ലേഖനം: ഇതു സ്വയം ശോധനക്കുള്ള സമയം | പാസ്റ്റർ. വർഗ്ഗീസ് കുര്യൻ
“നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക” (വിലാ: 3:40). അപ്രതീക്ഷിതമായി ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആരെയും അസ്വസ്തരാക്കും. രോഗിയായ ഒരു പിതാവിന് രോഗം മൂർഛിച്ചു, മക്കൾക്കു വേണ്ടി ഇതുവരെയും ഒന്നും കരുതി വയ്ക്കാൻ സാധിച്ചിട്ടില്ല, അവർക്കായ് ആരു കരുതും, ആർ അവരെ സംരക്ഷിക്കും എന്ന് ചിന്തിച്ച് ആകുലപ്പെടുന്നു. ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുവാൻ പോകുന്നു എന്ന ഒരു ഭീഷണി ഉണ്ടായി എന്നു കരുതുക. ജനങ്ങൾ എല്ലാവരും ഭയാശങ്ക ഉള്ളവരായി തീരും. ഇപ്പോൾ ഇതാ മനുഷ്യനാൽ നിയന്ത്രിപ്പാനോ നിർമ്മാർജനം ചെയ്യുവാനോ കഴിയാത്ത വിധം മഹാമാരി ഭീതി വിതച്ച് ലോകത്തെ കീഴടക്കുന്നു. മനുഷ്യ മനസ്സിനെ നടുക്കുകയും, മനുഷ്യ മനസാക്ഷിയെ കിടിലം കൊള്ളിക്കുകയും ചെയ്യുന്ന വിഷമ പ്രതിസന്ധികളുടെ നടുവിൽ ഇന്ന് മനുഷ്യരാരും സുരക്ഷിതരല്ല. മാനുഷീക കഴിവിന്റെ പരമാവധി കഴിയുമ്പോൾ സകലരും പരിഭ്രാന്തരാകുന്നു. ആനുകാലിക സംഭവങ്ങളും, ആഗോള വ്യാപകമായി ജനം അനുഭവിക്കുന്ന പ്രതിസന്ധികളും മനുഷ്യനിർമ്മിതമാണങ്കിൽ അതിന്റെ പിമ്പിൽ പ്രവർത്തിക്കുന്ന ശക്തി പൈശാചീകമാണ്.
മനുഷ്യനാൽ അപര്യാപ്യമായ തിന്മയുടെ മുമ്പിൽ ലോകം പകച്ചു നില്ക്കുമ്പോൾ സ്നേഹാനിധിയും സർവശക്തനുമായ ദൈവം എന്തുകൊണ്ടു ഇതൊക്കെയും അനുവദിക്കുന്നു, എന്തുകൊണ്ട് ദൈവം മൗനമായിരിക്കുന്നു?
ദൈവമക്കൾക്ക് തിരുവെഴുത്തിലൂടെ വ്യക്തമായ മറുപടി ദൈവം നൽകുന്നുണ്ടു. ജീവിതത്തിൽ ഒന്നും ഇല്ലാതെ ആശ്രയിപ്പാൻ ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോയവരുടെ അനുഭവം ദുഖകരമാണു. അപ്പോൾ തന്നെ എല്ലാ സൗകര്യങ്ങളും എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചുവരികയാണു. പൊതു ജനസമ്പർക്കമോ, സ്വജനസമ്പർക്കമോ അനുവദിക്കാതെ തനിച്ചു കഴിയേണ്ടി വരുന്നു. ജീവന്റെ സുരക്ഷയ്ക്കും സാമൂഹിക നന്മക്കുമായി അധികാരികൾ അറിയിക്കുന്ന നിർദേശങ്ങൾ അനുസരിപ്പാൻ നാമെല്ലാവരും ബാദ്ധ്യസ്ഥരാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക