പുഞ്ചിരി പൂവിലെ കണ്ണിരിന്നിതളുകൾ | നിഷ സന്തോഷ്

എല്ലാ കഷ്ടപ്പാടുകളും സഹിച്ചു നെട്ടോട്ടമോടുന്ന ഭൂമിയിലെ മാലാഖ മാർക്കും വേണ്ടി

പാതിമയക്കത്തിനിടയിലെ പാട്ടുകേട്ട് അവൾ പിടഞ്ഞെണീറ്റു… പെട്ടന്ന് തന്നെ അവൾ തിരിച്ചറിഞ്ഞു അത് തന്റെ അലാറത്തിന്റെ വിളിയാണെന്നു… തനിക്കു ചെയ്തുതീർക്കുവാനുള്ള ജോലിയെ ഓർമ്മിപ്പിച്ചുകൊണ്ട് അതുനിർത്താതെ ചിലച്ചുകൊണ്ടിരുന്നു… എണീക്കാൻ ശ്രമിച്ചപ്പോൾ തിരിച്ചറിഞ്ഞു… അസഹ്യമായ നടുവേദന, തലേദിവസത്തെ നീണ്ടനേരത്തെ ജോലിയുടെ ബാക്കിപത്രം… കുറച്ചുനേരംകൂടി അങ്ങനെ കിടക്കുവാൻ വല്ലാതെ ആഗ്രഹിച്ചുവെങ്കിലും ചുവരിലെ സമയസൂചികൾ അവളെ അതിനനുവദിച്ചില്ല… ധൃതിയിൽ അവൾ അടുക്കളയിലേക്കുനടന്നു… പാത്രങ്ങളുമായിപടവെട്ടി ഒരു
വിധത്തിൽ കാലത്തേക്കുള്ള പലഹാരങ്ങളും, ഉച്ചയൂണും തയ്യാറാക്കി… അതിനിടയിൽ ചിണുങ്ങികരയുന്ന ഇളയകുട്ടിയെ വാരിയെടുത്തു മുത്തം നൽകി കാതിൽപറഞ്ഞു “നല്ലകുട്ടിയായി വഴക്കുണ്ടാക്കാതെ ഇരുന്നാൽ അമ്മവരുമ്പോൾ മിട്ടായി വാങ്ങിക്കൊണ്ടുവരാം” എന്ന് ആ ഉത്തരം തന്റെ കുഞ്ഞിക്കണ്ണിൽ യാതൊരു ഭാവഭേദവും വരുത്തിയില്ല എന്ന് മാത്രമല്ല, അവളുറക്കെ വിങ്ങിക്കരയാൻ തുടങ്ങി…

