ലേഖനം: വിലയുള്ള താലന്തുകൾ | രാജൻ പെണ്ണുക്കര

കപട ഭക്തിക്കാരായ ഒരു കൂട്ടത്തെ നോക്കി യേശു പറഞ്ഞു ” നിങ്ങൾ തുളസി, ജീരകം, ചതകുപ്പ, ചീര എന്നിവയിൽ ദശാംശം കൊടുക്കുന്നു”. എന്നാൽ അവരുടെ ദൃഷ്ട്ടിയിൽ അപ്രധാനവും
“ദൈവ സന്നിധിയിൽ ഘനമുള്ളവയുമായ ന്യായം, കരുണ, വിശ്വസ്തത, ദൈവസ്നേഹം, എന്നിവയെ
വിട്ടുകളയുകയും (ത്യജിച്ചുകളയുകയും) ചെയ്യുന്നു”. “കൊതുകിനെ അരിച്ചെടുത്തു ഒട്ടകത്തെ വിഴുങ്ങി കളയുന്നു” എന്നർത്ഥം (മത്താ 23:23-24, ലൂക്കോ 11:42).

ആത്മിക കാര്യങ്ങളിലും ഭൗതിക വിഷയങ്ങളിലും നമ്മുടെ സ്വയ മൂല്യ നിർണയ പ്രകാരം വലിയ പ്രാധാന്യം ഉണ്ടെന്നു നമുക്ക് തോന്നുന്ന എല്ലാ
സംഗതികൾക്കും വലിയ മുൻഗണനയും ശ്രദ്ധയും സൂഷ്മതയും കൊടുക്കുക സ്വാഭാവികമാണ്.

ദൈവിക പ്രമാണത്തിനും, വചനത്തിന്റെ വ്യവസ്ഥകൾക്കും, അവ പാലിക്കുന്ന കാര്യത്തിലും നാം ഇതേ സിദ്ധാന്തം പ്രയോഗികമാക്കുന്നു എന്നതാണ് ദുഖകരമായ വസ്തുത.

നാം അപ്രധാനമെന്നു കരുതുകയും, അത്യല്പം എന്നു വിചാരിക്കുകയും, നിസ്സാരമെന്നു കരുതി പുച്ഛിച്ചു
തള്ളിക്കളയുന്ന പലതിനും ദൈവീക തുലാസിൽ വലിയ തൂക്കവും മൂല്യവും ഉണ്ടെന്ന മർമ്മം മറന്നു പോകരുത്.

നാം ചെയ്യുന്നതെല്ലാം നമുക്ക് ശരിയും നല്ലതെന്നും തോന്നാം. നമ്മുടെ ശരി മറ്റുള്ളവർക്ക് തെറ്റും, മറ്റുള്ളവരുടെ ശരി നമുക്ക് തെറ്റും ആയി തോന്നുന്നു.
എന്തുകൊണ്ടെന്നാൽ ഈ ലോകത്തിൽ ശരിയും തെറ്റും ആപേക്ഷികമാണ്.

എന്നാൽ വിശ്വാസ ജീവിതത്തെ ദൈവം തുലാസിൽ തൂക്കി നോക്കുമ്പോൾ സ്വർഗീയ തുലാസ്സിന്റെ സൂചി മുന എവിടെ
നില്കും എന്നു ചിന്തിക്കുക.

പലപ്പോഴും നാം അധികം പ്രാധാന്യം കൊടുക്കാതെ നിസ്സാരമല്ലേ എന്നു കരുതി കണ്ണടച്ചു കളയുന്നതും, പാലിക്കാതെ ത്യജിച്ചു കളയുന്നതുമായ ഒത്തിരി കാര്യങ്ങൾ ഈ അല്പ്പത്തിൽ അടങ്ങിയിരിക്കുന്നു എന്നതാണ് വലിയ
മർമ്മം. എന്നാൽ നാം ഇവയെല്ലാം കർശനമായി പാലിച്ചിരിക്കണം എന്നു ദൈവം നമ്മെകുറിച്ചു ആഗ്രഹിക്കുന്നു.

നാം തൊണ്ണൂറ്റിഒൻപതു ശതമാനത്തിലും (99%) വിജയിച്ചു നിൽക്കുമ്പോൾ തന്നെ, വളരെ നിസാരമായി കാണുന്ന അല്പം കുറവ് (1%) നിമിത്തം നമുക്കു മുൻപിൽ വച്ചിരിക്കുന്നു കിരീടം നാം അറിയാതെ നഷ്ടമായി പോകുന്ന സ്ഥിതിയിൽ എത്തുന്ന യാഥാർഥ്യം പലപ്പോഴും ഓർക്കാറില്ല.

