സഹപ്രവർത്തകരെയും അശരണരേയും നിരാലംബരായവരേയും അദ്ദേഹം  കൈത്താങ്ങി. ഈ അവസാന നിമിഷംവരെയും ആവോളം സഹായിപ്പാൻ കഴിഞ്ഞു എന്നത് ഞാൻ സന്തോഷത്തോടെ ഓർക്കുന്നു. ഒമാന്റെ നാനാഭാഗങ്ങളിൽ സഭകൾ സ്ഥാപിക്കുവാനും നാട്ടിലും നോർത്ത് ഇന്ത്യയിലും പ്രവർത്തിക്കാനും കുഞ്ഞുമോനെ ദൈവം സഹായിച്ചു. OPA യിൽ ഉണ്ടായിരുന്ന സമയങ്ങളിലും ധാരാളം ആത്മാക്കളെ നേടിയിട്ടുണ്ട്. OPA സെക്രട്ടറിയായും പ്രവർത്തിച്ചത് ഞാൻ ഓർക്കുന്നു. 1 Timothy 1 : 12 “എനിക്ക് ശക്തി നൽകിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയത് കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു”. പ്രിയ കർതൃദാസൻ കർത്താവിനു വേണ്ടി അധ്വാനിച്ച് തന്റെ വേല തികച്ചു.
പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകാതെ ധീരതയോടെ നിൽക്കാനും തളർന്നു പോകുന്നവരെ താങ്ങി നടത്താനുള്ള ഒരു വലിയ അഭിഷേകം ദൈവദാസന് ഉണ്ടായിരുന്നു. ഭക്തിയോടെ, ദൈവവചനം ലവലേശം തെറ്റിച്ചു കളയാതെ,  വചനത്തിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ, കർത്താവിന്റെ ധീരഭടൻ അധ്വാനിച്ചു.
പ്രാർത്ഥനാവേളയിൽ ദൈവം തരുന്ന ആലോചനകൾ ദൈവദാസൻമാരെയും ദൈവമക്കളെയും വിളിച്ച് അറിയിക്കുമായിരുന്നു. അവസാന ദിവസം കുടുംബമായി ബൈബിൾ ക്വിസ് നടത്തിക്കൊണ്ടിരിക്കെയാണ് പെട്ടെന്ന് അസ്വസ്ഥത ഉണ്ടായത്. കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ കർത്താവിന് ഏറ്റവും പ്രിയപ്പെട്ട മാനപാത്രമായി തീരുവാൻ കർത്താവ് സഹായിച്ചു.

Download Our Android App | iOS App

തന്റെ പ്രവർത്തനം ആദിയെക്കാൾ അന്ത്യം ഏറ്റവും നന്നായിരിപ്പാൻ കർത്താവ് സഹായിച്ചു. സർവ്വ കൃപാലുവായ ദൈവം പ്രിയ സഹോദരി മറിയാമ്മയെയും മക്കളെയും കൊച്ചുമക്കളെയും ആശ്വസിപ്പിച്ച്  വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവർ കർത്താവിനു വേണ്ടി പിതാവിന്റെ പാത പിൻതുടരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാൽ ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിലെ പ്രഭപോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. (ദാനിയേൽ 12 : 3)
നീയോ അവസാനം വരുവോളം പൊയ്ക്കൊള്ളുക. നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കുവാൻ എഴുന്നേറ്റ് വരും. (ദാനിയേൽ 12 : 13)

എന്റെ പ്രിയ സ്നേഹിതാ, ആ പൊൻപുലരിയിൽ കർത്താവിനോടൊപ്പം നമുക്ക് മുഖാമുഖം കണ്ട് ആരാധിക്കാം. കർത്താവ് പ്രിയപ്പെട്ട സഭയെയും വിശ്വാസികളെയും ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെയും  ആശ്വസിപ്പിക്കട്ടെ.

എന്ന്
ക്രിസ്തുവിൽ
പാസ്റ്റർ വി വി ചന്ദ്രബോസ്

-ADVERTISEMENT-

You might also like