ലേഖനം: ഈ പ്രാർത്ഥന കൊണ്ടൊക്കെ വല്ല കാര്യവും ഉണ്ടോ? | ബിജു പി. സാമുവൽ
ലോകജനത മുഴുവൻ കൊറോണ ഭീതിയിലായിരിക്കുന്നു. ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം ധാരാളമാളുകൾ പ്രാർത്ഥനയിലും അഭയം പ്രാപിക്കുന്നു.
എന്നാൽ ഈ പ്രാർത്ഥനയെ അധിക്ഷേപിക്കുന്നവരും കുറവല്ല.
വിശുദ്ധ ബൈബിളിലെ ഒരു ഭാഗമാണ് ചിന്തയിലേക്ക് വന്നത്.
പ്രബലനായ
യെഹോശാഫാത്ത്
യെഹൂദയിൽ
രാജാവായിരിക്കുന്ന
സമയം.
യെഹൂദയോട് യുദ്ധം ചെയ്യാൻ
ചുറ്റുമുള്ള രാജ്യങ്ങൾ ഭയപ്പെടുന്ന ഒരു കാലം കൂടി ആയിരുന്നത്.
പത്ത് ലക്ഷത്തിലധികം പരാക്രമശാലികളും യുദ്ധസന്നദ്ധരുമായ യോദ്ധാക്കൾ കൂടെയുണ്ടെങ്കിൽ പെട്ടെന്ന് ഒരു ആക്രമണത്തിന് ആരാണ് മുതിരുക?
പക്ഷേ ഒരിക്കൽ വളരെ അപ്രതീക്ഷിതമായി ഒരു ആക്രമണം തനിക്ക് നേരെ ഉണ്ടായി.
ഒന്നും രണ്ടുമല്ല ശത്രുക്കളുടെ മൂന്ന് കൂട്ടം ഒരുമിച്ചാണ് യുദ്ധത്തിന് വന്നിരിക്കുന്നത്. പ്രത്യാക്രമണത്തിന് ശക്തിയുള്ള ഒരു സൈന്യം കൂടെയുണ്ടെങ്കിൽ ഏതു രാജാവാണ് ഭയപ്പെടുക?
ശത്രുക്കളെ തവിടു പൊടിയാക്കാൻ സൈന്യത്തിന് ആജ്ഞ നൽകിയാൽ പോരേ?
പക്ഷേ ഇത്രയും വലിയ ഒരു യുദ്ധം വന്നപ്പോൾ ശക്തനായ യെഹോശാഫാത്ത് രാജാവ് ചെയ്തത് കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യമാണ്.
അദ്ദേഹം ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
മാനുഷിക ബുദ്ധിക്ക് നിരക്കാത്ത ഒരു തീരുമാനമാണത്.
ഒരു വലിയ യുദ്ധം വരുമ്പോൾ ഉപവാസം കൊണ്ട് എങ്ങനെ നേരിടാനാണ്?. ജനത്തോടുള്ള രാജാവിന്റെ അഭിസംബോധന ഒരു പ്രാർത്ഥനയായി മാറി.
യെഹോശാഫാത്തിന്റെ പ്രാർത്ഥനയിലെ ചില വാചകങ്ങൾ വളരെ ശ്രദ്ധേയമാണ്. “ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോട് എതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല”.
അപ്പോൾ പത്ത് ലക്ഷം വരുന്ന പരാക്രമശാലികളുടെ പ്രയോജനം?
ചിലപ്പോൾ അങ്ങനെയാണ്. രാജ്യങ്ങളുടെ സൈന്യശക്തിയും സാമ്പത്തിക ബലവും സാങ്കേതികജ്ഞാനവും ആരോഗ്യരംഗവുമെല്ലാം പരാജയപ്പെടുന്ന നാഴികകൾ.
ഇന്ന് രാജ്യത്തലവന്മാരും കൈമലർത്തി നിസ്സഹായത പ്രകടിപ്പിക്കുന്നു.
“ഇനി ആകാശത്തിൽ നിന്ന് വല്ല സഹായം വന്നാലെ രക്ഷയുള്ളൂ”.
യെഹോശാഫാത്ത് രാജാവും അതുതന്നെയാണ് പ്രകടിപ്പിച്ചത്.
“എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾ അറിയുന്നില്ല.
എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിക്കുന്നു”.
യെഹൂദർ എല്ലാം അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുമൊപ്പം ദൈവസന്നിധിയിൽ സഹായം അപേക്ഷിക്കാനായി ഒത്തുകൂടി.
അവിടെ നിന്ന് അവർക്ക്
എന്ത് ഉറപ്പാണ് കിട്ടിയത്?.
“നിങ്ങൾ ഭയപ്പെടരുത്, യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്. .
പിന്നീട് എന്താണ് സംഭവിച്ചത്? യെഹൂദർക്കെതിരെ യുദ്ധത്തിന് വന്ന സമൂഹത്തിനെതിരെ ദൈവം പതിയിരുപ്പുകാരെ വരുത്തി, അവസാനം അവർ തമ്മിൽ തല്ലി ചാവുകയും ചെയ്തു. അപ്പോൾ ശത്രുവിനെതിരെ യെഹൂദ
യുദ്ധം ചെയ്തില്ലേ? ഇല്ല.
തലേദിവസം രാജാവിന്റെ നേതൃത്വത്തിൽ ജനം ദൈവമുഖം അന്വേഷിച്ചു. അവരെല്ലാം പാട്ടുപാടി ദൈവത്തെ സ്തുതിച്ചതേയുള്ളൂ. ദൈവം അവർക്ക് വിജയം നല്കി.
അവസാന അത്താണി എന്ന നിലയിലല്ല യെഹോശാഫാത്ത് രാജാവ് ദൈവാശ്രയത്തെ കണ്ടത്.
ശത്രുരാജ്യത്തെ പപ്പടം പോലെ പൊടിക്കാൻ സൈന്യശക്തി ഉള്ളപ്പോഴും ആദ്യം തന്നെ രാജാവ് ദൈവമുഖം അന്വേഷിച്ചു. അതായിരുന്നു
അദ്ദേഹത്തിന്റെ വിജയവും.
തന്നോടൊപ്പമുള്ള എല്ലാ ശക്തിയും ദൈവത്തിന്റെ കരുത്തിന് മുമ്പിൽ ശൂന്യമാണെന്ന് രാജാവ് മനസ്സിലാക്കി.
നിസ്സഹായന്റെ നിലവിളി മാത്രമല്ല പ്രാർത്ഥന, കരുത്തുള്ളവന്റെ സമർപ്പണവുമാണത്.
എല്ലാവരും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയമാണിത്. ഇപ്പോഴെങ്കിലും ഹൃദയങ്ങളെ കീറി കണ്ണീരോടെ ദൈവത്തിലേക്ക് മടങ്ങി വരുവാൻ നമുക്ക് കഴിയണം.
ചെയ്തുപോയ പാപങ്ങൾ, വന്നു പോയ തെറ്റുകൾ അനുതാപത്തോടെ ഏറ്റുപറഞ്ഞു ദൈവത്തിലേക്ക് നമുക്ക് തിരിഞ്ഞു നടക്കാം. ദൈവമുഖം അന്വേഷിക്കേണ്ട സമയമാണിത്.
അവിടുന്ന് നമ്മെ കൈക്കൊണ്ട് ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാതെ ഇരിക്കില്ല.
(വായനയ്ക്ക്:
2 ദിനവൃത്താന്തം
17- 20 അധ്യായങ്ങൾ)
ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