കുഞ്ഞിനെ പ്രായമായ അമ്മയുടെ കയ്യിൽ കൊടുത്തിട്ടു ഓടാൻ ശ്രമിക്കുമ്പോൾ തന്റെ മൂത്തമകൾ സ്കൂളിലെ വിനോദയാത്രയെപ്പറ്റി ഓർമ്മിപ്പിച്ചു… ശമ്പളം വരട്ടെ കുട്ടാ നോക്കാമെന്നുപറഞ്ഞു വെള്ളസാരിയും വാരിചുറ്റി ബാഗുമെടുത്തു ബസ്റ്റോപ്പിലേക്കു നടന്നു… ദൈവമേ ബസുപോയികാണല്ലേ അവൾ പതിയെ പറഞ്ഞു… പതിവുപോലെ ബസ് എത്തി അതിൽ ഒരുവിധത്തിൽ വലിഞ്ഞുകയറിപ്പറ്റി… ഭാഗ്യത്തിന് ഒരു സീറ്റുംകിട്ടി… ആ ഇത്തിരിനേരം ഒന്നുകണ്ണടച്ചപ്പോൾ അവൾ ഓർത്തെടുക്കുകയായിരുന്നു… കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കി, പാത്രത്തിൽ വെച്ചു… സ്കൂൾ യൂണിഫോം ഇസ്തിരി ഇട്ടു… അമ്മയ്ക്കുള്ള മരുന്നെടുത്തുവെച്ചു, തന്റെ ടിഫിനും നിറച്ചു… ധൃതിയിൽ ഇറങ്ങിയപ്പോൾ താൻ ഭക്ഷണം കഴിച്ചോ? അവൾ ഓർക്കാൻ ശ്രമിച്ചു…. ഇല്ല… സമയം കിട്ടിയില്ല. കണ്ടക്ടറുടെ “സിസ്റ്ററെ ടിക്കറ്റ്” എന്ന വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്… അവൾ പതിയെ മനസിൽപറഞ്ഞു ദൈവമേ… ഇന്നു തിരക്ക് കുറവായിരിക്കണേ…! സ്റ്റോപ്പെത്തിയതും അവൾ വേഗത്തിൽനടന്നു… പത്തുമിനിറ്റ് താമസിച്ചിരുന്നു… അറ്റന്റൻസ് രജിസ്റ്റർൽ ഒപ്പിടുമ്പോൾ തോമസ് സാർ പറയുന്നത് കേട്ടു… ഇത് ഇങ്ങനെത്തുടർന്നാൽ ഞാൻ റിപ്പോർട്ട് ചെയ്യും… അത് ശമ്പളത്തിൽകുറയുമ്പോളെ സമയത്തുവരുവാൻ ചുടുണ്ടാവു…അവൾ ദയനീയമായി തോമസ് സാർനെ ഒന്ന് നോക്കി, ഇനിയുമിതു ആവർത്തിക്കില്ല എന്നുപറഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ അവളോർത്തു… ആകെപ്പാടെ കിട്ടുന്ന ശമ്പളം വീട്ടുചിലവിനുപോലും തികയില്ല അതിൽനിന്നും മിച്ചംവെച്ചു മാസം എഡ്യൂക്കേഷൻ ലോൺ അടയ്ക്കണം… പിന്നെ കുട്ടികളുടെ ഫീസ്, അമ്മയ്ക്കുള്ള മരുന്ന്, കറന്റുബില്… അങ്ങനെ പോകുന്നു നീണ്ട നിര.. പിന്നെ ഒന്നോർത്താൽ താൻമാത്രമല്ല… തന്നെപോലെ ഇവിടെ ജോലിചെയ്യും ഭൂരിഭാഗംപേരും ഇങ്ങനെ ഒക്കെത്തന്നെ ആണ്.. ഡ്യൂട്ടി റൂമിലെത്തി ക്യാപ്പും ബാഡ്ജും ശരിയാക്കി, പെട്ടെന്നുതന്നെ നൈറ്റ്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നകുട്ടുകാരി ലതിക അങ്ങോട്ടുവന്നു… അവള്‍ പറഞ്ഞു ആനി നല്ല തിരക്കാണ്… കുടുതലും പനിക്കാരാണ്… മെല്ലെ ഒന്നു ചിരിചെന്നുവരുതി എന്‍ഡോര്‍സ്മെന്‍റ് എടുക്കാന്‍ തുടങ്ങി…. പലതരത്തിലുള്ള അസുഖങ്ങള്‍… പല രീതിയില്‍ ഉള്ളമരുന്നുകള്‍… രോഗികളുടെ വേദന…. അവരുടെ വേണ്ടപ്പെട്ടവരുടെ കണ്ണുനീര്‍… രോഗം ഉണ്ടെന്നു സംശയിച്ചു വരുന്നവര്‍…. അങ്ങനെ… അങ്ങനെ… നീളുന്ന ദിനരാത്രങ്ങള്‍…

