ഭാവന: ചോദ്യങ്ങളില്ല ഇനി ഉത്തരങ്ങൾ മാത്രം | റോയ് മാത്യു , കോന്നി

ആത്മീയതയുടെ തോതളക്കുവാൻ ഒരു ചോദ്യോത്തര മത്സരം നടക്കുകയാണ് .
കുട്ടികളും മാതാപിതാക്കളും ഒന്ന് ചേർന്ന് നടത്തുന്ന ഈ മത്സരത്തിൽ ക്വിസ് മാസ്റ്റർ ഓരോരുത്തരോടായി ചോദ്യങ്ങൾ ചോദിക്കുന്നു .ഫാമിലി ഗ്രൂപ്പ് അടിസ്ഥാനത്തിൽ . പെട്ടന്നാണ് ചോദ്യകർത്താവിന്റെ ശ്രദ്ധ ഒരു കുടുംബനാഥനിൽ പതിഞ്ഞത് .അദ്ദേഹം ഈ മത്സരം ശ്രദ്ധിക്കുന്നേയില്ല . ചോദ്യകർത്താവ് അദ്ദേഹത്തോട് , “അടുത്ത ചോദ്യം താങ്കളുടെ കുടുംബത്തോടാണ്”.

എന്നോട് ചോദ്യം ചോദിക്കുന്നത് എനിക്കിഷ്ടമല്ല ഇതിനൊക്കെ ഒരു സമയം ഇല്ലേ ? ആ കുടുബനാഥൻ മറുപടി പറഞ്ഞു . ഇതുകേട്ട ജനങ്ങൾ കുറച്ചു പേർ ചിരിച്ചു ചിലർ വല്ലാതെ അദ്ദേഹത്തെ രൂക്ഷമായി നോക്കി ഇതെവിടുന്നു വന്നെടെ എന്ന ഭാവത്തിൽ .

ചോദ്യകർത്താവായ എനിക്ക് ചിരി വന്നില്ല മറിച്ചു മത്സരം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ അടുക്കൽ വിളിച്ചു എന്താണ് സാർ അപ്പോൾ അങ്ങനെ പറഞ്ഞത് ? എന്റെ മുഖത്തു നോക്കി ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മുൻപോട്ടു നടക്കുവാൻ തുടങ്ങി , പുറകെ ഞാനും.. അവസാനം അദ്ദേഹം പറഞ്ഞു തുടങ്ങി , മോനെ എനിക്ക് 50 വയസ്സ് നടപ്പാണിപ്പോൾ , ഓർമ്മവന്ന നാൾമുതൽ കുറെ ചോദ്യം ഞാൻ ചോദിച്ചു അന്ന് എന്റെ മാതാപിതാക്കൾ ഒരു മടിയും കൂടാതെ എനിക്ക് ഉത്തരങ്ങൾ പറഞ്ഞു തന്നു . പിന്നീട് അദ്ധ്യാപകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ എന്റെ കൈയിൽ പലപ്പോഴും ചൂരൽ പാടുകൾ സമ്മാനിച്ചു . നാട്ടുകാർ ചോദിച്ചു ജോലിയൊന്നുമായില്ലേ ? കല്യാണം എന്തായി ? കുട്ടികൾ ആയില്ല അല്ലെ ? ഇതിനൊക്കെ ഒരു തീരുമാനായപ്പോൾ വയസു 35. വളരെ ആകാംഷയോയോടെ കേട്ടിരുന്ന എന്നെ നോക്കി പറയുവാനുള്ള അദ്ദേഹത്തിന്റെ ഊർജം ഒരുപടി മുകളിലായി .
മോനെ …അദ്ദേഹത്തിന്റെ പറച്ചിലിൽ ഒരു നേരിയ നൊമ്പരത്തിന്റെ നനവുണ്ടോയെന്നൊരു സംശയം . ഞാൻ വിളികേട്ടു പറയു സാർ ,
ഇപ്പോൾ ചോദ്യങ്ങളുടെ ഘോഷയാത്രയാണ് മോനെ .. ബാങ്ക് ബാലൻസു വല്ലതുമുണ്ടോ മനുഷ്യാ ?ഭാര്യയുടെ ചോദ്യം … കാറില്ലേ അച്ഛാ ..മക്കൾ ? ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒരു പാട് ഉണ്ടല്ലോ …ഡോക്ടർ ? ദൈവത്തെയും പള്ളിയേയും വിട്ടു അല്ലെ ഇടവക വികാരി ? സഹോദര സ്നേഹം കുറഞ്ഞു തുടങ്ങി..അല്ലേ ?…സഹോദരങ്ങൾ … ഇതൊക്കെ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ വയസ്സ് അമ്പത്.

പറ താങ്കളുടെ ചോദ്യങ്ങൾക്കും ഞാൻ ഇനി ഉത്തരം പറയണോ ? കേട്ടപ്പോൾ ഒരു നെടുവീർപ്പോടെ, ശരിയാണല്ലോ എന്ന് എനിക്കും തോന്നി . പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല .സാർ .. ഇത് ബൈബിൾ പഠിക്കുവാനാണു അതിൽ എന്ത് പ്രായം ? ഉണ്ട് മോനെ കുഞ്ഞുങ്ങൾ പങ്കെടുക്കട്ടെ . എനിക്ക് ഇനി ചോദ്യങ്ങൾ ഇല്ല ഉത്തരങ്ങൾ മാത്രമേയുള്ളു . നാളെ എന്റെ മക്കൾ എന്നെ അനാഥ മന്ദിരത്തിൽ ഏൽപ്പിക്കാതിരിക്കാൻ ഞാൻ അവരെ എങ്ങനെ വളർത്തി അല്ലെങ്കിൽ ഞാൻ എന്ത് സമ്പാദിച്ചുവെന്നു ഞാൻ എന്നോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം . എനിക്ക് ദൈവം തന്ന ഈ ജീവൻ കുടുബത്തിനു , സമൂഹത്തിനു ,സഭയ്ക്ക് .. ലോകത്തിനു എന്തെങ്കിലും ഗുണം ? അതും എനോട് ഞാൻ ചോദിച്ചത് . ഉത്തരം കിട്ടിയിട്ടില്ല … കിട്ടാനുള്ള ഓട്ടത്തിലാണ് ഈ ഓട്ടത്തിൽ ചോദ്യം ചോദിക്കാത്ത ഒരാൾ മാത്രേമേയുള്ളു എന്റെ ദൈവമാണത് . കാരണം എന്റെ ദൈവം എന്റെ ഉത്തരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം . ഉത്തരം കിട്ടാതെ ഈ ജീവൻ വെടിയുമ്പോഴും അവനു പരാതിയില്ല കാരണം ഈ ലോകത്തു നിന്നെ ചോദ്യം ചെയ്യാതെ സ്നേഹിക്കുന്നത് ക്രിസ്തു മാത്രമാണ് .

മുഴുവൻ കേട്ട എന്റെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആ മനുഷ്യൻ ചിരിച്ചുകൊണ്ട് നടന്നകന്നു . ചോദ്യത്തിനും ഉത്തരങ്ങൾക്കും സമയമുണ്ട് ദാസാ എന്നാരോ എന്നോട് പറയുന്നതുപോലെ ഈ അനുഭവത്തിനുശേഷം എനിക്ക് തോന്നാറുണ്ട് അതാരാണ് എന്നതാണ് ഇപ്പോൾ എന്നെ അലട്ടുന്ന ചോദ്യം ?

റോയ് മാത്യു , കോന്നി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.