ബൈബിളിന്റെ സഹായത്തോടെ കംപ്യൂട്ടര്‍ തര്‍ജ്ജമ: ഗവേഷണം പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്: ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള കംപ്യൂട്ടര്‍ തര്‍ജ്ജമകള്‍ വേഗത്തിലും, കൃത്യമായും ചെയ്യുന്നതിന് ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘ശൈലീ-പരിഭാഷ ആല്‍ഗോരിത’ത്തില്‍ അധിഷ്ഠിതമായ പുതിയ കംപ്യൂട്ടര്‍ പ്രോഗ്രാം പരീക്ഷണ ഘട്ടത്തില്‍. ഇന്ത്യാന യൂണിവേഴ്സിറ്റിയുടെ ഡാര്‍ട്മൗത്ത് കോളേജിലെ ഗവേഷകരാണ് പുതിയ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രോഗ്രാമിനായി പഴയ-പുതിയ നിയമങ്ങളുള്ള 34 ഇംഗ്ലീഷ് ബൈബിള്‍ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും, വ്യാഖ്യാനിക്കപ്പെടുകയും, ക്രമപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള രചന ബൈബിളായതുകൊണ്ടാണ് തങ്ങള്‍ ബൈബിള്‍ തിരഞ്ഞെടുത്തതെന്ന് ഗവേഷകര്‍ പറഞ്ഞു.
ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിന് ‘ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍’ പോലെയുള്ള നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഉണ്ടെങ്കില്‍ പോലും ഇവയുടെ തര്‍ജ്ജമ പലപ്പോഴും കൃത്യമായിരിക്കണമെന്നില്ല. ഒരു ഭാഷയിലെ വാക്കിന്റെ ശൈലിയെ മറ്റൊരു ശൈലിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് വിവിധ പ്രതിബന്ധങ്ങള്‍ ഉണ്ടായിരിക്കെ ബൈബിള്‍ വേര്‍ഷനുകളിലെ വിവിധ ശൈലികളുടെ ആശയത്തെ സ്വാംശീകരിച്ച് വഴി ഈ ന്യൂനത പരിഹരിക്കാമെന്നാണ് ഡാര്‍ട്മൗത്തിലെ ഗവേഷകര്‍ അനുമാനിക്കുന്നത്.
ബൈബിളിന്റെ ഒരു തര്‍ജ്ജമയില്‍ ഏതാണ്ട് 31,000-ത്തിലധികം വാക്യങ്ങളുണ്ട്. ഇതുപയോഗിച്ച് കംപ്യൂട്ടറിനു മനസ്സിലാകുന്ന 15 ലക്ഷത്തോളം സവിശേഷ പദങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. വാക്യത്തിന്റെ നീളം, പദപ്രയോഗം, കാലം എന്നിവയുമായി രചനയുടെ ശൈലി ബന്ധപ്പെട്ടിരിക്കുന്നു. ഈ ശൈലിയെ പരിഭാഷപ്പെടുത്തുക വഴി, ഉള്ളടക്കത്തിലും, അര്‍ത്ഥത്തിലും വ്യത്യാസമില്ലാത്ത മറ്റ് പരിഭാഷകള്‍ തയ്യാറാക്കുവാനുള്ള പദ്ധതിക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡാര്‍ട്മൗത്തിലെ ഗണിത-കംപ്യൂട്ടര്‍ പ്രൊഫസ്സറായ ഡാന്‍ റോക്ക്മോര്‍ പറയുന്നു.