ചെറു ചിന്ത: കൊറോണ നൽകിയ ആത്മീയ ധാർമിക പാഠങ്ങൾ | അനീഷ് കൊല്ലംകോട്

1. ഞാനില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല എന്നു ചിന്തിക്കുന്നവരോട് നീ വീട്ടിൽ നിന്ന് പുറത്ത്‌ വരാതിരുന്നാൽ മാത്രമേ സമൂഹം രക്ഷപ്പെടുകയുള്ളൂ എന്നു കൊറോണ പഠിപ്പിച്ചു.

2. എപ്പോഴും സമൂഹത്തെപ്പറ്റി മാത്രം ചിന്തിച്ച് വീട്ടുകാരെ പൂർണ്ണമായും അവഗണിക്കുന്നവരുണ്ട്. അതിൽ രാഷ്ട്രീയ പ്രവർത്തകരും പാസ്റ്റർമാരും ഒക്കെ ഉൾപ്പെടും. ഇടയ്ക്കൊക്കെ വീട്ടുകാർക്ക് സ്നേഹവും കരുതലും നൽകിയും നേടിയും ഒരുമിച്ചു കഴിയണമെന്ന പാഠം വൈറസ് പഠിപ്പിച്ചു. ( ഒഴിഞ്ഞു മാറാൻ കഴിയാത്ത വിധം ദുരന്ത ഘട്ടങ്ങളിൽ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നവരെ അങ്ങേയറ്റം ആദരവോടെ കാണുന്നു. )

3. ഞാൻ മൂലം ജീവിതം കെട്ടിപ്പടുത്തവർ എത്രയോ പേരാണ് എന്ന് അഹങ്കരിച്ചവരോട് നിന്നെക്കൊണ്ട് ജീവിതം വഴിമുട്ടുന്നവർ അതിനേക്കാൾ എത്രയോ പേരാണ് എന്ന് കൊറോണ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

4. അധികൃതരുടെ നിർദേശങ്ങൾ അവഗണിച്ച് പുറത്തിറങ്ങി കാഴ്ച്ച കാണാൻ നടന്ന ചിലരെയെങ്കിലും കൊറോണ ബാധിച്ചു. മുന്നറിയിപ്പുകൾ അവഗണിക്കരുത് എന്നതിന് നല്ല പാഠവും എന്നും ഓർത്തിരിക്കാൻ സൗജന്യമായി അനുഭവങ്ങളുംകൂടി കൊറോണ നൽകി.

5. തെരുവിലുള്ളവരെ കരുതാൻ സമൂഹത്തിനു പരിധി ഉണ്ടെന്ന് പറഞ്ഞവർ കൊറോണയെ പേടിച്ച് തെരുവിൽ കിടന്നവരെയെല്ലാം വാരിയെടുത്ത് മൂന്നു നേരം ഭക്ഷണവും പാർപ്പിടവും നൽകി സുരക്ഷിതമാക്കി. സംഗതി സ്വാർത്ഥമാണെങ്കിലും തെരുവിൽ കിടക്കുന്നവർക്ക് ഭക്ഷണവും പാർപ്പിടവും നൽകാൻ സമൂഹം വിചാരിച്ചാൽ നടക്കും എന്നു കൊറോണ പഠിപ്പിച്ചു.

6. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വേദന
സമൂഹത്തിലെ ഉന്നതന്മാരെയും വി ഐ.പി കളേയും വിദ്യാസമ്പന്നരേയും കൊറോണ പഠിപ്പിച്ചു. ഐസോലേഷൻ സഹിക്കാനാവാതെ വിദ്യാഭാസമുള്ളവനും ഇല്ലാത്തവനും ഇറങ്ങിയോടി.

7. വിദേശത്തുള്ളവർ സ്വദേശിയരോട് കാണിച്ച പുശ്ചവും പരിഹാസവും ഒറ്റപ്പെടുത്തലും( എല്ലാവരുടെയും കാര്യമല്ല) തിരിച്ചും അനുഭവിക്കാൻ കൊറോണ അവസരമൊരുക്കി. അതും ഒരു പാഠം തന്നെ.

