8 ജില്ലകളിലായി 80 ഓളം ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയില്‍ എട്ട് ജില്ലകളിലായി 80 ഓളം സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളിലായി 42 മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. വയനാട് ജില്ലയില്‍ മാത്രം 11 മരണം റിപ്പോര്‍ട്ട് ചെയ്തു. 186 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 1,08138 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുണ്ടെന്നും 30000ത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ഏജന്‍സികളും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികളും സമൂഹത്തിെന്റ വിവിധ ഭാഗത്തുള്ളവരും വിപത്തിെന്റ ആഘാതം തിരിച്ചറിഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രതിസന്ധിയെ മറികടന്ന് മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കിട്ടി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവിടെ 30 അംഗങ്ങളുള്ള ഫയര്‍ഫോഴ്സ് ടീമും എന്‍.ഡി.ആര്‍.എഫ് ടീമും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
മേപ്പാടി പുത്തുമലയില്‍ ഫയര്ഫോഴ്സിെന്റ 40 അംഗ ടീം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. എന്‍.ഡി.ആര്‍.എഫ്, ആര്‍മി സംഘങ്ങളും രംഗത്തുണ്ട്. പ്രദേശം മുഴുവന്‍ മണ്ണിനും ഇളകി വന്ന പാറകള്‍ക്കും അടിയിലാണ്.
വയനാട് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. വൈകിട്ടോടെ വീണ്ടും മഴകനക്കുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാണാസുര ഡാമിലെ െവള്ളം മൂന്നുമണിയോടെ കാരമണ്‍ തോട്ടിലേക്ക് ഒഴുക്കിവിടും. ഷട്ടര്‍ തുറന്ന് മിതമായ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. കാരമണ്‍ തോടില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്ബുകളിലേക്ക് മാറാന്‍ ആരെങ്കിലും ബാക്കി ഉണ്ടെങ്കില്‍ അവര്‍ മാറി പോകാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളത്ത് മഴ ശമിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്തമഴയാണ്. പമ്ബയില്‍ ജലനിരപ്പ് ഉയരുന്നു. അപകട സാധ്യതമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ആളുകളില്‍ ഭീതി പടര്‍ത്തുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ ഡാമുകളും തുറന്നുവിടുമെന്നും കേരളം വീണ്ടും പ്രളയത്തിലാകുമെന്നും പ്രചരിപ്പിച്ച് ആശങ്ക പരത്തുന്നു. ഇടുക്കിയില്‍ ഇനിയും വലിയ തോതില്‍ ജലം സംഭരിക്കാനാകും. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇടുക്കി ഡാമില്‍ 98.25 ശതമാനം ജലം നിറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ 30 ശതമാനം മാത്രമാണ് വെള്ളമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.