ലേഖനം: കൊറോണക്കാലത്തെ ചിന്തകൾ | ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ
വല്ലാത്ത വിഷമഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നു. ഇത്തരമൊരനുഭവം നമ്മൾക്കു കേട്ടുകേൾവിപോലുമില്ല. സമാനമായ സാഹചര്യം സമീപകാലചരിത്രത്തിൽ വായിച്ചുള്ളയറിവുമില്ല. കൊറോണാനന്തരലോകം ഒരു പുതിയ ലോകമായിരിക്കുമോ? എന്തായാലും പഴയതുപോലെയാവില്ലയെന്നുറപ്പാണ്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയചുറ്റുപാടിൽ വലിയ മാറ്റം സംഭവിക്കുമെന്നുറപ്പാണ്. കൊറോണക്കാലം ഒരുപാട് പാഠങ്ങൾ നമ്മുക്കു നൽകിക്കൊണ്ടിരിക്കുന്നു. ഒരു രാജ്യവും സുരക്ഷിതമല്ലെന്നതു ഒരു സത്യമാണ്. പരസ്പരമുള്ള കരുതലാണ് ജീവിതമെന്നതു ഒരു മഹത്തായ പാഠമാണ്. അപരന്റെ ആരോഗ്യവും സുരക്ഷയും നമ്മുടെകൂടെ കരുതലിനെയാശ്രയിച്ചിരിക്കുന്നു. ഏതു നേട്ടങ്ങളെക്കാളും ആരോഗ്യം ഒരു മുന്ഗണനാവിഷയമായി മാറുന്നു. ആരോഗ്യം നഷ്ടമായാൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. നാം പരസ്പരാശ്രിതരാണെന്നുള്ളത് വിസ്മരിക്കുവാൻ പാടില്ല.
ദൈവത്തെ മറന്നു ജീവിക്കുവാൻ പാടില്ല. നമ്മുടെ ആരോഗ്യവും സൗഖ്യവും പ്രകൃതിയുമായും നമ്മുടെ സഹജീവികളുമായും ബന്ധപ്പെട്ടിരിക്കുന്നു. കൊറോണാക്കാലം മനുഷ്യനൊരു സാമൂഹ്യജീവിയാണെന്നു വീണ്ടും തെളിയിക്കുന്നു. സമൂഹത്തിനുവേണ്ടിത്തന്നെയാണ് നാം അകലം പാലിക്കുന്നതു. കൂട്ടായ്മയുടെ അനിവാര്യത വീണ്ടും നാം തിരിച്ചറിയുന്നു. മനുഷ്യനിലെ നന്മ നഷ്ടാമായിട്ടില്ലെന്ന് ഈ കൊറോണാക്കാലം ഉറച്ചുദ്‌ഘോഷിക്കുന്നു.
ദൈവത്തിലുള്ള നമ്മുടെ വിശ്വാസം സാഹചര്യങ്ങളെ ആശ്രയിച്ചല്ല. ദൈവം അത്ഭുതം ചെയ്യുന്നു, രോഗം സൗഖ്യമാക്കുന്നു. ഇന്നുമതിനു മാറ്റമില്ല. എന്നാൽ നമ്മുടെ അവകാശവാദങ്ങളും പ്രചരണങ്ങളും ദൈവംതന്നെ തകർത്തുവെന്നുവരാം. നമ്മുടെ ചട്ടക്കൂടുകളിൽനിന്നല്ല ദൈവം പ്രവർത്തിക്കുന്നത്. ഇവിടെ ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ കുഴപ്പമല്ല. കുഴപ്പം എല്ലാം ശരിയാക്കിത്തരാമെന്നു അവകാശവാദം മുഴക്കുന്ന ആത്മീയവിപണനക്കാരുടെയാണ്. എല്ലാ ആത്മീയസമൂഹങ്ങളിലും ഇത്തരക്കാരുണ്ട്. ചിലർ ബോധപൂർവ്വമായോ മറ്റുചിലർ വിശുദ്ധതിരുവെഴുത്തിനെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മകൊണ്ടോ ചെയ്യുന്നതാവാം. അവർ മാറില്ലെങ്കിലും അത്തരക്കാരെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരിൽ ഈ കൊറോണാക്കാലം പരിവർത്തനമുണ്ടാക്കുമെന്നു വിശ്വസിക്കുന്നു.
