ശുഭദിന സന്ദേശം : സ്മരണകളും സ്വപ്നങ്ങളും | ഡോ.സാബു പോൾ
”ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം”(2കൊരി.6:2).
ഇന്നലെയുടെ നാളെയാണ് ഇന്ന്….
പല ആളുകളും ഇന്നലെകളിലെ മധുര സ്മരണകളിൽ മുഖമണച്ച് കിടന്ന് എല്ലാം മറക്കാൻ ശ്രമിക്കുന്നു.
ചിലർ ഇന്നലെകളിലെ പരാജയത്തിൻ്റെ പിന്നിലെ അബദ്ധങ്ങളെക്കുറിച്ച് ആലോചിച്ച് അങ്ങനെ ചെയ്യരുതായിരുന്നു, പറയരുതായിരുന്നു, എന്നൊക്കെ പരിതപിച്ചു കൊണ്ടിരിക്കുന്നു.
മറ്റു ചിലർ മലർന്നു കിടന്ന് നാളെയെക്കുറിച്ചുള്ള മലർപ്പൊടിക്കാരൻ്റെ പകൽക്കിനാവുകളിൽ രമിക്കുന്നു…
പക്ഷേ, ഇന്നല്ലേ സുപ്രധാനം….?
ഇന്നലെകളിൽ പ്രതീക്ഷയോടെ വിതച്ചതിൻ്റെ ഫലം ഇന്ന് കൊയ്യുന്നെങ്കിൽ ഇന്ന് എന്തെങ്കിലുമൊക്കെ ചെയ്താലല്ലേ നാളേക്ക് പ്രയോജനമുണ്ടാകൂ…..?
നല്ലത് ചെയ്യാൻ നാളേക്ക് അവധി വെയ്ക്കുന്നതാണ് മനുഷ്യൻ ചെയ്യുന്ന മഹാപാതകം….
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ഇന്നുതന്നെ വ്യായാമം തുടങ്ങണം. പക്ഷേ, അത് നാളേയ്ക്ക് നീട്ടിവെച്ച് തടി കൂട്ടുകയാണ് പലരും.
പ്രമേഹക്കാരിൽ പലരും ശാസ്ത്രം നാളെ കണ്ടു പിടിക്കാൻ പോകുന്ന മറുമരുന്ന് സ്വപ്നം കണ്ട് ഇന്ന് നിയന്ത്രണമില്ലാതെ ജീവിക്കുന്നു.
പുകവലിയുടെ ദൂഷ്യവശങ്ങൾ വായനയിൽ അറിഞ്ഞതു മാത്രമല്ല, ശരീരത്തിലും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. നിർത്താനുള്ള പ്രയത്നങ്ങൾ നാളെയാകട്ടെ എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി….
‘കോവിഡ് 19 എന്ന മഹാമാരിക്ക് മറുമരുന്ന് വന്നു കഴിഞ്ഞു’ എന്ന വാർത്ത ഷെയർ ചെയ്ത് സന്തോഷിക്കുകയാണ് ധാരാളം പേർ. മരുന്നു കണ്ടു പിടിക്കട്ടെ. നല്ല കാര്യം! എന്നാൽ ഇന്ന് കൈകൾ സോപ്പുപയോഗിച്ച് കഴുകാനും പൊതുജന ബാഹുല്യമുള്ള സ്ഥലങ്ങളുമായി സമ്പർക്കം ഒഴിവാക്കുവാനും നമുക്ക് സാധിക്കുമല്ലൊ.
പകർച്ചവ്യാധിക്കെതിരെ സന്ധിയില്ലാ സമരം നടത്തി രാപ്പകലെന്യെ ഓടി നടക്കുന്ന ബഹു. ആരോഗ്യ മന്ത്രി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ”നാളെ വിദേശത്ത് തിരികെ പോകാൻ തടസ്സമുണ്ടാകുമോ എന്ന് ചിന്തിച്ചാണ് ചിലർ രോഗവിവരം മറച്ചു വെയ്ക്കുന്നത്. ജീവനുണ്ടായാലല്ലേ പോകാൻ കഴിയൂ….?”
വചനം ചൂണ്ടിക്കാണിക്കുന്നതും ഇന്നിനെയാണ്. ഇപ്പോഴാണ് സുപ്രസാദ സമയം, രക്ഷാ ദിനം. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ഇന്ന് ചെയ്യുന്നതിനനുസരിച്ചാണ് നാളെ ന്യായാസനത്തിൽ നിന്നും പ്രാപിക്കുന്നത്..!
കൂടെക്കൂടെ കൈ കഴുകി കൊറോണയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ക്രിസ്തുവിൻ നിണത്താൽ സ്വയം കഴുകി പാപ വൈറസിനെ പ്രതിരോധിക്കാം. പാപത്തിൻ്റെ സാദ്ധ്യതകളോട് സമ്പർക്കം പുലർത്താതെ സ്വയം സൂക്ഷിക്കാം.
സ്മരണകളും സ്വപ്നങ്ങളും നല്ലതുതന്നെ. പക്ഷേ സ്വപ്നങ്ങൾ പൂത്തുലയണമെങ്കിൽ ഇന്നിൻ്റെ പ്രയത്നം അനിവാര്യമാണെന്നു തിരിച്ചറിയുക….!
ഓർക്കുക….
ഇന്നലെയുടെ അനുഭവങ്ങളാണ് ഇന്നിൻ്റെ പാഠങ്ങൾ……
ഇന്നിൻ്റെ വിതയാണ് നാളെയുടെ കൊയ്ത്ത്…!!
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