എഡിറ്റോറിയൽ: ബി.ജെ.പിയുടെ ക്രൈസ്തവ സംരക്ഷണ സേന എന്ന തമാശയും ‘പാലാ സീറ്റി’നായുള്ള ആക്രമണങ്ങളും

ആഷേർ മാത്യു, ചീഫ് എഡിറ്റർ

ക്രൈസ്തവരെ സംരക്ഷിക്കുവാൻ തങ്ങൾ ക്രൈസ്തവ സംരക്ഷണസേന രൂപീകരിക്കുമെന്ന് ബിജെപി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല.
കേരളത്തെ നോർത്ത് ഇന്ത്യയ്ക്ക് സമമാക്കുവാനുള്ള ശ്രമങ്ങൾ കേരളത്തിലും ബിജെപി തുടങ്ങിക്കഴിഞ്ഞു. അതിൻറെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളജിൽ അരങ്ങേറിയത്. രോഗികൾക്ക് ആശ്വാസമായി ലഘുലേഖകൾ വിതരണം ചെയ്ത സാധുവായ ഒരു സുവിശേഷകനെ ആശുപത്രിയിൽനിന്ന് കായികമായി നേരിട്ട് വലിച്ചിറക്കുന്നതും അസഭ്യവർഷം ചൊരിയുന്നതും നമ്മൾ കണ്ടു. പിന്നീട് സോഷ്യൽ മീഡിയയിൽ അദ്ദേഹം സ്ത്രീപീഡകൻ ആണ് എന്ന് വരെയുള്ള പച്ച നുണകളും ബിജെപി പ്രവർത്തകർ പരത്തുന്നുണ്ട്.

ഇനിയും ലഘുലേഖ വിതരണം ചെയ്താൽ രണ്ടു കാലുകളും തല്ലിയൊടിച്ചു സർജിക്കൽ വാർഡിൽ കിടത്തും എന്ന ബിജെപി ജില്ലാ പ്രസിഡൻറ് നടത്തിയ പ്രസ്താവന തീർത്തും അപലപനീയമാണ്.
ശ്രീലങ്കയിലെ ചാവേറാക്രമണത്തിൽ മരിച്ച ക്രൈസ്തവരുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി ക്രൈസ്തവ സമൂഹത്തോട് ഐക്യത ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടും ഏറെ ദിവസങ്ങൾ ആയിട്ടില്ല. ആക്രമണങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുവാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ പുതിയ മുഖമാണ് കോട്ടയത്ത് കണ്ടത്. എന്നാൽ ഈ ആക്രമണം കോട്ടയം ബിജെപി ജില്ലാ പ്രസിഡൻറ് ഹരിയുടെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ ആണെന്നും പാലായിലെ ഉപതിരഞ്ഞെടുപ്പിൽ ‘സീറ്റ്’ ഉറപ്പിക്കാൻ ഉള്ള മൂന്നാം കിട ശ്രമമാണെന്നും പിന്നാമ്പുറ സംസാരങ്ങൾ ഉണ്ട്.
എന്താണെങ്കിലും ഒന്നു മനസ്സിലാക്കുക. സുവിശേഷത്തിന് ബന്ധനം ഇല്ല. അടിച്ചമർത്താൻ ശ്രമിക്കുന്തോറും ദൈവവചനം ലോകമെങ്ങും പരന്നിട്ടേയുള്ളൂ. അല്ലെങ്കിൽ തന്നെ സമാധാനവും സ്നേഹവും മാത്രം പറയുന്ന സുവിശേഷത്തെ നിങ്ങൾ ഭയക്കേണ്ട കാര്യമെന്താണ്?

എന്നാൽ ഇതേസമയം സുവിശേഷ വിരോധികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകളും, വെല്ലുവിളികളുമായി രംഗത്ത് വരുന്ന ചില വ്യക്തികളെ ശ്രദ്ധയിൽപെട്ടു.ഈ വെല്ലുവിളികളും പ്രകോപനപരമായ സമീപനങ്ങളും ക്രൈസ്തവമല്ല. അവ അംഗീകരിക്കാനുമാവില്ല.

പ്രതിസന്ധികളുടെയുടെ അക്രമങ്ങളുടെയും നടുവിലും പതറാതെ ധൈര്യമായി സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സഹോദരങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ !!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.