8. വിദേശിയിൽ നിന്ന്(പ്രവാസിയും പെടും) സ്വദേശി ശാരീരിക അകലം പാലിക്കേണ്ടി വന്നതിലൂടെ വലിയവനും ചെറിയവനും തമ്മിലുള്ള മാനസിക അകലം കുറയ്ക്കാൻ കൊറോണ കാരണമായി.

9. കേരളത്തിലെ നിയമമൊക്കെ എന്ത്? അങ് അമേരിക്കയിലോട്ടു വരണം, പൊതു സ്ഥലത്ത് തുപ്പിയാൽ പോലും പോലീസ് പിടിക്കും എന്നൊക്കെ വാചക കസർത്ത് നടത്തിയ പ്രവാസി മലയാളികളുടെ പ്രതിനിധി കേരളാ മുഖ്യമന്ത്രിയോട്,
കുറച്ചു നാളത്തേക്ക് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോ എന്നു ( ആത്മാർത്ഥമായി) ചോദിച്ച തമാശയിലും കൊറോണ നമ്മെ ചിലത് പഠിപ്പിച്ചു. ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് നാട്ടിലുള്ളവരെക്കുറിച്ചല്ല തങ്ങളെക്കുറിച്ച് തന്നെയാണ് പേടി എന്നു പ്രവാസി മലയാളി പറയുമ്പോൾ കൊറോണയുടെ പഠിപ്പിക്കൽ രീതി നമ്മെ അത്ഭുത സ്തബ്ധരാകുന്നു.

10. ഇന്നെലകളിൽ ആർക്കും ഒന്നിനും സമയമില്ലായിരുന്നു. പ്രത്യേകാൽ സഭാ യോഗത്തിന് പോകാൻ പോലും.
ഇപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാഞ്ഞിട്ട് സമയം എങ്ങനെ ചിലവഴിക്കും എന്ന അവസ്‌ഥയാണ്‌. സമയം തക്കത്തിൽ
വിനിയോഗിക്കാൻ കൊറോണയും ബുദ്ധി ഉപദേശിക്കുന്നു.

11. ആരാധന ആൾക്കൂട്ടങ്ങളിലാണ് നടക്കുന്നത് എന്ന തെറ്റായ ധാരണയെ കൊറോണ തിരുത്തിയെഴുതി. നല്ല ഭക്തന് പ്രാർത്ഥിക്കാനും ദൈവത്തെ പ്രാപിക്കാനും സ്വന്തം വീടുപോലെ സ്വതന്ത്രമായ മറ്റൊരിടമില്ലെന്ന് കൊറോണ പഠിപ്പിച്ചു.

12. ദൈവത്തോട് പ്രാർത്ഥിക്കാനും പാപങ്ങളെ ഏറ്റു പറയാനും മധ്യസ്ഥൻ ആവശ്യമില്ലെന്ന് സാക്ഷാൽ പോപ്പിനെ കൊണ്ടുതന്നെ കൊറോണ പറയിപ്പിച്ചത് സുവർണ്ണ ലിപികളിൽ എഴുതിവയ്ക്കേണ്ട പാഠമായി.

13. ഒരു നല്ല കാര്യത്തെപ്പറ്റി ആലോചിക്കുമ്പോൾ ഓരോരുത്തർക്കും ഒരു നൂറു നിർദ്ദേശങ്ങളായിരുന്നു. ഇന്നിപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പോലും ഒരുമിച്ചു കൈകോർത്തു നിൽക്കുന്നു. അല്ലെങ്കിൽ അഭിപ്രായ വ്യത്യാസം പറഞ്ഞ് അടികൂടാൻ നാളെ ഇവിടെ ആരും ഉണ്ടാവില്ല എന്നു കൊറോണ പഠിപ്പിച്ചു.