എന്നു തിരുവെഴുത്തും നമ്മെ പഠിപ്പിക്കുന്നു”. ഒരു വടിയോടുകൂടെ മാത്രം യോർദാൻ കടന്ന യാക്കോബ് വർദ്ധിച്ചു രണ്ടുകൂട്ടമായ്തീന്നു. സമ്പത്തും സൗകര്യങ്ങളും ഒക്കെ ഏറെ ഉണ്ടായി സമൃദ്ധിയുടെയും സന്തുഷ്ടിയുടെയും നട്ടുവിൽ യാബോക്കു കടവിൽ വച്ചു യാക്കോബിനെ തനിച്ചാക്കുവാൻ ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നു. ഒരിക്കൽ ദൈവസാന്നിദ്ധ്യം തിരിച്ചറിഞ്ഞു ദൈവശബ്ദം കേട്ടു സമർപ്പിച്ചവൻ അതു മറന്നു പഴയ മനുഷ്യനായ് തുടരുകയാണു. നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അക്കലേക്കു തിരിയുവാൻ യാബോക്കിന്റെ തീരത്ത് തനിച്ചായ അനുഭവം ദൈവം അനുവദിച്ചതാണ് (ഉല്പ: 32:24-25)
ദൈവത്തിനു പൂർണ്ണമായ് കീഴ്പ്പെടുവാൻ കഴിയാത്ത പ്രകൃതം ദൈവത്തിനിഷ്ടമല്ല. ദൈവത്തിന്റെ ഉദ്ദേശങ്ങൾ എല്ലാം തന്നെ സ്നേഹത്തിൽ അധിഷ്ഠിതമാണ്. ദൈവ പൈതലിന്റെ എല്ലാ സാഹചര്യങ്ങളും ദൈവം തന്റെ സ്നേഹത്തിൽ സംവിധാനം ചെയ്യുന്നതാണെന്ന് നാം അറിയണം.
ഇടയനെ വിട്ടുപോയ ആടുകളെപ്പോലെ ഉടയവനെ ഉപേക്ഷിച്ചു പോയ യിസ്രയേൽ ജനത്തെ മടക്കി വരുത്തുവാൻ കഷ്ടതയുടെ കാറും കറുപ്പും ഉള്ള ദിനങ്ങളെ ദൈവം അനുവദിച്ചു. അവർ തങ്ങളുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു മടങ്ങിവരുവാൻ ആഗ്രഹിച്ചപ്പോൾ ഉപവാസത്തോടും അനുതാപത്തോടും കുറ്റം ഏറ്റു പറഞ്ഞു പ്രാർത്ഥിച്ചു. “ഞങ്ങളുടെ ദൈവമായ യഹോവേ നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെ മേൽ കർതൃത്വം നടത്തിയിട്ടുണ്ടു എന്നാൽ നിന്നെ മാത്രം നിന്റെ നാമത്തെ തന്നെ ഞങ്ങൾ സ്വീകരിക്കുന്നു”( യശ: 26:13). ദൈവത്തിനു കൊടുക്കേണ്ട സ്ഥാനവും മഹത്വവും മനുഷ്യർക്കും, മറ്റു പലതിനും സ്വയത്തിനും നൽകി ദൈവത്തെ മറന്നു ജീവിച്ച നാളുകളെ വിചാരിച്ചു ദൈവത്തിങ്കലേക്കു മടങ്ങി വരുവാനുള്ള സമയമാണിത്. നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ എന്നു നമുക്കും പ്രാർത്ഥിക്കാം. ദൈവം അനുവദിച്ച കഷ്ടതയിലൂടെ നമ്മെ തിരുത്തുവാനും, യഥാസ്ഥാനപ്പെടുത്തുവാനും, ഉറപ്പിക്കുവാനും പുതിയ ചില പാഠങ്ങൾ നമ്മെ പഠിപ്പിക്കുവാനും ദൈവത്തിനു പദ്ധതിയുണ്ടു.