രോഗികകൾക്കുള്ള ഉച്ചഭക്ഷണവും മരുന്നും കൊടുത്തുകഴിഞ്ഞു പതിയെ ഫയൽ നോക്കികൊണ്ടിരിക്കുമ്പോളാണ് മൊബൈൽ പലവട്ടം അടിച്ചതോർത്ത്… എടുത്തുനോക്കിയപ്പോൾ ഗൾഫിൽ നിന്നും ഭർത്താവിന്റെ അഞ്ചു മിസ്സ്ഡ് കോൾ… തിരിച്ചുവിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് അഡ്മിനിസ്ട്രേഷൻ ടീം ന്റെ റൗണ്ടസ്… എന്താ ആനി സിസ്റ്ററെ പണിയൊന്നും ഇല്ലേ? ഫോണും കയ്യില്പിടിച്ചു ഇങ്ങനെ ഇരിക്കാനാണോ നിങ്ങൾക്ക് ശമ്പളംതരുന്നത്? ഇൻവെന്ററി ഫയലെവിടെ? സ്റ്റോക് ഐറ്റംസിന്റെ എക്സ്പയറി ചെക്ക് ചെയ്തായിരുന്നോ? അങ്ങനെ നൂറുചോദ്യങ്ങൾ പലരിൽനിന്നും വന്നുകൊണ്ടിരുന്നു… നേഴ്സ്മാരുടെ കെയർ ക്വാളിറ്റി കിട്ടുന്നില്ല എന്ന് മന്ത്രി പറഞ്ഞെന്നു കേട്ടു.. ഇങ്ങനെ എങ്കിൽ ശമ്പളം കട്ട് ചെയ്യേണ്ടിവരും.. മൊബൈലും കുത്തികൊണ്ടു ഇരിക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്നാൽപോരെ? ജോലിചെയ്യാൻ ഇന്റെരെസ്റ്റ് ഇല്ലെങ്കിൽ എന്തിനാ ഇങ്ങോട്ടുവരുന്നത്? ഉത്തരത്തിനായി പരതി കൊണ്ടിരിക്കുമ്പോൾത്തന്നെ പിറുപിറുത്തുകൊണ്ട് അവർ നടന്നകന്നു… “ഹും… അവന്മാരുടെ ഒരു വിരട്ടൽ..” ആശ സിസ്റ്റർ പറഞ്ഞു “വെറുതെ ഇരിക്കുന്നുപോലും… പണിയെടുത്തു.. പണിയെടുത്തു… നടുവൊടിഞ്ഞു… ഇനീം ഇതിലും കുറച്ചു ശമ്പളത്തിന് ആരുവരും ജോലിക്ക്? സർക്കാർ എന്നാണാവോ ശമ്പളം ഒന്ന് കൂട്ടുന്നത്? ദിവസ ശമ്പളത്തിന് ജോലിചെയ്യുന്ന കൂലിപ്പണിക്കാർക്കു കിട്ടും നമ്മളെക്കാൾ ശമ്പളം”. ഇന്നല്ലെങ്കിൽ നാളെ നീതികിട്ടും എന്ന് പറഞ്ഞുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇന്നും അനേകായിരം മാലാഖമാർ…

post watermark60x60

കഷ്ടം തന്നെ ഏതുനേരത്താണോ ലോൺ എടുത്തു നഴ്സിംഗ് പഠിക്കാൻ തോന്നിയത്… വല്ല ഡിഗ്രിക്കും പോയാൽ മതിയായിരുന്നു… തിരിച്ചൊന്നും പറയാൻ തോന്നിയില്ല..സത്യമല്ലേ? പലപ്പോളും ഉള്ളില്‍ തന്നെത്താന്‍ ഒരായിരം വട്ടം ചോദിച്ചിരിക്കുന്നു…വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ്‌ ഓടി ബസില്‍ കയറി വീട്ടിലേക്ക്, അപ്പോഴാണ് ഓര്‍ത്തത്‌… അയ്യോ മിട്ടായി വാങ്ങിയില്ലല്ലോ….വണ്ടി നിര്‍ത്തിയപ്പോള്‍ ജംഗ്ഷനില്‍ നിന്നും കുറച്ചു മിട്ടായി വാങ്ങി ബാഗില്‍ തിരുകി…വീടിന്‍റെ വാതില്‍ക്കല്‍ തന്നെ കുട്ടികള്‍ കാത്തിരിപ്പുണ്ടായിരുന്നു… തന്നെ കണ്ടതും ഓടിയെത്തിയ കുഞ്ഞുവാവയെ വാരി എടുക്കണം എന്നുണ്ടായിരുന്നു, എന്നാല്‍ ആ ആഗ്രഹം നിയന്ത്രിച്ചുകൊണ്ട് അവള്‍ പറഞ്ഞു… അമ്മ ഒന്നു കുളിച്ചിട്ടു വരാമെന്ന്…. ചുടുവെള്ളത്തില്‍ ഒരു കുളി… മനസും ശരീരവും ഒന്നു തണുത്തപ്പോള്‍ ആശ്വാസം തോന്നി… പിന്നെ തന്‍റെ കുഞ്ഞുങ്ങളോട് കൂടി… അവരുടെ ഹോം വര്‍ക്സ്, അത്താഴം, പിന്നെ ഫോണ്‍ എടുത്തു തന്‍റെ പ്രിയതമനെ വിളിച്ചു…ആശുപത്രിയിലെ തിരക്കും വിശേഷങ്ങളും പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞിരുന്നു… അവന്‍ അവളെ ആശ്വസിപ്പിക്കാനായി വ്യര്‍ഥമായി ശ്രമിച്ചുകൊണ്ടിരുന്നു.. എല്ലാം ശരിയാവും.. പെട്ടന്നാണ് ഒരു വാര്‍ത്ത‍ നാടെങ്ങും പരന്നത് “നിപ്പ വൈറസ്‌” എന്താണത്? ആകാംഷയോടെ അറിയാന്‍ ശ്രമിച്ചു… വവ്വാലുകള്‍ക്കും, അണ്ണാറക്കണ്ണന്മാര്‍ക്കുമൊക്കെ അങ്ങനെ രോഗം പരത്താനവുമോ? അറിയില്ല… അപ്പോള്‍ കുട്ടിക്കാലത്തു നാമൊക്കെ എന്തോരം കഴിച്ചിട്ടുണ്ട്… വവ്വാലുകള്‍ കൊത്തിയിട്ട പേരക്കയും, മാങ്ങയും, പറങ്കിപ്പഴവും… അറിയില്ല..

