പറയാതെ വയ്യ: ആടുകൾക്ക് വേണ്ടി ജീവൻ കൊടുക്കേണ്ടവർ ആടുകളെ ചൂഷണം ചെയ്യരുത് | ബ്ലെസ്സൻ അനുഗ്രഹ

കഴിഞ്ഞ കുറെ വർഷങ്ങളായി കുടുംബമായി ഞങ്ങൾ ഷാർജയിൽ ആയിരുന്നു. വളരെ തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിൽ പല ദൈവദാസൻമാരും ഞങ്ങളുടെ സഭയിലും ഭവനത്തിലുമൊക്കെ കടന്നു വരികയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2017 മുതൽ 2019 വരെയുള്ള ചുരുങ്ങിയ കാലയളവിൽ ഞങ്ങളുടെ ഭവനത്തിൽ ചില ദൈവദാസൻമാർ വന്നു അതിലൊരാൾ എൻ്റെ ഭവനത്തിൽ വന്ന് പ്രാർത്ഥിക്കുകയും ഞങ്ങൾ മുഖേന ഞങ്ങളുടെ ഭവനവുമായി ബന്ധമുള്ള സ്ത്രീയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും പിന്നീട് അവരോട് മോശമായി പെരുമാറുകയും അവരുടെ പേഴ്സണൽ ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് ഏകദേശം ഒരു വർഷത്തിന് ശേഷം മറ്റൊരാൾ എൻ്റെ ഭവനത്തിൽ വന്ന് പ്രാർത്ഥിച്ചിട്ട് ഞങ്ങൾ 2 മാസത്തിനകം മറ്റൊരു രാജ്യത്ത് പോകുമെന്ന് പറഞ്ഞു, പക്ഷെ ഈ സമയം എൻ്റെ ഭാര്യ എട്ട് മാസം ഗർഭിണിയായിരുന്നു അത് അദ്ദേഹത്തിന് വെളിപ്പെട്ടില്ല. ഭാര്യ ഗർഭിണിയാണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചിട്ട് ഈ കുഞ്ഞ് ദൈവഹിതമല്ല അതങ്ങ് കളഞ്ഞേക്കാൻ പറഞ്ഞു, ഇത് ഞങ്ങളുടെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. ദൈവ വചനപ്രകാരം അതിന് വ്യവസ്ഥയില്ലല്ലോ… എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇദ്ദേഹം ഒരു സ്ത്രീ വിഷയത്തിൽ പിടിക്കപ്പെട്ടതായി ഞങ്ങൾ കേട്ടു .

മൂന്നാമത്തെ സംഭവം നടക്കുന്നത് ഞങ്ങൾ സഭയായും കുടുംബമായും വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്താണ്. ഞങ്ങൾ ആരാധിച്ച് കൊണ്ടിരുന്ന സ്വതന്ത്ര സഭയിൽ മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങൾക്കും സമാനമായ ഒരു സംഭവവുണ്ടായി. ഈ വിഷയത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചത് കൊണ്ട് അതിന് ഉത്തരവാദി ആയിരുന്ന ആളിനെ സഭയിൽ നിന്ന് പുറത്താക്കി. അതിന് ശേഷം സഭയുടെ കാര്യങ്ങൾ മുന്നോട്ട് പൊയ്കൊണ്ടിരുന്നത് ഞാനുൾപ്പെടെ രണ്ട് മൂന്ന് സഹോദരൻമാർ ചേർന്നാണ്.അതേ സമയം തന്നെ എൻ്റെ ജോലിയും നഷ്ടപ്പെട്ടു.എല്ലാവരും വളരെയധികം വേദനയിലൂടെ കടന്ന് പോകുന്ന സമയം. സഭയിൽ തിരുവത്താഴം ഉള്ള ദിവസം പുറത്ത് നിന്ന് ഒരു ദൈവദാസനെ വിളിക്കാറുണ്ട്. ആ ആഴ്ചയിൽ സ്നാനവുമുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് ശേഷം കടന്നു വന്ന ദൈവദാസനെ കൊണ്ട് സ്നാനം നടത്താൻ ധാരണയായി.എന്നാൽ വളരെ പെട്ടെന്നു തന്നെ അദ്ദേഹത്തെകൊണ്ട് സ്നാനം നടത്തിക്കണ്ടാ എന്ന് ഒരു അഭിപ്രായം വന്നു.ഇദ്ദേഹത്തെ സഭയിൽ വിളിച്ചത് ഞാനാണ്. ഞാനാകെ വിഷമിച്ചു എന്താണ് കാരണം. അന്വേഷിച്ചേപ്പോൾ സഭയിലെ ഒരു സഹോദരിയുടെ ഫോണിലേക്ക് വളരെ മോശമായ സന്ദേശമയച്ചതായി വിവരം കിട്ടി.

