അനുസ്മരണം : കരുതലിന്റെയും കൂട്ടായ്മയുടെയും പര്യായമായിരുന്ന ഉപ്പുകണ്ടത്തിൽ ബാബുച്ചായൻ |തയ്യാറാക്കിയത് : പ്രൊഫ. ബ്ലസൻ ജോർജ്ജ്

ദൈവസഭയ്ക്കും ദൈവദാസന്മാർക്കും പ്രിയങ്കരനായിരുന്ന ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള (ബാബുച്ചായൻ -68 ) കഴിഞ്ഞയാഴ്ച ന്യുയോർക്കിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യുയോർക്കിൽ ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭംഗമാണ്. പത്തനംതിട്ട വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭയുടെ അനുഗ്രഹിക്കപ്പെട്ട കുടുംബമാണ് ഉപ്പുകണ്ടം ഭവനം.

post watermark60x60

വാര്യാപുരം എന്ന ചെറിയ കർഷക ഗ്രാമത്തിൽ നിന്നുമുള്ള ബാബുച്ചായന്റെ ജീവിത യാത്ര ബോംബെ, ബഹ്‌റൈൻ വഴി അമേരിക്ക വരെ എത്തി. എല്ലാ അനുഗ്രഹങ്ങഉം ദൈവദാനം എന്ന് തന്റെ പ്രവർത്തിയിൽ കൂടി തെളിയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം നൽകിയ നന്മകൾ അർഹിക്കുന്നവർക്കും ദൈവവേലയ്ക്കും നൽകുവാനുള്ള പ്രിയ ദൈവദാസന്റെ ഉത്സാഹം അപൂർവ്വവും പ്രശംസനീയവുമായിരുന്നു. അനവധി പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ചും ചർച്ച് ഓഫ് ഗോഡ്, അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണയ്ക്ക് പാത്രമായിട്ടുണ്ട്. താൻ ചെയുന്ന ആത്മീയപ്രവർത്തനങ്ങൾക്ക് പകരമായി പേരോ പദവിയോ പ്രിയ കർത്തൃദാസൻ ആഗ്രഹിക്കുകയോ അലങ്കരിക്കുകയോ ചെയ്തിട്ടില്ല.

വാര്യാപുരം, മലയാളി പെന്തകോസ്ത് ലോകത്ത് വിഖ്യാതമായത് യോഹന്നച്ചൻ എന്ന വിശ്വസ്ത പ്രവാചകൻ മുഖാന്തരമാണ്‌. തന്റെ ചെറുപ്പകാലത്ത് ബാബുച്ചായന്‌ ആ ദൈവദാസന്റെ ശുശ്രൂഷകളിൽ പങ്കെടുക്കുവാനും കൈത്താങ്ങായി നിലകൊള്ളുവാനും കഴിഞ്ഞു. അന്നത്തെ ആത്മീയ തീവ്രത ബാബുച്ചായൻ ഇന്നും കാത്ത്സൂക്ഷിച്ചിരുന്നു. തെറ്റിനോടും ആത്മീയ മൂല്യച്യുതികളോടും സമാരസപ്പെടുവാൻ അമേരിക്കയിൽ ജീവിച്ച അച്ചായന് ഇന്നും കഴിഞ്ഞിരുന്നില്ല. ശാന്തമായ രീതിയിൽ മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ദൈവവചനത്തിന് നിരക്കാത്ത സന്ദർഭങ്ങളിൽ ദൃഢമായി സംസാരിക്കുവാനും മടിച്ചിരുന്നില്ല. അർത്ഥപൂർണ്ണമായ പഴയ ഗാനങ്ങൾ ആലപിക്കുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും കുടുംബപ്രാർത്ഥനയിൽ എണ്ണം നോക്കാതെ പാട്ടുകൾ പാടി അദ്ദേഹം ദൈവത്തെ സ്തുതിക്കുമായിരുന്നു.

