എഡിറ്റോറിയൽ:നമ്മുക്കും പണിയാം മതിലുകൾ !! | ആഷേർ കെ മാത്യു, ചീഫ് എഡിറ്റർ

കാലത്തിന്ടെ കുത്തൊഴുക്കിൽ ഒരു സംവത്സരം കൂടി ഇതൾ കൊഴിക്കുന്നു. പുതിയ ഒരെണ്ണത്തിന് നാമ്പ് മുളയ്ക്കുന്നു. ഹിമകണങ്ങൾ വകഞ്ഞുമാറ്റി കുളിരണിഞ്ഞു കടന്നുവരുന്ന പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നാം സ്വീകരിക്കുന്നത്.

ഒരുവർഷത്തെ ജീവിതത്തിലെ കണക്കു നോക്കാൻ നാം തല്പരരാണ്. ഭൗതികനേട്ടങ്ങൾ ഓർമ്മയിൽ സജീവമാണ്. നഷ്ടങ്ങളും അങ്ങനെതന്നെ. രോഗവും മരണവും വിളമോശവും വ്യാപാര നഷ്ടവും എല്ലാം നാം അനുഭവിച്ചിട്ടുണ്ട്.
2018 – ചരിത്രത്തിലും നമ്മുടെ മനസ്സുകളിലും സമ്മാനിച്ച ഓർമ്മകളിൽ പ്രധാനം മഹാപ്രളയം തന്നെയാവും.
പോയവർഷം നമ്മുടെ സമൂഹത്തിൽ ശാന്തിയേക്കാൾ അധികം പുലർന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാൾ മുന്നിട്ടു നിന്നത് സംഘർഷങ്ങളായിരുന്നു.
പ്രളയ മുഖത്തു നിന്നും നാം കണ്ടത് ദുരന്തവും അതിലുപരി പ്രതീക്ഷയുമാണ്. നമ്മുടെ മാനുഷിക ബോധം തിരിച്ചു വരാന്‍ ഇത്തരം ദുരന്തങ്ങള്‍ വരേണ്ടിയിരുന്നു എന്നത് മറ്റൊരു ദുരന്തം. ഈ ദിവസങ്ങളില്‍ കേരളം മാനുഷിക മുഖത്തോടെ ജീവിച്ചു എന്ന് വേണം വിലയിരുത്തുവാൻ. മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്ന് ഈ പ്രളയം നമ്മെ ബോധ്യപ്പെടുത്തി. ഒരു മഴ കൊണ്ട് തീരുന്നതാണ് നമ്മുടെ സൗകര്യങ്ങള്‍!! ഒരു ദിനം കൊണ്ട് നാം പഴയ കാലത്തേക്ക് തിരിച്ചു പോയി. വെളിച്ചവും കുടിവെള്ളവും നെറ്റും ഫോണുമില്ലാത്ത കാലത്തേക്ക് നാം തിരിച്ചു പോയി.
ദുരന്ത മുഖത്തെ നന്മകള്‍ ഇപ്പോള്‍ നമ്മുടെ സാമൂഹിക മാധ്യമങ്ങളില്‍ പറന്നു നടക്കുകയാണ്.
വളരെ നല്ലത്. അതിനിടയില്‍ വരുന്ന തിന്മകളെ നാം ഒന്നിച്ചെതിര്‍ക്കുന്നു. ഇതൊരു നിലപാടായി നാം സ്വീകരിക്കണം. സാമൂഹിക മാധ്യമങ്ങള്‍ പരസ്പരം വിദ്വേഷം വളര്‍ത്തുന്ന ഇടമായി തീരരുത്.
എന്നാൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും കേരളസമൂഹം കരകയറുന്നതിന് മുമ്പ് തന്നെ വീണ്ടും വർഗീയ ചിന്തകളും പൊതുനിരത്തിലെ ഏറ്റുമുട്ടലുകളും നമ്മുടെ ഐക്യത്തെ തകർത്തുകളഞ്ഞത് അമ്പരപ്പോടെയാണ് നാം കണ്ടുനിന്നത്. ജാതിയോ മതമോ പണമൊന്നും നോക്കാതെ കൈകോർത്ത് നിന്ന മലയാളികൾ ദിവസങ്ങൾകൊണ്ട് ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെടുന്നതും നാം കണ്ടു. ഈ അനൈക്യതയും പോർവിളികളുമാണ് വരുന്ന വർഷത്തിലും നമ്മെ ആകുലരാക്കുന്നത്.
പ്രളയ സമയത്ത് വലിയ മതിലുകൾ കെട്ടി സ്വന്തം ലോകത്തേക്ക് ഒതുങ്ങി കൂടിയവർ രക്ഷപ്പെടാനാവാതെ കഷ്ടപ്പെട്ടതും നാം കണ്ടു. വലിയ മതിലുകളും ഗേറ്റുകളും നിഷ്പ്രഭമാക്കി വെള്ളം ആർത്തലച്ച് വീടിന് മുകളിലേക്ക് കയറിയപ്പോൾ അവ തന്നെ രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി മാറി. വലിയ മതിലുകളും ഗേറ്റുകളും നമുക്ക് വേണ്ട എന്ന ആശയം മലയാളികൾ മനസ്സിലാക്കിയ ദിനങ്ങളായിരുന്നു അവ. എന്നാൽ അതുകൊണ്ടുതന്നെ പുതുവർഷപ്പുലരിയിൽ കേരളത്തിൽ ഉയർന്ന മതിൽ നമുക്ക് ആവശ്യമുണ്ടോ എന്ന ചോദിച്ച് പലരും നെറ്റിചുളിച്ചു. വർഗീയതയെ അകറ്റിനിർത്തുന്ന, ഐക്യത്തെ തകർക്കുന്ന, മനുഷ്യനെ വിഭജിക്കുന്ന ശക്തികളെ തടഞ്ഞു നിർത്തുന്ന മതിലുകൾ നാം പണിയുക തന്നെ വേണം.
ദൈവസ്നേഹത്തിന്റെ മതിലുകൾ നമ്മുക്ക് പണിയാം !!
പുതുവർഷത്തിന് പ്രതീക്ഷകൾ ഏറെയാണ്. ലോക മോഹങ്ങളും അധികാരഭ്രമവും ആർഭാട ജീവിതവും പുതുനിയമങ്ങൾ രചിക്കുമ്പോൾ കർത്താവിന്റെ നിയമത്തെ ചേർത്തുപിടിച്ച് ആ വഴിയെ നടക്കാൻ നമുക്ക് കഴിയുമോ എന്നാണ് പുതുവർഷം നമ്മോട് ചോദിക്കുന്നത്.
സ്നേഹത്തിനെയും സഹോദരനെയും കാരുണ്യത്തെയും സനാതനമായ മാനവികമൂല്യങ്ങളെയും മുറുക്കെ പിടിച്ച് അതിലുപരി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശവാഹകരായി പ്രവർത്തിക്കാമെന്ന് പുതുവർഷപുലരിയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രത്യാശയോടെ പുതുവർഷത്തെ വരവേൽക്കാം !! ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ വായനാക്കാർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ !!

ആഷേർ കെ മാത്യു
ചീഫ് എഡിറ്റർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.