ആസിയക്കു രാജ്യം വിടാനാവില്ല; മരണ വാറന്‍റുമായി പാക്കിസ്ഥാന്‍ ഭരണകൂടം
ഇസ്ലാമാബാദ്: മതനിന്ദ കുറ്റത്തിനുള്ള വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഒഴിവാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനം കടലാസില്‍ മാത്രം ഒതുങ്ങി. ആസിയായെ രാജ്യത്തിന് പുറത്തു വിടാന്‍ അവസരം നിഷേധിച്ച് നോ എക്സിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മോചനത്തിനുള്ള നടപടികള്‍ എടുക്കില്ലായെന്നും ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഇസ്ളാമിക പാര്‍ട്ടിയായ തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിക്കു എഴുതിക്കൊടുത്തു.
സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇമ്രാന്‍ നിലപാട് മാറ്റിയത് അപ്രതീക്ഷിതമായിരുന്നു. പ്രതിഷേധക്കാരെ തടയുമെന്ന് പറഞ്ഞ ഭരണകൂടം ചര്‍ച്ചയ്ക്ക് പിന്നാലെ മലക്കം മറിയുകയായിരിന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തില്ലായെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കുമെന്നും ടിഎല്‍പിക്കു ഭരണകൂടം ഉറപ്പ് നല്‍കി.
അതേസമയം ആസിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണ രക്ഷാര്‍ത്ഥം യൂറോപ്പിലേക്കു പോയി. ആസിയയ്ക്കു വേണ്ടി നിയമയുദ്ധം തുടരേണ്ടതിനാല്‍ താന്‍ ജീവിച്ചിരിക്കേണ്ടതുണ്ടെന്നു അദ്ദേഹം എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ആസിയയെ മോചിപ്പിച്ചാല്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
എന്നാല്‍ ടിഎല്‍പി ചെലുത്തുന്ന സമ്മര്‍ദ്ധത്തില്‍ ഭരണകൂടം വീണുപോകുകയായിരിന്നു. ആസിയയെ മോചിപ്പിക്കും മുന്‌പേ തെരുവിലിറങ്ങിയ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ 120 കോടി ഡോളറിന്റെ (8600 കോടി രൂപ) നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആസിയായുടെ മോചനത്തിനായി ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍.






- Advertisement -