ആത്മീക ജീവിതത്തിൽ നിസ്സാരമായി കാണുന്നതെല്ലാം “അത്യല്പ്പം” (least, very little) എന്നു കരുതുന്ന ഗണത്തിൽ അഥവാ പട്ടികയിൽ പെടുന്നു.

വിശ്വാസ ജീവിതമാകുന്ന ഈ ഓട്ടകളത്തിൽ വിരുതിനായി ഓടിയവരിൽ പലരും തളർന്നു പോയതും അടിയറവു
പറഞ്ഞതും ഈ “അത്യൽപ്പം” എന്ന ചിന്തഗതിയിലും മനോഭാവത്തിലും ആയിരുന്നു.

ചിലപ്പോൾ നാം ആത്മിക ലോകത്ത് ഉന്നത ശൃംഗങ്ങളിൽ എത്തിയിരിക്കാം. പാട്ടിനും, ആരാധനക്കും, പ്രസംഗത്തിനും സാക്ഷ്യങ്ങള്ക്കും, ദശാംശം കൊടുക്കുന്നതിലും മുൻനിരയിലും ആകാം. ഇതെല്ലാം ബുദ്ധികൊണ്ടും ചെയ്യുവാൻ കഴിയും എന്നു വചനം പഠിപ്പിക്കുന്നു (1കോരി 14:15). ഇങ്ങനെ നാം ബുദ്ധി കൊണ്ട് ദൈവത്തിന്റെ പ്രമാണത്തെയും; ജഢം കൊണ്ട്
സ്വന്തം പ്രമാണത്തെയും ഇഷ്ടങ്ങളെയും സേവിക്കുന്നു.

നാം നമ്മുടെ ഇഷ്ടപ്രകാരം ചെയ്യുന്നതെല്ലാം ദൈവത്തിനു ഇഷ്ടമാകണമെന്നില്ല. അതിനാൽ ദൈവത്തിന്റെ ഇഷ്ടങ്ങൾ
നാം തിരിച്ചറിയണം.

എഫസോസിലെ സഭ എല്ലാ ആത്മീക വിഷയങ്ങളിലും മുൻപന്തിയിൽ നിന്നുകൊണ്ട് നേട്ടങ്ങയുടെ പട്ടിക നിരത്തി
വച്ചു. എല്ലാം തികഞ്ഞു എന്നു ചിന്തിച്ചു. എന്നാൽ അവർ നിസ്സാരവും അത്യൽപ്പം എന്നു വിചാരിച്ചു കാര്യമാക്കാതിരുന്ന “ആദ്യസ്‌നേഹം” എന്ന വിഷയത്തിൽ പരാജയപ്പെട്ട ഗൗരവമേറിയ ഒരു കുറവ് പരിശുദ്ധാത്മാവ്
രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് കൈ എത്താവുന്ന ദൂരത്തു വച്ച് അത്രയും കാലം ലഭിക്കും എന്നു പ്രതീക്ഷ വച്ച അവരുടെ “നിലവിളക്ക്” അതിന്റെ നിലയിൽ നിന്നും നീക്കി ജീവവൃക്ഷത്തിന്റ ഫലം നഷ്ടമായി.

വളരെ ശ്രദ്ധേയമായ ഒരു ഉപമ കർത്താവു പറഞ്ഞിരിക്കുന്നു. ഒരു കുലീനനായ മനുഷ്യൻ പരദേശത്തേയ്ക്കു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത്‌ അവരെ ഏൽപ്പിച്ചു
(മത്താ 25:14-30, ലൂക്കോ 19:15-27).

ഒരുത്തനു അഞ്ച് താലന്ത്, രണ്ടാമന് രണ്ടു താലന്ത്, മൂന്നാമന് ഒരു താലന്ത് വീതം അവരുടെ പ്രാപ്തി പോലെ കൊടുത്തു.

ഇവർ ആത്മീകർ എന്നോ അനാത്മീകർ എന്നോ അവിടെ എടുത്തു പറഞ്ഞിട്ടില്ല. എന്നിരുന്നാൽ തന്നെയും ഇവരുടെയും ദൈനം ദിന ജീവിതത്തിൽ ആരാധനയും,
പാട്ടും, പ്രസംഗവും, ഉപവാസവും, ഭൗതീക ബദ്ധപ്പാടുകളും ഉണ്ടായിരുന്നു എന്നും, ഒന്നിനും ഒരു കുറവും വരാത്ത
വിധത്തിൽ എല്ലാത്തിലും സജ്ജീവ പങ്കാളികൾ ആയിരുന്നു എന്നും കരുതാം.