ഇത്തരം സംഭവങ്ങൾ വളരെ നാളുകൾ ഞങ്ങളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.ഞാനും ഒരു ഉപദേശിയുടെ മകനാണ്.വളരെ വർഷങ്ങൾ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതും വെച്ച് ഒരിടയൻ ആരാണെന്നും എങ്ങനെയാണെന്നും എങ്ങനെയായിരിക്കണം എന്നുമുള്ള ഒരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷെ ഇത് എന്നെ വളരെ നൊമ്പരപ്പെടുത്തി..
‘വേലി തന്നെ വിളവ് തിന്നും’ എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്.
ഇത് എൻ്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ. അതുകൊണ്ട് എല്ലാ ദൈവദാസൻമാരും കുഴപ്പക്കാരാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്.ഇന്നും ഏൽപ്പിച്ചത് വിശ്വസ്തതയോടെ വ്യാപാരം ചെയുന്ന അനേകം ദൈവദാസൻമാർ ഉണ്ട്.

വിദേശത്തേക്ക് ശുശ്രൂഷയ്ക്കായി പോകുന്നവർ ഒന്നോർക്കുക നാട്ടിൽ നിന്ന് പോയാൽ പിന്നെ എന്തുമാകാം എന്ന് വിചരിക്കരുത്. അവിടെയുള്ള ദൈവജനം വളരെ വിയർപ്പൊഴുക്കി കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.ഇതിനിടയിലാണ് ദൈവസ്നേഹത്തിൽ പലരെയും വിളിച്ചുകൊണ്ട് വീട്ടിൽ വരികയും കൊണ്ടുവിടുകയും ഭക്ഷണം നൽകുകയും പാർപ്പിക്കുകയുമൊക്കെ ചെയ്യുന്നത്.ദയവു ചെയ്ത് ദൈവത്തോടും മനുഷ്യരോടും വിശ്വസ്തത പുലർത്തുക. കഴിവതും സഹോദരിമാരുടെ ഫോൺ നമ്പർ, അവരുമായു ള്ള ഇടപഴകൽ എല്ലാം വിവേകത്തോടും പരിജ്ഞാനത്തോടും കൂടി ചെയുക.
1 കൊരിന്ത്യർ 10:12 നാം ഇപ്രകാരം വായിക്കുന്നു. ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ നോക്കി കൊള്ളട്ടെ.വീഴാതിരിക്കണമെങ്കിൽ നാം നമ്മെതന്നെ സൂക്ഷിക്കണം.ദൈവദാസനായാലും വിശ്വാസിയായാലും അതിന് മാറ്റമൊന്നുമില്ല.യോഹന്നാൻ 10: 11 ഞാൻ നല്ല ഇടയനാകുന്നു നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നു. ആടുകൾക്ക് വേണ്ടി ജീവനെ കൊടുത്തില്ലെങ്കിലും വേണ്ട രീതിയിൽ അതിനെ പരിപാലിക്കാനെങ്കിലും ദൈവദാസൻന്മാർ ശ്രമിക്കുക.

ബ്ലെസ്സൻ അനുഗ്രഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply