ഒക്കലഹോമ: കോവിഡ് 19 ഭീതി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുവാൻ നാഷണൽ കമ്മറ്റി തീരുമാനിച്ചു.
ഇക്കാര്യം അടുത്ത വർഷത്തെ കോൺഫ്രൻസ് നേത്യത്വത്തെ അറിയിച്ചതായും അനുഭാവ പൂർണ്ണമായ മറുപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ ഔദ്യോഗികമായി അറിയിച്ചു.
മാർച്ച് രണ്ടാം വാരം മുതൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടൽ അധിക്യതരുമായി പുതിയ തീയതി സംബദ്ധിച്ച് സംസാരിച്ചു വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 1 ന് ടെലികോൺഫ്രൻസിലൂടെ നാഷണൽ കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ തുടർന്നും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വൈറസ് ബാധയില്‍ നിന്നും ലോക ജനതയ്ക്ക് മുഴുവൻ വിടുതല്‍ ലഭിക്കുവാന്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുക എന്ന ദൗത്യം എല്ലാവരും ഏറ്റെടുക്കേണ്ട സമയം ആണിതെന്നും ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നാഷണല്‍ ഭാരവാഹികൾ അറിയിച്ചു.
എല്ലാ ചൊവ്വാഴ്ചകളിലും സെൻട്രൽ സമയം 8 മണിക്ക് 605 – 313 – 5111 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്.