എന്നാൽ ഇതിൽ രണ്ടു പേർ അവയാടൊപ്പം തന്നെ അവരെ
ഏൽപ്പിച്ച താലന്തിനെ “അത്യൽപ്പം” എന്നു കാണാതെ, ഉടനെ ചെന്ന് വ്യാപാരം ചെയ്തു വിശ്വസ്‌തത തെളിയിച്ചു.
നാം ചെയ്‌യേണ്ടിയ കടമകൾ, ഉത്തവാദിത്വങ്ങൾ, അതാതിന്റെ സമയത്തു തന്നെ ചെയ്തു തീർക്കണം.

യജമാനൻ തിരിച്ചു വരും എന്നു മൂന്നാമൻ ഒരിക്കലും വിചാരിച്ചില്ല. കൂടാതെ അവനെ ഏൽപ്പിച്ച താലന്തിന് അത്ര വിലയും കൊടുത്തില്ല. അതിനോട് ആത്മാർത്ഥത കാണിച്ചില്ല. നിസ്സാരം എന്നു കരുതിയ ചിന്താഗതിയും, ഉദാസീനതയും അവനെ നിത്യ ദണ്ഡനത്തിലേക്കു നയിച്ചു.

നാം ആത്മികരാകാം ഉപവാസത്തിന്റെയും പ്രസംഗത്തിന്റയും ഭൗതീക ചുമതലകളുടെയും ബദ്ധപ്പാടിലും ആയിരിക്കാം. എന്നിരുന്നാലും ദൈവം നമ്മെ ഏൽപ്പിച്ച ചെറിയ താലന്ത്
അഥവാ ദൗത്യം, ചുമതല അതിന്റെതായ രീതിയിൽ വിശ്വസ്തതയോട് വ്യാപാരം ചെയ്യാതെ മറ്റു പല ബദ്ധപ്പാടിനെയും പഴിചാരി രക്ഷപെടാം എന്നു കരുതിയാൽ നമ്മുടെയും ഗതി എന്താകും എന്നു ചിന്തിക്കേണ്ട സമയം ആഗതമായി.

നാം ജനിച്ചതു തന്നെ ദൈവത്തിന്റെ ചില പ്രത്യേക ഉദ്ദേശത്തിനു വേണ്ടി മാത്രമാണ്. ഓരോരുത്തർക്കും അവരവരുടെ പ്രാപ്തിക്കു തക്കവണ്ണം മാത്രം ചെയ്തു തീർക്കുവാൻ കഴിയുന്ന പല പ്രത്യേക താലന്തുകളെ നമ്മിൽ പകർന്നിരിക്കുന്നു എന്ന വലിയ ബോധം നമ്മെ ഭരിക്കണം.

സ്വന്ത നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി ഇല്ലാത്ത സമയം ഉണ്ടാക്കി എടുക്കാൻ മനുഷ്യർ വെമ്പൽ കൊള്ളുന്നു. ഒരു പൊതു വേദിയിൽ നമ്മുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചാൽ സമയം കണ്ടെത്തി, വീട്ടിലെ വേലകൾ പോലും ഉപേക്ഷിച്ചു പോകും.

അതെ പ്രവർത്തി ഇല്ലാത്ത ആത്മീകം, പ്രസംഗം എന്നിവ നിഷ്ഫലവും, നിർഗുണവും, നിർജ്ജീവം എന്നും നാം ആദ്യമായി മനസ്സിലാക്കണം.

നമ്മുടെ ഒരു വിരൽ തുമ്പ് ഒന്ന് പൊള്ളിയാൽ നാം അറിയാതെ തന്നെ നമ്മുടെ വായ് അതിനെ ഊതി ആശ്വസിപ്പിക്കുവാൻ തയ്യാറാകും. കാരണം ഇവ രണ്ടും വ്യത്യസ്തമായ അവയവങ്ങൾ എങ്കിലും, ശരീരം ഒന്നാകുന്നതുകൊണ്ട് വിരലിന്റെ വേദന വായുടെയും വേദനയായി മാറുന്നു.