പക്ഷെ ഒന്നറിയാം പടര്‍ന്നു പിടിക്കുന്ന പനി.. അതുമൂലം മരണമടഞ്ഞ ജീവിതങ്ങളുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു… എവിടെയും ജാഗ്രതാ നിര്‍ദ്ദേശം… അങ്ങനെയിരിക്കെയാണ്, തന്‍റെ വാര്‍ഡില്‍ അഡ്മിറ്റ്‌ ആയ ഒരു കുഞ്ഞ് പത്തുവയസ്സ് പ്രായം..എന്തോ ആ കണ്ണുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു… ചെറിയ പനിയെന്നു കരുതി… പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ ആ നടുക്കം എല്ലാവരിലും കണ്ടു… നിപ്പ വൈറസ്‌… പ്രത്യേകമായ് മരുന്നൊന്നുമില്ല… പ്രത്യേക സുരക്ഷാ വാര്‍ഡിലേക്കു മാറ്റി… ഡോക്ടര്‍ മാരും നേഴ്സ് മാരും പ്രത്യേക സുരക്ഷ സ്വീകരിച്ചു… തന്‍റെ വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ അവനെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. ചിലപ്പോളൊക്കെ കുഞ്ഞു പനിച്ചു വിറയ്ക്കുമ്പോള്‍ മരുന്നുകളും, കോള്‍ഡ്‌ സ്പോനജ് ഉം ഒക്കെയായി അവളും ഉണ്ടായിരുന്നു അവനെ ശുശ്രുഷിക്കാന്‍… എന്നാല്‍ വളരെ പെട്ടന്നുതന്നെ അവന്‍ ആ രോഗത്തെ വിട്ടു മരണമെന്ന തുറമുഖത്തെത്തി ചേര്‍ന്നു… തന്‍റെ ആരും അല്ലാഞ്ഞിട്ടു കൂടി മനസുവിങ്ങി… വല്ലാത്ത തലവേദനയും ശരീരവേദനയും… അനുഭവിച്ചു അവള്‍… ഒരു വേദന സംഹാരി കഴിച്ച്‌ ഉറങ്ങാന്‍ ശ്രമിച്ചു… പതിവുപോലെ അലാറം അടിച്ചിട്ടും അവള്‍ക്ക് എഴുന്നെല്‍ക്കാന്‍ ആയില്ല… ശരീരം തളരുന്നപോലെ… നാവുകള്‍ കുഴയുന്നപോലെ…അമ്മേയെന്നു വിളിച്ചു കുലുക്കി വിളിച്ചു കുട്ടികള്‍… അവർ വാ വിട്ടുകരഞ്ഞു… എങ്ങനെയോ ആനിയെ അവള്‍ ജോലിചെയ്ത ആശുപത്രിയില്‍ എത്തിച്ചു.. ഡോക്ടര്‍മാര്‍ അവളുടെ അമ്മയെ ആശ്വസിപ്പിച്ചു… ഇതൊരു സാധാരണ പനിയല്ലേ… ആന്റിബിയോട്ടിക്‌സ് കഴിച്ചു റെസ്റ്റ് എടുത്താല്‍ തീരുന്നതേഉള്ളു… സിക്ക് ലീവ് എന്നു കേട്ടപ്പോള്‍ ചാര്‍ജ് നേഴ്സ്നു ദേഷ്യം വന്നതുപോലെ… ഒന്നാമത് സ്റ്റാഫ്‌ ഷോര്‍ട്ടേജ് ആണ്… അതിനിടെ ആണ് ഇത്… തലയും താഴ്ത്തി ഇരുന്ന അവളുടെ മനസ് വല്ലാതെ നൊന്തു… കുട്ടുകാരികള്‍ അവളെ ആശ്വസിപ്പിച്ചു..