ദോഹ ∙സാംസ്‌കാരിക, വിനോദസഞ്ചാര പരിപാടികളിലും കായിക ടൂർണമെന്റുകളിലും കാണികളായി എത്തുന്ന സന്ദർശകർക്കായി ഖത്തർ പുതിയ ഇ-വീസ പോർട്ടൽ തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ വീസ സപ്പോർട് സർവീസ് വകുപ്പാണ് പുതിയ പോർട്ടൽ തുടങ്ങിയത്.
കായികം, സാംസ്‌കാരികം, വിനോദ സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട ഏത് പരിപാടികള്‍ക്കും കാണികളായി രാജ്യത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർ http://www.qatarportal.gov.qa/ എന്ന വെബ്‌സൈറ്റിൽ വീസയ്ക്ക് അപേക്ഷിക്കണമെന്ന് വീസ സപ്പോർട് സർവീസ് വകുപ്പ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നതും നടക്കാനിരിക്കുന്നതുമായ മുഴുവൻ പരിപാടികളുടെയും വിശദാംശങ്ങളും പോർട്ടലിലുണ്ട്.
വാർത്താസമ്മേളനത്തിൽ സെക്യൂരിറ്റി സിസ്റ്റം വകുപ്പ് ഡയറക്ടർ ലഫ്. കേണൽ ജാസിം അബ്ദുൽ റഹീം അൽ സെയ്ദ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്യൂരിറ്റി കമ്മിറ്റി വക്താവ് ലഫ്.കേണൽ ഡോ.ജാബർ ഹമൗദ് അൽ
നുഐമി, പബ്ലിക് റിലേഷൻസ് വകുപ്പ് അസി.ഡയറക്ടർ മേജർ മുബാറക് സലിം അൽ ബുനെയ്ൻ എന്നിവരും പങ്കെടുത്തു.
48 മണിക്കൂറിനുള്ളിൽ വീസ
1) എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ അപേക്ഷ സമർപ്പിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ വീസ അനുവദിക്കും.
2) ഓൺലൈനിൽ തന്നെ ആവശ്യമായ രേഖകൾ സമർപ്പിക്കണം.
3) 30 ദിവസമായിരിക്കും വീസ കാലാവധി. വീണ്ടും 30 ദിവസത്തേക്ക് അല്ലെങ്കിൽ ഏത് പരിപാടിക്കാണോ വന്നത് അത് എത്ര ദിവസം എന്നതിനെ അടിസ്ഥാനമാക്കി വീസ നീട്ടി നൽകും.
4) പുതിയ പോർട്ടൽ വഴി ബിസിനസ് വീസ, നിക്ഷേപ വീസ, മറ്റ് പ്രവർത്തനങ്ങൾക്കുള്ള വീസ എന്നിവയ്ക്കും അപേക്ഷിക്കാം.
5) യാത്രയ്ക്ക് 90 ദിവസത്തിനുള്ളിൽ വീസ അപേക്ഷിക്കണം. കുറഞ്ഞത് യാത്രയ്ക്ക് 4 ദിവസം മുൻപെങ്കിലും അപേക്ഷ നൽകണം.
6) മാതാപിതാക്കളുടെ പാസ് പോർട്ടിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികൾക്കുള്ള വീസയ്ക്ക് ഈ പോർട്ടൽ വഴി അപേക്ഷിക്കാൻ അനുമതിയില്ല.
കാണികളാകാൻ പരിപാടികളേറെ.
രാജ്യത്ത് നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് , 2022 ഫിഫ ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കെല്ലാം വീസയ്ക്ക് ഇ പോർട്ടൽ വഴി അപേക്ഷിക്കാം. ലോകത്തിന്റ ഏത് ഭാഗങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷ നൽകാം.
വീസയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് http://www.qatarportal.gov.qa/.

-ADVERTISEMENT-