ലേഖനം: “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ…”
റവ. ജോസ്ഫിൻ രാജ് എസ്. ബി
പലർക്കും പ്രാർത്ഥന മുഷിപ്പുളവാക്കുന്ന അനുഭവമാണ്. ചിലർക്ക് ഇത് ആചാരമോ അനു ഷ്ടനമായോ കാണുവാനിഷ്ടം. മറ്റു ചിലർ വരപ്രാപ്തരെ കൊണ്ട് മാത്രം പ്രാർത്ഥിപ്പിക്കുകയും സ്വയമായി പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന ധ്യാനനിർഭരമായി മനസ്സിലാക്കുമ്പോൾ ക്രിസ്തുവിശ്വാസികളുടെ ജീവശ്വാസമായി മാറുകയാണത്. കാരണം പ്രാർത്ഥന യേശുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല, മറിച് അവന്‍റെ ജീവിതം തന്നെ ആയിരുന്നു. അതു തിരിച്ചറിഞ്ഞ ക്രിസ്തുശിഷ്യരുടെ ചോദ്യമാണ് തലവാചകം-“കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ” (ലുക്കോ 11:1). ക്രൂശിലേക്ക് പോകുന്നതിന് മുമ്പായി ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെട്ടതും “നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ” ആയിരുന്നു. എന്നാൽ ആര് ആരോടു പ്രാർത്ഥിക്കണമെന്നതും എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നതും ദൈവകൃപയിലാശ്രയിച്ചു വിശകലനം ചെയ്യുവാൻ ലേഖകൻ ശ്രമിക്കുന്നു.
ആര് പ്രാർത്ഥിക്കണം.
എല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ ഇവിടെ കർത്താവ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത് തന്‍റെ അരുമ ശിഷ്യന്മാരോടാണ്. ഒരുവൻ പാപത്തിൽ നിന്ന് മനം തിരിഞ്ഞാൽ തന്‍റെ ശിഷ്യൻ ആകാനും അവനോടു പ്രാർത്ഥിക്കുവാനും പ്രാഗത്ഭ്യം പ്രാപിക്കുന്നു. ജാതി, മത, വർഗ-വർണ്ണ വ്യത്യാസം കൂടാതെ നിങ്ങൾക്ക് പ്രാർത്ഥിക്കുവാനും അവന്‍റെ ശിഷ്യനാകുവാനും അവകാശമുണ്ട്. എന്നാൽ ആരോടാണ് പ്രാർത്ഥിക്കേണ്ടത് എന്നത് ക്രിസ്ത്യാനികളുടെ ഇടയിൽ തന്നെ ഒരു തർക്ക സംഗതിയായി നിലനിൽക്കുകയാണ്.
ആരോട് പ്രാർത്ഥിക്കണം.
“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ” എന്ന പ്രാർത്ഥനയുടെ തുടക്കഭാഗം ആരോട് നാം പ്രാർഥിക്കണമെന്നു നിഷ്കർഷിക്കുന്നു. അഖിലാണ്ഡത്തിന്റെ ഉടയാവനും നമ്മുടെ സൃ ഷ്ടിതാവുമായ പിതാവായ ദൈവത്തോടാണ് നാം അപേഷിക്കേണ്ടത്. മനുഷ്യനോടോ വിശുദ്ധന്മാരോടോ അല്ല ഒരു ക്രിസ്തുശിഷ്യൻ പ്രാർത്ഥിക്കേണ്ടത്. കാരണം നാം “ദാസ്യത്തി ന്റെ ആത്മാവിനെ അല്ല: നാം അബ്ബാ പിതാവേ, എന്ന് വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്” (റോമാ. 8:15). ഏതു സമയത്തും എവിടെയും ദൈവത്തോട് പ്രാർത്ഥിക്കുവാനുള്ള അവകാശം ദൈവമക്കളായ നമുക്കുണ്ട്.
