ലേഖനം:മരിക്കുവാനായി മധു നുകരുന്ന പൂമ്പാറ്റയോ നാം ?? | പാസ്റ്റർ ഷാജി ആലുവിള
മരിക്കാറാകുമ്പോൾ ഒരു തരം പൂമ്പാറ്റകൾ കൂട്ടമായെത്തുന്ന ഒരു ഉദ്യാനമുണ്ട്. വളരെ ദൂരം യാത്ര ചെയ്താണ് അവർ അവിടെയെത്തുന്നത്. പ്രതേക തരം പുഷ്പങ്ങളുടെ തേൻ കുടിക്കാനാണ് അവിടെ അവർ ചേക്കേറുന്നത് . ആ തേൻ കുടിച്ചു കുടിച്ചു അവകൾ ചാകുന്നു . വളരെ ലക്ഷ്യബോധമുള്ള ഒരു ആത്മഹത്യ.
മരിക്കുമ്പോൾ കഴിഞ്ഞകാലങ്ങൾ എല്ലാം ഓർമിക്കും എന്ന് പറയുന്നത് വെറുതെയാണ്, മരിച്ചവരുടെ ആത്മാക്കൾ സഞ്ചരിക്കും എന്നുള്ള ഭീതിയും മിഥ്യയാണ്.
എല്ലാ ഓർമ്മകളെയും മായിച്ചു കളയുന്ന മൗനരൂപിയാണ് മരണം
മനുഷ്യനൊഴിച്ചു ബാക്കി ജീവജാലങ്ങളെല്ലാം സ്വാഭാവിക മരണം മുൻകൂട്ടി അറിയുന്നു,
അറിഞ്ഞുകൊണ്ടു തന്നെ മരണത്തിനു സ്വയം കാഴ്ചവെക്കുന്നു.
മനുഷ്യൻ മാത്രം തന്റെ മരണം മുന്നമേ തിരിച്ചറിയുന്നതേയില്ല.
ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടെന്ന ധാരണയിൽ
പുതിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അത് നിറവേറ്റാൻ അനേകരെ വെട്ടി വീഴ്ത്തി മനുഷ്യൻ വഴി ഒരുക്കുന്നു. ശത്രുത്വവും പകവീട്ടലും ചതിക്കുഴികളും നാം മിനയുന്നു. സ്വന്തമായ ഇച്ഛാശക്തി തനിക്കുണ്ടെന്ന തെറ്റിദ്ധാരണയിൽ.
ശ്വാസം നിലക്കും വരെ അവൻ ആഗ്രഹിച്ചുകൊണ്ടേയിരിക്കും പലതും നേടാൻ പലതും നുണയാൻ.
നോക്കു മോഹങ്ങൾ അവസാനിക്കാത്ത ആവേശവുമായി ഓടുമ്പോൾ ഓർക്കുക
കൈകൾക്കിപ്പോൾ പൂമ്പാറ്റകളുടെ ലഹരിനിറഞ്ഞ മരണത്തിന്റെ ഗന്ധമുണ്ട് എന്ന്.
നാം അറിയുന്നില്ല നമ്മൾ നുകരുന്ന ഈ ലോക മധു തരുന്ന ഭോഗ സുഖം മരണത്തിലേക്കാണ് കൊണ്ടുപോകുന്നത് എന്ന്. മരണ ദ്വീപിന്റെ ദൈർഘ്യ നിമിഷം എത്രയുണ്ടന്ന് നാം അറിയുന്നില്ല. നമ്മൾ ആരാണെന്നോ, കുലം ഏതെന്നോ, നോക്കാതെ സ്ഥല കാല ബോധമില്ലാതെ മരണം എന്ന കോമാളി പല വേഷത്തിൽ എത്തും. ഓർമ്മിക്കാനാവാതെ സചേതനമായിരിക്കുന്ന നാം നിർജീവമായിത്തീരാം. ജൈവസ്മരണകളുടെ നിലക്കാത്ത സംഗീതം കേട്ട് നമ്മളില്ലാതാകും.