ധനവാനായ പിതാവിന്റെ ഇളയ മകൻ (മുടിയൻ പുത്രൻ) എല്ലാ സൗകര്യങ്ങളും എല്ലാവരും ഉണ്ടായിരുന്നവൻ ആരുമില്ലാതെ ഏകനായ് ദൂരെദേശത്ത് ആയിരിക്കുമ്പോൾ, പിതാവിനോടൊത്ത് വീട്ടിൽ കഴിഞ്ഞിരുന്ന പൂർവ്വകാലം ഓർത്തു ആ സന്തോഷ ദിനങ്ങൾ തിരികെ ലഭിക്കുമോ എന്നോർത്തു നെടുവീർപ്പിട്ടു. ഇപ്പോൾ വീട്ടുകാരും കൂട്ടുകാരും ആരുമില്ല. ഈ ദുരവസ്ഥയ്ക്ക കാരണം എന്തെന്നു സ്വയം ശോധന ചെയ്ത് പശ്ചാത്താപത്തോടും ഏറ്റുപറച്ചിലോടും കൂടെ മടങ്ങി പിതാവിന്റെ ഭവനത്തിലേക്കു പോകുവാൻ തീരുമാനിച്ചു.(ലൂക്കോ: 15:18 – 19 )
ചെയ്തു പോയ തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവാണ് സ്വയം ശോധനയ്ക്കുള്ള മുഖാന്തിരം. അനേകർ തങ്ങളുടെ തെറ്റിനെ സാമാന്യവൽക്കരിക്കുന്ന ഈ കാലത്തു പരിശുദ്ധാത്മാവ് നമ്മുടെ തെറ്റുകളെ ബോദ്ധ്യപ്പെടുത്തിതരുവാൻ ഒരു നിരീക്ഷകനെപ്പോലെ നമ്മിൽ പ്രവർത്തിക്കുന്നു. തിരുവെഴുത്തിലൂടെ നമ്മെ കുറ്റപ്പെടുത്തുമ്പോൾ മനസ്സിന്റെ പ്രതികരണം വ്യത്യസ്തമാണ്. ചിലർ അവഗണിക്കുന്നു, ചിലർ അമർത്തിവയ്ക്കുന്നു, മറ്റു ചിലർ ഏറ്റുപറയുന്നു. ഒന്നും രണ്ടും കൂട്ടർ ആപത്കരമായ നിലയാണ്. എന്നാൽ ഏറ്റുപറഞ്ഞു മടങ്ങി വരുന്നവർക്കു സമാധാനം ഉണ്ടാകും, ദൈവം അവരെ അനുഗ്രഹിക്കും.
ഇന്നത്തെ ആകസ്മിക സംഭവങ്ങളും, ഭീതിജനകമായ മഹാമാരിയും ലോക ജാതികളെ സംഭ്രമചിത്തരാക്കുമ്പോൾ “ദൈവമേ എന്റെ ഹൃദയത്തെ ശോധന ചെയ്തു എന്റെ നിനവുകളെ അറിയേണമേ… വ്യസനത്തിനുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ” (സങ്കീ: 139:23-24) എന്ന് നമുക്കും ദാവീദിനെപ്പോലെ താഴ്ത്തി പ്രാർത്ഥിക്കാം. “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെ തന്നെ പരീക്ഷിപ്പിൻ, നിങ്ങളെ തന്നെ ശോധനചെയ്യുവിൻ, നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരുകിൽ യേശു ക്രിസ്തു നിങ്ങളിൽ ഉണ്ടു എന്ന് നിങ്ങളെ തന്നെ അറിയുന്നില്ലയോ” ( 11 കൊരി: 13:5). സ്വയം ശോധന ചെയ്തു മടങ്ങി വന്നാൽ നിനവേ പട്ടണത്തോട് കരുണ കാണിച്ചു അവരുടെ മേൽ വരുത്തുവാനിരുന്ന അനർത്ഥത്തെക്കുറിച്ച് അനുതപിച്ച മനസ്സലിവുള്ള ദൈവം നമ്മോടും കരുണ കാണിക്കും. ആകയാൽ നമ്മെ ശോധന ചെയ്തു നമ്മുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായ യേശുക്രിസ്തുവിങ്കലേക്ക് നമുക്കു അടുത്തു വരാം.
പാസ്റ്റർ വർഗീസ് കുര്യൻ