Download Our Android App | iOS App

തന്റെ എളിയ തുടക്കത്തെ ഓർക്കുവാനും അവിടെ നിന്നും ഉയർത്തിയ ദൈവത്തെ എല്ലായ്പ്പോഴും സ്തുതിക്കുവാനും അദ്ദേഹം വളരെ ഉത്സാഹിയായിരുന്നു. അമേരിക്കയിലെയും കേരളത്തിലെയും ഭവനത്തിൽ വരുന്നവരെ സ്വീകരിച്ച് സമൃദ്ധിയായി ഭക്ഷണം നൽകുവാനും ആതിഥ്യമരുളുവാനും എപ്പോഴും തയ്യാറായിരുന്നു. ന്യൂയോർക്കിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ആതിഥ്യം സ്വീകരിക്കാത്ത ദൈവദാസൻമാർ വിരളമാണ്. താനും മക്കളും നിലത്ത് കിടന്ന് തങ്ങൾക്ക് സൗകര്യം ചെയ്തു നൽകിയത്
പല ദൈവദാസന്മാരും സ്നേഹത്തോടെ സ്മരിക്കുന്നത്തിനു ഞാൻ സാക്ഷിയായിട്ടുണ്ട്.

ഫെബ്രുവരി വരെയുള്ള ആറു മാസം ബാബുച്ചായൻ കേരളത്തിൽ ആയിരുന്നപ്പോൾ വളരെ അടുത്തറിയുവാൻ എനിക്ക് സാധിച്ചു. വലിപ്പച്ചെറുപ്പം ഇല്ലാതെ, സൗകര്യങ്ങൾ നോക്കാതെ എല്ലാ കൂട്ടായ്മകളിലും പങ്കെടുക്കുന്ന ദൈവദാസൻ എല്ലാവരെയും അതിശയപ്പെടുത്തി. കൂട്ടായ്മയുടെ മഹത്വം തിരിച്ചറിഞ്ഞ ആത്മീയനായിരുന്നു അദ്ദേഹം. തന്റെ ഭവനത്തിൽ വരുന്നവരെ ഭക്ഷണം നൽകി അയക്കണം എന്ന നിർബന്ധബുദ്ധിക്ക് കാരണമായി അദ്ദേഹം പറയുന്നത് വിശപ്പിന്റെ വില താൻ അറിഞ്ഞിട്ടുണ്ട് എന്നായിരുന്നു. “പാവപ്പെട്ടവരോട് സുവിശേഷം അറിയിക്കുന്നതിന് മുൻപ് അവർക്ക് ഭക്ഷണവും വേണ്ട സൗകര്യങ്ങളും ഒരുക്കണം “, മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ചിന്താധാരയായിരുന്നു ബാബുച്ചായന്റേത്. അനവധി വിദ്യാഭ്യാസ സഹായങ്ങൾ, ഭവന നിർമ്മാണം, സഭാ ഹാൾ, പാഴ്‌സനേജ് നിർമ്മാണം, കൺവൻഷനുകൾ എന്നിവയ്ക്ക് താൻ കൈത്താങ്ങ് നൽകിയിട്ടുണ്ട്.

സഹോദരങ്ങൾക്കും സഭയ്ക്കും ഉപകാരിയായിരുന്ന ബാബുച്ചായന്റെ വേർപാട് വളരെ അപ്രതീക്ഷിതമായിരുന്നു. കോവിഡ്, ലോകത്തിനു വരുത്തിയ വലിയ നഷ്ടങ്ങളിൽ ഒന്ന്. എങ്കിലും തന്റെ നാളുകളും ദൈവം നൽകിയ നന്മകളും വിശ്വസ്തമായി വിനിയോഗിച്ചു പ്രത്യാശയുടെ തീരത്ത് അണയുവാൻ അദ്ദേഹത്തിന് സാധിച്ചു. അടുത്ത തലമുറയ്ക്ക് ഒരു വലിയ സന്ദേശം വെച്ചിട്ടാണ് അദ്ദേഹം യാത്രയാകുന്നത്. വിശ്വസ്തനായ ഈ ഗൃഹവിചാരകനെ വീണ്ടും കാണാം എന്നുള്ള നിത്യ പ്രത്യാശ കുടുംബാഗംങ്ങൾക്കു ആശ്വാസം പകരട്ടെ.

തയ്യാറാക്കിയത് : പ്രൊഫ. ബ്ലസൻ ജോർജ്ജ്

-ADVERTISEMENT-

You might also like