എഡിറ്റോറിയൽ: ആലപ്പാട് രക്ഷയ്ക്കായി നിലവിളിക്കുന്നു

കേരളത്തിൽ പ്രളയം വിഴുങ്ങിയപ്പോൾ സ്വന്തം ജീവൻ പോലും തൃണവത്കരിച്ചുകൊണ്ട് മനുഷ്യ ജീവനെ കൈകളിലേന്തി മരണത്തിൽ നിന്നും ജീവനിലേക്ക് ഉയർത്തിയ കേരളത്തിലെ രക്ഷകരായ മത്സ്യതൊഴിലാളികളായ സഹോദരങ്ങൾ ലോകരാജ്യങ്ങളിൽ പോലും ശ്രദ്ധ നേടി..
സ്വന്തം ജീവനോ ഉപജീവനമോ നോക്കാതെ തങ്ങളുടെ ബോട്ടും തോണിയുമായി അവർ ദുരന്തമുഖത്ത് അണിചേർന്നു.. ഒന്നും തിരികെ പ്രതീക്ഷിച്ചിട്ടല്ല… കൂടപ്പിറപ്പുകളുടെ വേദന കാണുവാൻ കഴിയാഞ്ഞിട്ടാണ്.
എന്നാൽ ഇന്ന് ഒരു കടലോര ഗ്രാമം വിലപിക്കുകയാണ്… അവരുടെ കണ്ണീർ ഒഴുകുകയാണ്. ജീവനും കിടപ്പാടവും നഷ്ടപ്പെടുവാനുള്ള നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു… കുത്തക കമ്പനി അവരുടെ മണ്ണ് ഖനനം ചെയ്യുകയാണ്. കടലിന്റെ മക്കളുടെ നെഞ്ച് പിളർന്നു കൊണ്ട് യന്ത്രങ്ങൾ ചലിക്കുകയാണ്.
അതെ.. കൊല്ലം ജില്ലയിൽ ആലപ്പാട് എന്ന കൊച്ചു ഗ്രാമം..

1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിലൂടെ ആലപ്പാടിനെ കുത്തക കമ്പിനികൾ കേരളത്തിൽ നിന്നും തുടച്ചു മാറ്റുവാനുള്ള ശ്രമത്തിലാണ്.

ഖനനം തീരദേശ ഗ്രാമങ്ങളുടെ നിലനില്പിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ സുനാമി വന്ന സമയത്ത് കേരളത്തിന്റെ ദുരന്തമുഖമായിരുന്നു ഈ പ്രദേശം. അനിയന്ത്രിതമായ കരിമണല്‍ ഖനനത്തിലൂടെ കടല്‍ കര കയറി ദുരന്തം വിതച്ചു കൊണ്ടേയിരുന്നു. പ്രകൃതിക്കും മത്സ്യസമ്പത്തിനും ദോഷകരമായി ബാധിക്കുന്ന ഈ കരിമണൽ ഖനനത്തിനെതിരെ നാം പ്രതികരിക്കേണ്ടിയ സമയം കഴിഞ്ഞിരിക്കുന്നു..

ഖനനം വീണ്ടും തുടർന്നാൽ കൊല്ലം – ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങൾ കടലെടുക്കും എന്ന കാര്യം നിസ്തർക്കമാണ്. ഇത് വീണ്ടും ഒരു മഹാദുരന്തത്തിന് വഴിവെക്കും. അതുകൊണ്ട് തന്നെ വിഷയത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. നവംബർ ഒന്നുമുതൽ പ്രദേശത്ത് ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം ഇനിയും കണ്ടില്ലെന്ന് നടിച്ചുകൂടാ. വിഷയത്തിൽ പ്രതികരിക്കാൻ ഇവിടുത്തെ ജനങ്ങളും നേതാക്കളും മുന്നോട്ട് വരേണ്ടതുണ്ട്.

സ്വന്തം നിലനിൽപ്പ് പോലും അപകടത്തിലായ ആലപ്പാട് നിവാസികളോട് ഞങ്ങൾ ക്രൈസ്തവ എഴുത്തുപുര ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. അവരുടെ ആശങ്കകൾ മാറ്റേണ്ടത് അനുവാര്യമാണ്. അടിയന്തിരമായി കേരള സർക്കാർ ഈ വിഷയത്തിൽ ഇടപെടണം.

. പ്രളയത്തിൽ ആയിരക്കണക്കിന് ജീവൻ രക്ഷിച്ച നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.. ഇതിനായി സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ സഭകളും നേതൃത്വങ്ങളും മുന്നോട്ട് വരണം.

| ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.