പ്രാർത്ഥനയിൽ നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്തുന്നതിന് പകരം ദൈവനാമം വിശുദ്ധീകരിക്കപ്പെടുവാനും അഥവാ മഹത്വപ്പെടുവാനും, ദൈവരാജ്യം ആഗതമാകുവാനും, ദൈവേഷ്ടം നിറവേറുന്നതിനുമാകണം മുൻസ്ഥാനമെന്ന് കർത്താവ് ശിഷ്യരെ പഠിപ്പിക്കുകയാണ്. ഈ മൂന്ന് മുൻസ്ഥാനങ്ങളും തുടർന്ന് പറയുന്ന നമ്മുടെ ആവശ്യങ്ങളിൽ അന്തർലീനമായിരിക്കുന്നതു ദർശിക്കാനാകും.
എന്തിനുവേണ്ടി പ്രാർത്ഥിക്കണം.
നമ്മുടെ ആവശ്യങ്ങൾ നന്നായിയറിയുന്ന പിതാവായ ദൈവത്തോട് ഒരു പൈതൽ പറയുന്നതുപോലെ നമ്മുടെ ശരിയായ ആവശ്യങ്ങൾ പങ്കുവയ്ക്കാം. മൂന്നു കാര്യങ്ങളാണ് യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ക്രിസ്തുദേവൻ ചൂണ്ടിക്കാണിക്കുന്നത്.
1. അന്നന്നുള്ള ആഹാരം:-പിതാവിനോടല്ലാതെ പിന്നാരോടാണ് ഭക്ഷണം ചോദിക്കേണ്ടത് (ലുക്കോ. 11:11-13)? നാം കഴിക്കുന്ന ഭക്ഷണം ദൈവം നല്കിയതാണെന്ന ബോധ്യം നമുക്കും നമ്മുടെ തലമുറകൾക്കും അന്യം നിന്നുപോകുന്ന കാലമാണിത്. എന്‍റെ പപ്പ ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളത്തിൽ നിന്നാണ് കാര്യങ്ങൾ നടക്കുന്നതെന്ന ധാരണ വച്ച് പുലർത്തുന്നവർ, ജോലി നൽകിയ, ജോലി ചെയ്യാൻ ആരോഗ്യവും ബുദ്ധിയും നൽകിയ ദൈവത്തിന് നന്ദി പറയാൻ ആർക്കാണ് സമയം? പകരം പുതിയ ഡിഷുകൾക്കു സെൽഫി എടുത്തു ലൈക്കുകൾക്കായ് പോസ്റ്റ് ചെയ്യുകയാണ് പലരും. അന്നന്നുള്ള അന്നം ദൈവദാനമായി കരുതുമ്പോൾ നമ്മുടെ പ്രാർത്ഥന ദിവസവും മൂന്ന് നേരമായി വർദ്ധിക്കുന്നത് അനുഭവിച്ചറിയാൻ കഴിയും. നമ്മുടെ ഭക്ഷണമേശ പ്രാർത്ഥന നിർഭരമാകും.
2. പാപമോചനം: കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയുടെ രണ്ടാമത്തെ ആവശ്യം പാപമുക്തിയാണ്. മനുഷ്യൻ പാപിയാണ് എന്ന സത്യം ആർക്കും മറച്ചു വയ്ക്കാവുന്നതല്ല. പാപം മനുഷ്യനെ ദൈവത്തോടും അയൽക്കാരോടും കടക്കാരനാക്കി മാറ്റുകയാണ്. ലംബവും തിരചീനവുമായി (പാപത്താൽ) വിച്ഛേദിക്കപ്പെട്ട ബന്ധത്തെ പുനഃസ്ഥാപിക്കുവാനാണ് ക്രിസ്തു ബലിയായത്. ക്രിസ്തുവിന്റെ രക്തത്താൽ കഴുകൽ പ്രാപിച്ചു മിശിഹാ രാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കർത്താവ് ആഹ്വനം നൽകുകയാണ്. അതാണ് ദൈവരാജ്യം വരണമെ എന്ന പ്രാർത്ഥനയുടെ ഇംഗിതവും. പാപമോചനത്തിനായി ഇനിയൊരു യാഗമോ ബലിയോ ആവശ്യമില്ല. ഒരു മഹാപുരോഹിതന്റെ അടുക്കൽ ചെന്ന് പാപം ഏറ്റുപറയേണ്ടതായ ആവശ്യവും അശേഷമില്ല. കാരണം യേശുക്രിസ്തുവിലൂടെ അല്ലാതെ മറ്റൊരു വഴിയിലും പാപക്ഷമ പ്രാപിക്കുവാൻ കഴിയുകയില്ല എന്നതുതന്നെ. പാപക്ഷമയ്ക്കായുള്ള അപേക്ഷ ഒരു ക്രിസ്തു ശിഷ്യനെ ദിനംപ്രതി വിശുദ്ധ ജീവിതം നയിക്കാനും മറ്റുള്ളവർക്ക് ക്ഷമയുടെയും കരുണയുടെയും പ്രവർത്തികളെ വെളിപ്പെടുത്താനും സഹായിക്കുന്നു.
