ശുഭദിന സന്ദേശം : നീതിയും ജാതിയും | ഡോ.സാബു പോൾ

”നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം”(സദൃ.14:34).

post watermark60x60

ഏബ്രഹാം ലിങ്കൺ ഒരിക്കൽ പറഞ്ഞു: “ഒരു തലമുറ വിദ്യാലയത്തിൻ്റെ ചുവരുകൾക്കകത്ത് ഹൃദയത്തിലേറ്റുന്ന തത്വചിന്തയാണ് അടുത്ത ഗവൺമെൻ്റിൻ്റെ മുഖമുദ്രയായി മാറുന്നത്.”

അനീതിയും അക്രമവുമാണ് അഭ്യസിക്കപ്പെടുന്നതെങ്കിലോ….?
മതത്തിൻ്റെ പേരിലായാലും പ്രത്യയശാസ്ത്രത്തിൻ്റെ പേരിലായാലും അഴിമതിയും അനീതിയുമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെങ്കിലോ….?
അതിൻ്റെ പരിണിത ഫലം പരിതാപകരമായിരിക്കും…..!

Download Our Android App | iOS App

ഇന്നു നാം ഏറെ ചർച്ച ചെയ്യുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം എവിടെ നിന്നാണ് ഉണ്ടായത്….?

മതസ്പർദ്ധയുടെ പേരിലുള്ള ആക്രമണങ്ങളും സ്ത്രീത്വത്തിനെതിരെയുള്ള അവഹേളനവുമൊക്കെ നിത്യസംഭവമായെങ്കിൽ അതെവിടെയാണ് തുടങ്ങിയത്…..?
പണ്ടേ കലാലയങ്ങളിൽ അത് വിതയ്ക്കുന്നുണ്ടായിരുന്നു…
അത് വളർന്ന് പാകമായി ഇന്നു കൊയ്യുകയാണ്…

എന്താണ് നീതി?

🔹 ‘ശരി’യുടെ മാനദണ്ഡം

‘ശരിയുടെ അളവുകോലാണ്’ നീതി. മനുഷ്യൻ നിർമ്മിക്കുന്ന അളവ് കോലുകൾക്ക് വ്യത്യാസമുണ്ട്. എന്നാൽ ദൈവമുമ്പിൽ ‘എത് ശരി’ ‘എത് തെറ്റ് ‘ എന്നു തീരുമാനിക്കുന്ന മാനദണ്ഡമാണ് നീതി.

കനാനിലെ ജാതികളെ എന്തുകൊണ്ട് ദൈവം നീക്കിക്കളഞ്ഞു എന്നതിനുത്തരം മോശ നൽകുന്നുണ്ട്(ആവ.9:5,6).
▪️യിസ്രായേലിൻ്റെ നീതി നിമിത്തമോ, ഹൃദയപരമാർത്ഥത മൂലമോ അല്ല അവരെ നീക്കിയത്.
▪️ആ ജാതിയുടെ ദുഷ്ടത നിമിത്തവും…
▪️പിതാക്കന്മാരോട് യഹോവ സത്യം ചെയ്ത വചനം നിവർത്തിക്കേണ്ടതിനുമാണ്.

എന്താണിതിൻ്റെ അർത്ഥം….?

ദുഷ്ട ജാതിയെ അവരുടെ ദുഷ്ടത നിമിത്തം നീക്കുമ്പോൾ പകരം അൽപ്പം നീതിയുള്ള മറ്റൊരു ജാതിയെ ദൈവത്തിന് അവിടെ താമസിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ പത്തു നീതിമാൻമാർ പോലുമില്ലാതിരുന്ന സോദോമിനെയും ഗൊമോറയെയും നശിപ്പിച്ചതു പോലെ തകർത്തു കളയാമായിരുന്നു……

എന്നാൽ നീതിമാന്മാരായിരുന്ന അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാർക്ക് ദൈവം കൊടുത്ത വാഗ്ദത്തമാണ് യിസ്രായേൽ ഇന്നനുഭവിക്കുന്ന നന്മ….!

🔹 ദൈവകല്പന അനുസരിക്കുന്നത്

നീതിമാനായ ദൈവത്തിൻ്റെ കല്പനകൾ അനുസരിക്കുന്നതാണ് നീതി.
“നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും”(ആവ.6:25).
മോശയുടെയും യോശുവയുടെയും ദാവീദിൻ്റേയും കാലത്തൊക്കെ ഈ നീതിയാണ് അവരെ ഉയർത്തിയത്.

🔹വിശ്വാസത്താലുള്ള ദൈവനീതി

എന്നാൽ മനുഷ്യൻ ദൈവീക കല്പനകൾ പൂർണ്ണമായും അനുസരിച്ച് നീതി പുലർത്തുന്നതിൽ പരാജയമായിത്തീർന്നപ്പോൾ സുവിശേഷത്താൽ ദൈവത്തിൻ്റെ നീതി വിശ്വാസം ഹേതുവായി വെളിപ്പെട്ടു(റോമ.1:7). യോഗ്യതകളില്ലാതിരുന്ന നമ്മെ നീതിമാൻമാരായി സ്വർഗ്ഗം എണ്ണി….

ഇനി ശലോമോൻ്റെ ചിന്തയിലേക്ക് മടങ്ങി വരാം. നേരും നീതിയുമില്ലാത്ത ഒരു ജാതിക്ക് നിലനിൽപ്പുണ്ടോ…?
പരസ്പരം ആക്രമിക്കുകയും ചതിക്കുകയും മോഷ്ടിക്കുകയുമൊക്കെ ചെയ്താൽ ആ ജനത സ്വയം തകരും..!
അതു കൊണ്ട് ഏതു സമൂഹത്തിൻ്റേയും നിലനിൽപ്പിന് ധാർമ്മികത അത്യന്താപേക്ഷിതമാണ്.

ആത്മീയരിലും ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. പരസ്പരം കാലുവാരിയും ആക്ഷേപിച്ചും എത്ര കാലം നിലനിൽക്കാൻ കഴിയും…..?
സ്വയം ഉയർത്താനും, സ്ഥാനമാനങ്ങൾ കരസ്ഥമാക്കാനും നീതിയല്ലാത്തതു ചെയ്താൽ അനിയന്ത്രിതമായി പെരുകി ശരീരത്തെ തന്നെ നശിപ്പിക്കുന്ന അർബുദ കോശങ്ങളായി അത് പരിണമിക്കുമെന്നറിയുക.
ഏതു ജനതയെയും ഉയർത്തുന്നത് നീതിയെങ്കിൽ ആത്മീയ സമൂഹത്തിൽ നീതിയുടെ പ്രാധാന്യം എത്രയോ അധികമാണ്.

പ്രിയ ദൈവ പൈതലേ,
ദൈവം ആഗ്രഹിക്കുന്നതു പോലെ നീതിമാനായി ജീവിക്കുക. അതു താങ്കളെ ഉയർത്തും…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like