14. മക്കളെ ഡോക്ടറാക്കണം എന്നും മക്കൾ ഡോക്ടേഴ്‌സ് ആണെന്നും മറ്റും ഗമയ്ക്ക് പറഞ്ഞു നടന്നവരോട് മെഡിക്കൽ ഡോക്ടർ എന്ന വിശേഷണം ഗമയ്ക്ക് ഉപയോഗിക്കാനുളതല്ല സേവന മനോഭാവത്തിൽ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് കൊറോണ ഒരിക്കൽ കൂടി നൽകി. സെപ്റ്റിക് ടാങ്കും അഴുക്കു ചാലുകളും വൃത്തിയാക്കുന്നവരെക്കാൾ കീടാണുക്കളുമായി പൊരുതുന്നവരാണ് മെഡിക്കൽ ഫീൽഡിൽ പ്രവർത്തിക്കുന്ന ഡോക്ടറും നേഴ്‌സും എന്നും ജോലികൊണ്ടും പുറമെയുള്ള വേഷം കൊണ്ടുമല്ല, ശരീരത്തോടൊപ്പം മനസ്സും നന്നായി
സൂക്ഷിക്കുന്നവരിലാണ് അന്തസ്സും ആഭിജാത്യവും കണ്ടെത്തേണ്ടതെന്നും കൊറോണ പഠിപ്പിച്ചു.

15. ആകാശങ്ങൾക്കുമപ്പുറത്തേക്ക് ഉയർന്നു എന്നു മനുഷ്യൻ അഹങ്കരിക്കുമ്പോഴും രാജാവിനേയും മന്ത്രിയെയും പ്രജകളെയും നിലയ്ക്ക് നിർത്താൻ
ഒരു സൂക്ഷ്മ ജീവി തന്നെ ധാരാളം എന്ന് കൊറോണ പഠിപ്പിച്ചു. കാണാ മറയത്ത് ആകാശങ്ങളിൽ പറന്നു നടന്നവരെ താഴെയിറക്കി വീട്ടിൽ ഇരുത്താൻ ഒരു കൊറോണ മതി എന്നു പഠിച്ചു.

16. രാജ്യങ്ങൾ തമ്മിൽ തമ്മിൽ ആരാണ് വലിയവർ എന്ന വാദം ഉന്നയിക്കുമ്പോൾ തന്റെ മുന്നിൽ ആരും ഒന്നുമല്ലെന്ന് ലോകത്തിനു മുഴുവൻ പാഠം നൽകുകയാണ് കൊറോണ.

17. ആഗോളവത്കരണം നടപ്പാക്കിക്കൊണ്ട് ആർക്കും ഏതുവഴിയും എങ്ങോട്ടും പോകാം എന്തും ചെയ്യാം എന്നും, ലോകത്തെ മുഴുവൻ ഒരു ഗ്രാമം പോലെ കൈ വെള്ളയിലൊതുക്കാം എന്നുമൊക്കെ ചിന്തിച്ചിടത്ത് ഇപ്പോൾ ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തിലേക്കെന്നല്ല സ്വന്തം വീട്ടിൽ നിന്ന് ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും കേവലം ഒരു സൂക്ഷ്മ ജീവിയെ പേടിക്കേണ്ട അവസ്ഥയിലെത്തിയ മനുഷ്യൻ ആരും പഠിപ്പിക്കാതെ സ്വയം പഠിക്കുകയാണ്.

18. പണത്തിന്റെ ഹുങ്ക് മൂലം വിവാഹ ചടങ്ങുകളും സംസ്കാര ചടങ്ങുകൾ ഉൾപ്പടെ ആഡംബരമാക്കിയവരോട് അത് ഏറ്റവും ലളിതമായി നടത്തുന്നതെങ്ങനെയെന്ന് കൊറോണ പഠിപ്പിച്ചു.

