ലേഖനം: ചേർത്ത് നിർത്തിയവരെ നിന്ദിക്കരുത് | ജിബിൻ ജെ.എസ്. നാലാഞ്ചിറ
ഇന്നത്തെ ഈ ആധുനിക ലോകത്തിൽ നാം ജീവിക്കുമ്പോൾ പുതിയ നിയമത്തിലെ ഏറ്റവും വലിയ കല്പനയായ സ്നേഹം നമ്മിൽ നിന്നും അന്യം നിന്നു പോയി. മത്തായി 22:36-40 വരെ പരിശോധിച്ചാൽ രണ്ട് കൽപ്പനകൾ കാണാം. ഒന്നാം കല്പ്പന കർത്താവിനെ നാം പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസോടും കൂടെ സ്നേഹിക്കേണം (മത്തായി 22:37)
രണ്ടാം കല്പ്പന കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കേണം (മത്തായി 22:39).
ഈ രണ്ട് കല്പനകളിലും നമുക്ക് കാണാൻ കഴിയുന്നത് സ്നേഹം ആണ്. എന്നാൽ ഇന്നിന്റെ കാലത്ത് തമ്മിൽ സ്നേഹവും, ബഹുമാനവും, ക്ഷമിക്കുവാനുള്ള മനസ്സും ഒക്കെ കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഇന്ന് കൂടുതലും കാണാൻ കഴിയുന്നത് കാര്യ സാധ്യത്തിനുള്ള സ്നേഹമാണ്. ഈ സ്നേഹം ഒരിക്കലും യഥാർത്ഥമായ ഒരു സ്നേഹമല്ല, മറിച്ച് അഭിനയിക്കുന്ന ഒരു സ്നേഹം. ഇത്തരത്തിലുള്ള സ്നേഹം ഇന്ന് ആത്മീക ലോകത്തും കാണാൻ സാധിക്കും.
രൂത്തിന്റെ പുസ്തകം 1: 14 വായിക്കുമ്പോൾ ഓർപ്പ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു ; രൂത്തോ അവളോട് പറ്റി നിന്നു. രൂത്തിനു ഓർപ്പയുടെ വഴി സ്വീകരിക്കാമായിരുന്നു. സകലതും നഷ്ടപ്പെട്ട നവോമിയെ തനിച്ചാക്കി തന്റെ വ്യക്തിപരമായ ജീവിതത്തിന്റെ നന്മകൾക്ക് വേണ്ടി പോകാമായിരുന്നു. എന്നാൽ രൂത്ത് നവോമിയോട് പറ്റി നിൽക്കാൻ ഇടയായി. തൽഫലമായി സംഭവിച്ചതോ യേശു ക്രിസ്തുവിന്റെ വംശാവലിയിൽ (മത്തായി 1:5) ജാതീയ സ്ത്രീയായ രൂത്തിന്റെ പേരും ചേർക്കാൻ ഇടയായി തീർന്നു.
നാം ഈ ലോകത്തിൽ ആയിരിക്കുന്ന ചുരുങ്ങിയ കാലയളവിൽ പലവിധമായ പ്രതിസന്ധികളിലൂടെ, വേദനകളിലൂടെ, നിരാശകളിലൂടെ, നിന്ദകളിലൂടെയൊക്കെ കടന്നു പോകേണ്ടി വരാം.
എന്നാൽ ഈ തീച്ചൂളകളുടെ നടുവിൽ നമുക്കൊരു ആശ്വാസമായി ചേർത്ത് നിർത്തുന്ന ഒരാളെങ്കിലും ചില സമയത്തൊക്കെ കൂടെ ഉണ്ടാകും. നമ്മുടെ ജീവിതത്തിൽ നന്മ ഉണ്ടാകുമ്പോൾ സന്തോഷം ഉണ്ടാകുമ്പോൾ ചേർത്ത് നിർത്തിയവരെ അകറ്റി കളയരുത്. കാണുമ്പോഴെങ്കിലും ഒന്ന് ചിരിക്കുവാനും ഒന്ന് കൈ കൊടുക്കുവാനും ഒക്കെ തയ്യാറാകണം. മുകളിലോട്ട് എടുക്കുന്ന ശ്വാസം താഴോട്ടു പോയാൽ അത് ദൈവത്തിന്റെ മഹാ കൃപയാണ്. പ്രത്യേകിച്ച് ഈ സമയം അഹങ്കരിക്കേണ്ട സമയമല്ല; മറിച്ച് ദൈവ സ്നേഹം സകലരോടും കാണിക്കേണ്ട സമയമാണ്.
പ്രിയരേ ദൈവം നമ്മെ വിളിച്ചത് സ്നേഹം അഭിനയിക്കാനല്ല മറിച്ച് സകലരേയും ആത്മാർത്ഥയോടെ സ്നേഹിക്കുവാൻ വേണ്ടി ആണ്. ദൈവം നമ്മെ വിളിച്ചത് ചേർത്ത് നിർത്തിയവരെ നിന്ദിക്കാനല്ല, മറിച്ച് വേദപുസ്തകം പറയുന്നത് പോലെ തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തു കൊണ്ടിരിക്കുവിൻ. അതെ, നമ്മുക്ക് മറ്റുള്ളവർക്ക് ആശ്വാസമായി മാറാം.
സുവി. ജിബിൻ ജെ.എസ്. നാലാഞ്ചിറ