പക്ഷെ മരുന്നുകള്‍ക്ക് പനിയെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല… അപ്പോഴാണ് രക്ത പരിശോധനാ ഫലം വന്നത്… ഞെട്ടിപ്പിക്കുന്ന സത്യം.. നിപ്പ വൈറസ്‌ ആണ്..തല കറങ്ങുന്നതുപോലെ.. സ്പെഷ്യല്‍ വാര്‍ഡില്‍ അവളെ അഡ്മിറ്റ്‌ ചെയ്തു.. തന്‍റെ പ്രിയപ്പെട്ടവന്‍ ഓടിയെത്തി… തന്നെ കാണാതെ വിങ്ങിക്കരയുന്ന തന്‍റെ പിഞ്ച്ഓമനകള്‍… എന്നാല്‍ അവരെ കാണാന്‍ അവള്‍ വിസമ്മതിച്ചു.. എല്ലാം അവള്‍ തീരുമാനിച്ച് ഉറപ്പിച്ചപോലെ… അല്ലെങ്കില്‍ത്തന്നെ അവള്‍ക്കറിയാമല്ലോ അതിന്‍റെ അവസാനം.. അവള്‍ തന്‍റെ പ്രിയനേ കാണാതെ കണ്ടു.. അവര്‍ക്കായ് അവള്‍ കുറിച്ചു… എന്‍റെ പ്രിയപ്പെട്ടവന് ജീവിതത്തിന്‍റെ പാതിവഴിയില്‍ തനിച്ചാക്കി പോകുന്നതിനു മാപ്പ്… സ്നേഹിച്ചു കൊതി തീരാത്ത എന്‍റെ പിഞ്ച്ഓമനകളെ നന്നായി നോക്കണം… അനന്തവിഹായിസ്സിലെ ഏകാന്ത താരമായ് ഞാന്‍ വരും, കാറ്റായും, മഴയായും.. ഞാന്‍ വരും നിങ്ങളെ തഴുകാന്‍… തലോടാന്‍… മരണത്തിനപ്പുറമുള്ള ജീവിതത്തില്‍ ഒരുമിച്ചു ജീവിക്കാന്‍… നിന്‍റെ മാത്രം ആനി… കണ്ണിരു വീണു പടര്‍ന്ന വരികള്‍ക്കിടയില്‍ അവന്‍ കണ്ടു അവളുടെ നിറമിഴികള്‍… സാരമില്ല.. എല്ലാം ശരിയാവും എന്നു പറയുന്നപോലെ.. പക്ഷെ അപ്പോളേക്കും അവള്‍ ഒരുപിടി ചാരം മാത്രമായി മാറിയിരുന്നു.. കണ്ണീർ പാടത്തിനപ്പുറം അവൻ കണ്ടു.. ” ഇതൊന്നുമറിയാതെ അമ്മ വരുമ്പോള്‍ മുട്ടായി കൊണ്ടുവരുമെന്നും… തങ്ങളെ കെട്ടിപ്പിടിച്ചുമ്മ തരുമെന്നും” പറഞ്ഞു വാതില്‍ പടിയില്‍ കാത്തിരിക്കുന്ന അവളുടെ പിഞ്ച്ഓമനകള്‍… അവന്‍റെ കണ്ണീരില്‍ അലിഞ്ഞു..

-ADVERTISEMENT-

-ADVERTISEMENT-

You might also like