ഈ ഭൂമിയാണ് സത്യവും മിഥ്യയും പരിണാമങ്ങളും എന്ന് അനു മാനിക്കുമ്പോൾ ഒന്ന് ഓർക്കുക ഇതിനപ്പുറത്തു മറ്റൊരു ലോകം ഉണ്ട്. ചിലർ അതില്ലെന്നും ചിലർ ഉണ്ടന്നും വിശ്വസിക്കുന്നു. എന്തായാലും സൽപ്രവർത്തികളിലൂടെ ദൈവപ്രസാദം നേടി തികഞ്ഞ മനുഷ്യസ്നേഹിയും ദൈവഭക്തനും ആയി വർണപ്പകിട്ടാർന്ന പൂമ്പാറ്റയെ പോലെ ജീവിച്ചാൽ മരണം ഒരു അസ്തമയ സൂര്യനെ പോലെ ആകും. അടുത്ത ഒരു പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനെ പോലെ ഉണർന്നെഴുനേൽക്കാനായി കാത്തു കാത്തു വിശ്രമിക്കും.മരണം എന്ന ഉറക്കത്തിൽ നിന്നും ഉണരുവാനുള്ള ദൈവത്തിന്റെ ഗംഭീര നാദത്തിന് കാതോർത്തു കല്ലറകളിൽ നാം കയറണം. ദൈവഭക്തന്മാർ ദർശനത്തിൽ കണ്ടതും, ഉയർത്തെഴുനേറ്റ ക്രിസ്തു പോയതും ആയ ഒരു സ്വർഗ്ഗം ഉയരത്തിൽ ഉണ്ട്. അവിടെ ലോക സുഖത്തിന്റെ യാതൊരു തേനും ഇല്ല. ഇവിടെ ലോക സുഖത്തിൻ തേൻ നുണഞ്ഞു പറന്നുനടന്നവർ തീപ്പൊയ്കയിൽ തീ പുണരണം എന്ന് ഓർക്കുക.
ജീവിതം ദുരൂഹത നിറഞ്ഞ ഒരു സമസ്യയാണ്. ഇപ്പോഴത്തെ സുഖ സന്തോഷം അടുത്തനിമിഷത്തിലെ കൈപ്പുനീരായി മാറുമോ എന്ന് അറിയില്ല. നാം അത് അതാഗ്രഹിക്കുന്നതും ഇല്ല. കടന്നുപോകുന്ന തീച്ചൂളയുടെ അനുഭവം ചിലർക്കായി ജീവിതം മുഴുവൻ കണ്ടേക്കാം. അതിൽ ദൈവത്തോട് പരിഭവവും ആർക്കും വേണ്ട. വിശ്വസിക്കു മറുകരയിൽ ഒരു മലർവാടിയുണ്ട് മണലാരുണ്യത്തിലെ മരണശബ്ദം ഇല്ലാത്ത മറ്റൊരു നിത്യ തുറമുഖം. അവിടെ ദൈവ സ്നേഹത്തിന്റെ തേൻ ആവോളം നാം നുണയും. യുഗയുഗം ദൈവത്തോട് വസിക്കും. അവിടെ ചെല്ലുമ്പോൾ ആണ് നാം പറുദീസാ വാസികൾ ആകുന്നതും . അതുവരെ നാം ഇവിടെ കേവലം പരദേശികൾ.ലോക സുഖത്തിൻ തേൻ നുണയുന്ന വെറും പൂമ്പാറ്റകൾ. നിത്യ മരണത്തിന്റെ പിടിയിൽ നിന്ന് നിത്യ ജീവന്റെ കൈകളിലേക്ക് എത്തുവാൻ തേനിനേക്കാൾ മധുരമുള്ള ദൈവത്തിൻ വചനവും, ജീവന്റെ അപ്പമായ യേശുവിനെയും നുണഞ്ഞു കൊണ്ട്, മരിക്കുന്നവരായിട്ടല്ല നിത്യമായി ജീവിക്കുവാൻ ദൈവീക നോട്ടത്തിനു മുൻപിൽ നിലനിൽക്കാം. ഇന്നത്തെ വേദനകൾ മാറും, കണ്ണുനീർ തോരും, ബാക്കിയുള്ള ആയുസ് നല്ലൊരു പൂമ്പാറ്റയെ പോലെ പാറിപ്പറന്നു ദൈവ ഇഷ്ടം തീർക്കാം. ജീവിതം അവസാനിക്കുന്നവരെയും നിത്യത യിലേക്കുള്ള മധുര മധു നുണയാം, മറ്റൊരു മരണത്തിലേക്ക് നയിക്കുന്ന ഉദ്യാനത്തിലെ മാരക മധു നുകരാതെ സൂക്ഷ്മതയോടെ
നല്ലൊരു പൊൻ പുലരിക്കായി നമുക്ക് മുന്നേറാം !!!


- Advertisement -