19. മനുഷ്യർ തമ്മിൽ തൊട്ടു കൂടായ്മയുടെ അകലം തീർത്ത നാളുകൾ ഭൂതകാലത്തിൽ ഉണ്ടായിരുന്നു. ഇന്നിപ്പോൾ കാണാൻ പോലും കഴിയാത്ത ഒരു സൂക്ഷ്മ ജീവി സകല മനുഷ്യരോടും ഒരു മീറ്ററെങ്കിലും അകന്നു നിൽക്കാൻ ആജ്ഞാപിക്കുന്നു. മറുതലിച്ചാൽ മരണമാണ് മുന്നിലെ ഭീഷണി. വാസ്തവത്തിൽ മാറി നിൽക്കാൻ ചരിത്രത്തിൽ മനുഷ്യരോട് ആവശ്യപ്പെട്ടവരെല്ലാം കൊറോണയെ
പ്പോലെ മാരണ വൈറസുകൾ തന്നെയായിരുന്നു എന്ന് കൊറോണ പഠിപ്പിച്ചു.

20. എല്ലാറ്റിന്റെയും നിയന്ത്രണം എന്റെ കയ്യിലാണ് എന്ന് അഹങ്കരിച്ചവർക്ക് കൊറോണ നൽകുന്ന പാഠം: ദൈവം അനുവദിച്ചില്ലെങ്കിൽ ഒന്നും ആരുടെയും അധീനതയിലല്ല, നിയന്ത്രണത്തിലുമല്ല. ദൈവത്തിന് ലോകത്തെ പഠിപ്പിക്കാൻ കേവലം ഒരു കൊറോണ തന്നെ ധാരാളം.

21. മരണം വേർപിരിക്കും വരെ കൂടെയുണ്ടാകും എന്നു പ്രതിജ്ഞ ചെയ്ത ഭാര്യയോ ഭർത്താവോ പോലും കൊറോണ ബാധിച്ചാൽ കൂടെയുണ്ടാവില്ല എന്നും കൊറോണ പഠിപ്പിച്ചു.

22. ലോകത്തിലെ വൻസാമ്പത്തിക ശക്തികൾ എന്ന വിശേഷണമുള്ള രാജ്യങ്ങൾ പോലും കൊറോണയുടെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ
ലോകത്തിന്റെ ദൈവമായ
സമ്പത്തിനെക്കാൾ വലിയ ദൈവത്തിലേക്ക് ഹൃദയം തിരിക്കാൻ കൊറോണ ലോകത്തെ ഉപദേശിക്കുന്നു.

23. ഒരാളെ വന്ദനം ചെയ്യാൻ കൈകൊടുക്കണം എന്നത് അത്ര നിർബന്ധമുള്ള കാര്യമല്ല എന്നും കൈകൊടുത്താൽ തന്നെ അടുത്ത പരിപാടി കൈകഴുകൽ ആയിരിക്കണം എന്നും കൊറോണ പഠിപ്പിച്ചു. ആവശ്യവും അനാവശ്യവും വേർതിരിച്ചറിയാൻ കൊറോണ മുഖാന്തിരമായി.

24. ഇന്നേ വരെ ഞാൻ ഒരു ആരാധനയും മുടക്കിയിട്ടില്ല എന്ന് വീമ്പ് പറഞ്ഞവരെ സഭായോഗം മുടക്കിച്ച് വീട്ടിലിരുത്തിയ കൊറോണ, വീമ്പടിക്കുന്നതും അനുഷ്ഠാനങ്ങളും അല്ല വചനാനുസൃതമുള്ള ജീവിതമാണ് ആരാധന എന്നു പഠിപ്പിച്ചു.

