ശുഭദിന സന്ദേശം: ആത്മീയത… ആരാധന | ഡോ. സാബു പോൾ
‘’എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ…താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.”(ദാനി. 6:10).
പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ജനതാ കർഫ്യുവിൻ്റെ പശ്ചാത്തലത്തിൽ ഭാരതത്തിലെ ദൈവ സഭകൾ ഇന്നത്തെ സഭാ യോഗം ഭവനങ്ങളിലേക്ക് മാറ്റിയിരിക്കുന്നു….
‘ബ്രേക്ക് ദ ചെയിൻ’ എന്ന മുദ്രാവാക്യത്തോടെ കോവിഡ്’ -19 നെതിരെ പ്രതിരോധം തീർക്കുമ്പോഴും കൂട്ടായ്മയുടെ സന്തോഷം നഷ്ടമാകുന്നത് ഒരു വേദന തന്നെയാണ്.
രക്ഷിക്കപ്പെട്ട സമയം മുതൽ ഒരു ദൈവ പൈതലിൻ്റെ ജീവിതം മുഴുവൻ ദൈവത്തോടുള്ള ആരാധനയാണ്. എന്നാൽ അതിനൊരു സാമൂഹിക മാനമുണ്ട്.
വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒരുമിച്ചുകൂടി സമൂഹമായി ദൈവത്തെ ആരാധിക്കുന്ന അനുഭവങ്ങൾ പുതിയ നിയമത്തിൽ ദൃശ്യമാണ്. തുടക്കത്തിൽ ദിനമ്പ്രതിയായിരുന്നത് പിന്നീട് ആഴ്ചയിലൊരിക്കലായി.
എന്നാൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും ആരാധന വ്യക്തിപരം – സാമൂഹികം – വ്യക്തിപരം എന്നിങ്ങനെയാകുന്നതു കാണാം.
ഹാനോക്ക് കൂടെ നടന്ന് ദൈവസാന്നിധ്യം അനുഭവിച്ചു……. നോഹ യാഗം നടത്തി ദൈവത്തെ ആരാധിച്ചു……
അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാർ യാഗാർപ്പണങ്ങൾക്ക് നേതൃത്വം നൽകി…
യാക്കോബിൻ്റെ സന്തതികൾ എണ്ണത്തിൽ വർദ്ധിച്ചപ്പോൾ ആരാധന സാമൂഹികമായി…. അഹരോന്യ കുടുംബം പൗരോഹിത്യ ശുശ്രൂഷകൾക്കായി വേർതിരിക്കപ്പെട്ടു….
പെട്ടകത്തിൽ ജനത്തോട് കൂടെ ‘സഞ്ചരിച്ച’ ദൈവസാന്നിധ്യം അവർ വാഗ്ദത്ത നാട്ടിലെത്തി ദൈവാലയം പണിതപ്പോൾ അതിപരിശുദ്ധ സ്ഥലത്ത് നിലനിന്നു…
അങ്ങനെയിരിക്കെ വചനത്തിൽ നിന്നും അകന്ന് മാറിയപ്പോൾ ശിക്ഷയായി തകർച്ചയും ബാബിലോണ്യ പ്രവാസവും….
അവിടെ…
ആരാധന വീണ്ടും വ്യക്തിപരമായി പരിമിതപ്പെട്ടു. ഇന്നത്തെ വാക്യം ദാനിയേലിൻ്റെ അനുഭവം വ്യക്തമാക്കുന്നു.
പിന്നീടാണ് സിനഗോഗുകൾ സ്ഥാപിച്ച് ഒരുമിച്ചുകൂടി ആരാധിക്കുന്നത്.
പുതിയ നിയമത്തിൽ ക്രിസ്തുവിൽ വെളിപ്പെട്ട ദൈവസാന്നിധ്യം ശിഷ്യരിലേക്ക് പകരപ്പെടുന്നു…
പരിശുദ്ധാത്മാവരോഹണത്തിന് ശേഷം സഭകൾ സ്ഥാപിക്കപ്പെടുന്നു.
വീടുകളിലും വാടകക്കെടുത്ത ഹാളിലുമൊക്കെ അവർ ഒരുമിച്ച് കൂടി ആരാധിച്ചു…..
പക്ഷേ…..
അവസാന പുസ്തകത്തിലേക്ക് വരുമ്പോൾ കർത്തൃദിസത്തിൽ ആത്മവിവശനായ യോഹന്നാനെ കാണാം. ഏകാന്തതയിലും വെളിപ്പെട്ട ദൈവസാന്നിദ്ധ്യവും ആരാധനയും….
പ്രിയമുള്ളവരേ,
സാഹചര്യം പ്രതികൂലമാകുമ്പോൾ ആരാധന കുറയുകയല്ല, കൂടുകയാണ് ചെയ്യേണ്ടത്.
ഗൃഹനാഥൻമാർ ഇന്നത്തെ ആരാധനയ്ക്ക് നേതൃത്വം കൊടുക്കട്ടെ…..
ഒരുമിച്ചിരുന്ന് ഒരു സന്ദേശം ലൈവിൽ കേൾക്കുക.
കുടുംബങ്ങൾ ആരാധനാലയങ്ങളായി മാറട്ടെ….
ദൈവനാമം മഹത്വപ്പെടട്ടെ….
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.