ക്രിസ്തീയകാഴ്ചപ്പാടിൽ ദൈവം സൃഷ്ട്ടാവായ ദൈവമാണ്. ദൈവം മുഴുപ്രപഞ്ചത്തിന്റെയും മുഴുചരാചരങ്ങളുടെയും സൃഷ്ടാവാണ്. ദൈവം സർവ്വശക്തിയുള്ള ദൈവമാണ്. ദൈവം അത്ഭുതം പ്രവർത്തിക്കുമെന്നും രോഗസൗഖ്യം നൽകുമെന്നുമുള്ള വിശ്വാസം ക്രിസ്തീയവിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ആത്മീയതയും വിശ്വാസവും കേവലം അത്ഭുതവും രോഗശാന്തിയുമായി ചുരുങ്ങുമ്പോൾ അത് ക്രിസ്തുവിന്റെ പഠിപ്പിക്കലിനു ചേരാത്തതായിമാറുന്നു. ആത്മരക്ഷയും നിത്യജീവനുമെന്ന മുൻഗണനമാറിപ്പോകുന്നതു ഖേദകരമാണ്. വിശ്വസിച്ചിട്ടും എല്ലാ രോഗവും സൗഖ്യമാവുന്നില്ല, എല്ലാ മരണവും നീങ്ങിപ്പോവുന്നില്ല. ഈ കൊറോണക്കാലം ദൈവത്തിന്റെയും ദൈവവചനത്തിലെയും മുൻഗണന മനസിലാക്കുവാൻ നമ്മെ സഹായിക്കും. ദൈവം അത്ഭുതം ചെയ്യുന്നു, രോഗസൗഖ്യം നൽകുന്നു. ചികിത്സയിലൂടെ മാറാത്ത എത്രയോ രോഗങ്ങൾ ദൈവം സൗഖ്യമാക്കിയിട്ടുണ്ട്. ആത്യന്തികമായി എല്ലാ രോഗങ്ങളും സൗഖ്യമാക്കുന്നതു ദൈവമാണ്. ഹോസ്പിറ്റലുകളും ആരോഗ്യപ്രവർത്തകരുമൊരു നിമിത്തമാകുന്നുവെന്നു മാത്രം. ഈ കൊറോണക്കാലത്തിലും ദൈവം നമ്മോടുകൂടെയുണ്ട്. സമാധാനവും പ്രത്യാശയും നൽകുവാൻ ദൈവത്തിനു കഴിയും. നല്ലകാലത്തും വിഷമവേളകളിലും ദൈവം നമ്മോടുകൂടെയുണ്ട്.നമ്മുടെ വ്യക്തിപരമായുള്ള ദൈവവിശ്വാസവും പ്രത്യാശയും ഈ ഇരുണ്ട കാലം തരണംചെയ്യുവാൻ നമ്മെ പ്രാപ്തരാക്കും. ഈ ഇരുളടഞ്ഞ വഴിയിലും ദൈവം നൽകുന്ന പ്രത്യാശ നമുക്ക് ശരണം. “മരണനിഴലിൻതാഴ്വരയിൽക്കൂടിക്കടന്നാലും ഞാൻ ഒരു അനര്ഥവും ഭയപ്പെടുകയില്ല, നീ എന്നോട് കൂടെയിരിക്കുന്നുവല്ലോ” (സങ്കീർത്തനങ്ങൾ 23 . 4 ).
ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