3. ശത്രുവിൽ നിന്നുള്ള വിടുതലും സംരക്ഷണവും: മനുഷ്യന്‍റെ ശത്രു ജഡരക്തങ്ങളോ (മനുഷ്യൻ) ദൈവമോ അല്ല. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല (യാക്കോ. 1:13). മറിച്ച് “നമുക്ക് പോരാട്ടമുള്ളത് വാഴ്ചകളോടും, അധികാരങ്ങളോടും, ഈ അന്ധകാരത്തിന്‍റെ ലോകാധിപധികളോടും സ്വർലോകങ്ങളിലെ ദു ഷ്ടാത്‌മസേനയോടും അത്രേ” (എഫെ. 6:12). നാല്പത് ദിവസത്തെ ഉപവാസം കഴിഞ്ഞ യേശുവിനെ പരീക്ഷിച്ച സാത്താൻ ഇന്നും “അലറുന്ന സിഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞു ചുറ്റി നടക്കുന്നു.” (1 പത്രോ. 5:8). തന്നെക്കുറിച്ചുള്ള ദൈവഹിതം തിരുവചന വെളിച്ചത്തിൽ ബോധ്യമുള്ള കർത്താവ് പ്രലോഭനങ്ങളെ നേരിട്ടത് ആത്മാവിൽ നിറഞ്ഞവനായി ആയിരുന്നു (ലുക്കോ. 4:1 -14).
ദൈവ ഇഷ്ട്ടം അറിവാനും അവയിൽ നിലനിർത്തുവാനും സഹായിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയില്ലാതെ ആത്മീയ പോരാട്ടത്തിൽ നിൽക്കുവാൻ കഴിയില്ല എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്. അതുകൊണ്ടു നമ്മുടെ പ്രാർത്ഥനകൾ ആത്മാവിൽ നിറഞ്ഞതും ആത്മാവിൽ പോരാടുന്നതും ആയിരിക്കണം (കൊലോ. 4:12). നമ്മുടെ പ്രാർത്ഥനകൾ മന്ത്രോച്ചാരണമോ ജല്പനമോ ആയി മാറരുത്.
ഉപസംഹാരം
ആത്മാവിൽ പോരാടി പാപക്ഷമ പ്രാപിച്ചു അന്നന്നുള്ള നന്മയ്ക്കായുള്ള ദിനംപ്രതിയുള്ള പ്രാർത്ഥനയാണ് ക്രിസ്തു തന്‍റെ ശിഷ്യർക്ക് മാതൃകയായി നൽകിയിരിക്കുന്നത്. ഈ പ്രാർത്ഥന പിതാവ് പുത്ര പരിശുദ്ധാത്മാവായ ത്രിയേക ദൈവത്തിൽ അധിഷ്‌ഠിതമാണെന്ന ഉത്തമ ബോധ്യം ഓരോ ക്രിസ്തു ഭക്തനും ഉണ്ടായിരിക്കണം. ആര് ആരോട് എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന വ്യവസ്ഥക്കനുസൃതമായി പ്രാർത്ഥിക്കുമെങ്കിൽ അവൻ നമ്മെ ദിനംപ്രതി വഴിനടത്തുകയും പരിപാലിക്കുകയും ചെയ്യും. നമുക്കും കർത്താവിനോട് അപേക്ഷിക്കാം- “ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ…”