25. Kovid 19 ന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നവർക്കിട്ട് പണികൊടുത്ത് ഷൈൻ ചെയ്യാം എന്നു വ്യാമോഹിച്ച ചില പോലീസ് ഉദ്യോഗസ്ഥർക്ക് നല്ല മറുപടി നൽകിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിലൂടെ
ജനാധിപത്യത്തിന്റെ മഹത്വവും കൊറോണ പഠിപ്പിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന അവസ്‌ഥ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകുന്ന ശ്രീ. പിണറായി വിജയനേക്കാൾ കൂടിയ ഒരു ഭരണാധിപനും കേരളത്തിന് കിട്ടാനില്ല എന്നും കൊറോണ പഠിപ്പിച്ചു.

26. ചില സന്ദർഭങ്ങളിൽ ദൈവം നിശബ്ദനായി നിലകൊള്ളുമ്പോഴും
ദൈവത്തിന്റെ സംസാരേതര സന്ദേശങ്ങൾ വാക്കുകളെക്കാൾ ശക്തമായി ലോകത്തോട് സംവദിക്കുന്നു എന്നു കൊറോണ പഠിപ്പിച്ചു.

27. സ്ഥലം മാറ്റത്തിന്റെ സമയം ഒക്കെ ആയതുകൊണ്ട് നിർബന്ധപൂർവ്വം മാറേണ്ടയിരുന്ന പല വലിയ സഭകളുടെയും പാസ്റ്റർമാർക്ക് കൊറോണ ഒരു ആശ്വാസമായിരിക്കുകയാണ്. കുറച്ചു നാളും കൂടെ ഇങ്ങനെ തുടർന്നാൽ ഈ വർഷം സഭ മാറേണ്ടതില്ലല്ലോ. ലോകം മുഴുവൻ കൊറോണയെ ഭയക്കുമ്പോൾ കൊറോണയെ സ്നേഹിക്കുന്ന വർഗ്ഗവും ഉണ്ടെന്ന് കൊറോണ പഠിപ്പിച്ചു.

28. എപ്പോഴും പാട്ടും ആട്ടവുമായി കൂട്ടമായി നടന്നവരോട് ഇടയ്ക്കൊക്കെ ഒരു ഏകാന്തതയും ഒറ്റപ്പെടലും നല്ലതാണ് എന്ന് കൊറോണ പഠിപ്പിച്ചു.

29. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വീട്ടിനുള്ളിൽ ഇരുന്നവരെ പുറത്തുകൊണ്ടുവരുവാൻ കേരളാ പോലീസിനെ കൂടാതെ ഇന്ത്യൻ നാവിക സേന പോലും എത്തി. എന്നാൽ ഇന്നിപ്പോൾ പുറത്തുള്ളവരെ വീടിനുള്ളിൽ ഇരുത്താൻ പോലീസ് അശ്രാന്ത പരിശ്രമം നടത്തുകയാണ്. ദുരന്ത ഘട്ടങ്ങളിലെ പോലീസ് സേനയുടെ മഹത്തായ സേവനത്തെപറ്റിയും കൊറോണ പഠിപ്പിച്ചു.

30. സ്വന്തം ജീവൻ പണയം വച്ചും നാട്ടുകാരുടെ ജീവൻ നിലനിർത്താൻ പോരാടുന്ന ഡോക്ടേഴ്സിന്റെയും നഴ്സുമാരുടെയും ഇതര സന്നദ്ധ പ്രവർത്തകരുടെയും മഹത്വം കൊറോണയും നമുക്ക് പറഞ്ഞു തരുന്നു.

ബൈബിൾ നൽകുന്ന പാഠം:

ഇതൊക്കെയാണെങ്കിലും ഭൂരിഭാഗം മനുഷ്യരും ദൈവത്തിലേക്ക് തിരിയാതെ ഹൃദയം കഠിനപ്പെടുത്തികൊണ്ടേയിരിക്കും എന്നു ഒടുവിൽ ബൈബിളും പഠിപ്പിക്കുന്നു.

വെളിപ്പാട് 9:20 ൽ പറയുന്നു, ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ… ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.

അനീഷ് കൊല്ലംകോട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.