അപ്രകാരം സഭയാം ശരീരത്തിലെ അംഗമായ ഒരു സഹവിശ്വാസി മനോവ്യസനം ഹേതുവായി മനസ്സിടിഞ്ഞ അവസ്ഥയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ ഒരു നല്ല വാക്ക് അവരെ സന്തോഷിപ്പിക്കണം (സദൃ 12:25), അവരുടെ ദുഖവും, പ്രയാസവും, കഷ്ടതയും, നമ്മുടേതായി മാറണം.

അവർ കഷ്ടതയുടെയും, ദുഖത്തിന്റെയും, ഏകാന്തതയുടെയും, ഞെരുക്കത്തിന്റെയും, രോഗത്തിന്റെയും, അവസ്ഥയിൽ എന്നു അറിഞ്ഞിട്ടും നാം മനസ്സലിവ് കാണിക്കുന്നില്ല എങ്കിൽ ദൈവ സ്നേഹം നമ്മിൽ എങ്ങനെ വസിക്കും (1യോഹ 3:17). ദൈവ സ്നേഹം നമ്മിൽ വസിക്കുന്നില്ല എങ്കിൽ നാം എങ്ങനെ ദൈവ മക്കൾ എന്നു വിളിക്കപ്പെടും.

ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു (1കോരി 3:16) എങ്കിൽ നിന്റെ സഹോദരന്റെ വേദന കണ്ടിട്ടും അതിനെ കണ്ടില്ല എന്നു ഭാവിക്കുവാൻ എങ്ങനെ കഴിയും. നമ്മുടെ സാമീപ്യവും സന്ദർശനവും കൂട്ടു സഹോദരന് സ്വാന്തനമായി ഭവിക്കണം. ഇമ്പമുള്ള വാക്ക് തേൻ കട്ടയായി മനസ്സിനും അസ്ഥിക്ക് ഔഷധവുമായി മാറണം.

ദൈവത്തിന്റെ സ്വാഭാവ വിശേഷണത്തിന്റെ പര്യായ പദങ്ങളായ ന്യായം, കരുണ, വിശ്വസ്‌തത, സ്നേഹം, ദീർഘക്ഷമ, പരോപകാരം, ദയ, സ്വാന്തനം, സമാധാനം, എന്നി ചെറിയ താലന്തുകളെ ദൈവം നമ്മിലേക്ക്‌ പകർന്നു തന്നിരിക്കുന്നു.

ഒരു ജഡീക മനുഷ്യനും ഈ വക ഗുണങ്ങൾ സ്വയമായി നേടി എടുക്കാൻ കഴിയുകയില്ല. അവനിൽ ഇവ ഒട്ടും പ്രതിഫലിക്കുകയുമില്ല.

എന്നാൽ ദൈവം നമ്മെ ഏൽപ്പിച്ച ഈ ചെറിയ താലന്തുകൾ നമ്മിൽ കൂടി പ്രതിഫലിച്ചു പുറത്തു വരുന്നത് കാണുവാനും, നാം അവ മറ്റുള്ളവർക്ക് പ്രയോജനമാകും വണ്ണം വ്യാപാരം ചെയ്യുവാനും ഏല്പിച്ചിരിക്കുന്നു എന്ന ബോധ്യം നമുക്കുണ്ടാകണം.

ഈ ചെറിയ താലന്തുകളെ നിസ്സാരമായി കണ്ട് അതിനെ തൃണവൽ ഗണിച്ചാൽ നിന്റെ പ്രവർത്തിയും ഒരു താലന്ത് ലഭിച്ചവൻ ചെയ്ത പ്രവർത്തിയും തമ്മിൽ എന്ത് വ്യത്യാസം. അതോ നാം കപട ഭക്തിക്കാരന്റെ ഇടവകയിൽ പെട്ടവനാകുമോ?.

കർത്താവ് നമ്മെ ഏൽപ്പിച്ച ചെറിയ താലന്തുകളെ നാം വ്യാപാരം ചെയ്യുന്നില്ല എങ്കിൽ ദൈവത്തിന്റെ ആത്മാവോ ദൈവീക സ്വഭാവത്തിന്റെ ഒരു ചെറിയ കണിക പോലും നമ്മിൽ ഇല്ല എന്നത് പകൽ പോലെ സത്യം തന്നെ.

മനുഷ്യ പുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വസ്തരെ കണ്ടെത്തുമോ എന്നു കർത്താവ് പോലും സ്വയം ചോദിക്കുന്നു.

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply